തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്കി വോട്ടു തേടുകയാണെന്ന ശശി തരൂര്‍ എംപിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍. മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണ്. നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാന്‍ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശശി തരൂരിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അപകീര്‍ത്തിപരമായ പ്രസ്താവനക്കെതിരേ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചതായും രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു. ഒരു എംപി എന്ന നിലയില്‍ ശശി തരൂരിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ പ്രകടനം സൂക്ഷ്മ പരിശോധന നടത്തുന്നതില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നിഷ്ഫലശ്രമമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്ന പച്ചക്കള്ളത്തിനു പിന്നിലുള്ളത്. മുന്‍പ് സിഎഎ, മണിപ്പൂര്‍ വിഷയങ്ങളില്‍ പറഞ്ഞതു പോലുള്ള പച്ച നുണയാണ് താന്‍ പണം നല്കി സാമുദായിക വോട്ടുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നതും.
എനിക്കെതിരേ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗൗരവമേറിയ പല ചോദ്യങ്ങള്‍ക്കും ശശി തരൂര്‍ മറുപടി പറയണം, പറയേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി. ഞാന്‍ പണം നല്‍കിയെന്ന് ആരോപിക്കുമ്പോള്‍ അത് ആര് വാങ്ങി എന്നു കൂടി ശശി തരൂര്‍ വ്യക്തമാക്കുക തന്നെ വേണം. രണ്ടമതായി സിറ്റിങ് എംപി എന്ന നിലയില്‍ അദ്ദേഹത്തിനും ഇത്തരം ഒരു അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആരില്‍ നിന്ന് എന്നദ്ദേഹം വ്യക്തമാക്കണം.
ഇന്നാട്ടിലെ സാമുദായിക സംഘടനകളെക്കൂടി അവഹേളിക്കുന്നതാണ് തരൂരിന്റെ വ്യാജ പ്രസ്താവന. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് നിയമപരമായി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കണമെന്നു കൂടി ശശി തരൂര്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. തരൂരിന്റെ രാഷ്ട്രീയ സംസ്കാരമല്ല എന്റേത് പൊതുജീവിതത്തിലെ അഴിമതികള്‍ക്കെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന നരേന്ദ്ര മോദി ജിയുടെ സുധീരമായ നിലപാടുകളാണ് ഞാന്‍ പിന്തുടരുന്നത്.
എന്തായാലും, ഇത്തരം ബാലിശമായ ആരോപണങ്ങളെ ആശ്രയിച്ചല്ല, മറിച്ച് തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്, കുടിവെള്ളം, നൈപുണ്യ വികസനം തുടങ്ങി സമഗ്ര വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാന്‍ മുമ്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഇനിയും തുടരുക തന്നെ ചെയ്യും, അദ്ദേഹം പറഞ്ഞു. അതേ സമയം സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായിത്തന്നെ ഇത്തരം വില കുറഞ്ഞ നീക്കങ്ങളെ നേരിടും. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: