ന്യൂദല്‍ഹി: ന്യൂനപക്ഷ ക്ഷേമത്തിനായി സച്ചാര്‍, രംഗനാഥ മിശ്ര കമ്മിറ്റി ശിപാര്‍കള്‍ നടപ്പാക്കുമെന്ന വാഗ്ദാനവുമായി സിപിഐ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇന്നലെ ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. മൗലാനാ ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കുമെന്നും പത്രികയിലുണ്ട്.
വാഗ്ദാനങ്ങള്‍ കൊണ്ട് സിപിഎം പ്രകടനപത്രികക്ക് സമാനമാണ് സിപിഐയുടെയും പ്രകടനപത്രിക. സിഎഎ, യുഎപിഎ എന്നിവ റദ്ദാക്കും, ജമ്മുകശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കും, ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കും, കേന്ദ്ര അന്വേഷണ ഏജന്‍സികളെ പാര്‍ലമെന്റിന് കീഴിലാക്കും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്ഷന് സ്കീം തിരികെ കൊണ്ടുവരും എന്നിവയെല്ലാം പ്രധാന വാഗ്ദാനങ്ങളാണ്.
ബിജെപിയെ പരാജയപ്പെടുത്തലാണ് പ്രധാനലക്ഷ്യമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംസ്ഥാനങ്ങളിലെ സാഹചര്യത്തിന് അനുസരിച്ചാണ് മത്സരിക്കുന്നതെന്നും രാജ അഭിപ്രായപ്പെട്ടു. ആകെ എത്ര സീറ്റില്‍ മത്സരിക്കുമെന്ന ചോദ്യത്തിന് അന്തിമ തീരുമാനമായിട്ടില്ലെന്നും 25 മുതല്‍ 30 വരെ സീറ്റുകളില്‍ മത്സരിക്കുമെന്നുമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: