ന്യൂദല്‍ഹി: പ്രമുഖ ചിന്തകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിന്റെ ‘ഹിന്ദുത്വ ഫോര്‍ എ ചേഞ്ചിങ് സൊസൈറ്റി’ എന്ന പുസ്തകത്തിന് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. ഈ പുസ്തകത്തിന്റെ ഹിന്ദി പതിപ്പായ ‘ബദല്‍തെ ദോര്‍ മേം ഹിന്ദുത്വ’ ഒന്നര ലക്ഷത്തിലധികം കോപ്പികളാണ് ഇതിനോടകം വിറ്റുേപായത്. ഇംഗ്ലീഷ് പതിപ്പിന്റെ വില്‍പ്പന ഒരു ലക്ഷത്തിലധികം കോപ്പികള്‍ കടന്നിരിക്കുന്നു. പുസ്തകത്തിന്റെ പ്രസാധകരായ ഇന്‍ഡസ് സ്‌ക്രോള്‍സ് ആണ് സമൂഹ മാധ്യമമായ എക്‌സില്‍ ഈ വിവരം പങ്കുവച്ചത്.
മാറിയ കാലത്ത് ഹിന്ദുത്വം മനസ്സിലാക്കുന്നതിന് ഈ പുസ്തകം സഹായിക്കുന്നു. ഹിന്ദുത്വം എന്നു പറഞ്ഞാല്‍ ദേശീയ പാരമ്പര്യവും ഭാരതീയ ചിന്താപദ്ധതിയുമാണ്. ഇതിന് വിപരീതമായി ഭാരതത്തില്‍ ഇടതുപക്ഷ ശക്തികള്‍ ദേശീയ, രാഷ്‌ട്രീയ വിഷയങ്ങളില്‍ ഹിന്ദുത്വത്തെ സംബന്ധിച്ച ഏതു കാര്യവും പരിശോധന കൂടാതെ തള്ളിക്കളയുന്ന സ്ഥിതിയാണ്.
‘മാറുന്ന കാലഘട്ടത്തില്‍ ഹിന്ദുത്വം’ എന്ന പുസ്തകം മനുഷ്യത്വത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഹിന്ദുത്വത്തെ സംബന്ധിച്ച ചിന്താഗതികള്‍ തള്ളിക്കളയുന്നവരുടെ ദുരുദ്ദേശം തുറന്നുകാട്ടുകയും ചെയ്യുന്നു. ഭാരതീയ സംസ്‌കാരത്തില്‍ അടങ്ങിയിട്ടുള്ള ജ്ഞാനം മനുഷ്യന്റെ ആവശ്യങ്ങള്‍, അവകാശങ്ങള്‍, മൂല്യങ്ങള്‍ ഇവയെക്കുറിച്ച് ഗഹനങ്ങളായ ചിന്തകള്‍ പ്രദാനം ചെയ്യാന്‍ കഴിവുറ്റതാണെന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു.
ലോകത്ത് ശക്തിപ്രാപിച്ചുവരുന്ന ഭാരതത്തിന്റെ സ്വാധീനം ചില സംസ്‌കാരങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോന്നതാണ്. ആര്‍എസ്എസ് പ്രചാരകനായ നന്ദകുമാറിന്റെ ഈ പുസ്തകവും പ്രതിസംസ്‌കാരങ്ങളുടെ പരിമിതികള്‍ തുറന്നുകാട്ടുന്നു.
മറ്റ് ഭാരതീയ ഭാഷകളിലേക്കും പുസ്തകം മൊഴിമാറ്റുമെന്നും, മലയാളത്തിലും മറാഠിയിലുമാണ് ആദ്യം പ്രസിദ്ധീകരിക്കുകയെന്നും ഇന്‍ഡസ് സ്‌ക്രോള്‍സ് ജന്മഭൂമിയോട് പറഞ്ഞു. ഇതിനോടകം 140 പുസ്തകങ്ങള്‍ വായനക്കാരിലെത്തിച്ച് പ്രസിദ്ധീകരണ രംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്‍ഡസ് സ്‌ക്രോള്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: