കൊല്ലം: അസിസ്റ്റന്റ് സര്ജന് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 002/2023) പിഎസ്സി എഴുത്തുപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിനു ഹാജരാകാനുള്ള ചുരുക്കപട്ടിക വെട്ടിക്കുറച്ചതായി ഉദ്യോഗാര്‍ത്ഥികളുടെ പരാതി. അംഗപരിമിതരായിട്ടുള്ള 11 പേര് മാത്രമാണുള്ളത്. മെയിന്‍ ലിസ്റ്റില്‍ നിന്ന് 889, സപ്ലിമെന്ററി ലിസ്റ്റില്‍ നിന്ന് 864 ഉള്‍പ്പെടെ ആകെ 1764പേരാണ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ലിസ്റ്റില്‍ അയ്യായിരത്തില്‍പ്പരം ഉദ്യോഗാര്‍ത്ഥികളും അതിനു മുന്‍പ് 8000 ത്തില്‍പ്പരം ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. അസിസ്റ്റന്റ് സര്ജന് തസ്തികയിലെ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളും താരതമ്യം ചെയ്യുമ്പോള്‍ ലിസ്റ്റ് വെറും അപര്യാപ്തമാണ്.
വര്‍ഷങ്ങളായി ഈ തസ്തികയിലേക്ക് നിയമനത്തിനായി തയാറെടുക്കുന്നതും ഇനി അവസരമില്ലാത്തതുമായ ഉദ്യോഗാര്‍ത്ഥികളുടെ സാധ്യത കൂടെ ഇവിടെ നഷ്ടപ്പെടുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. അനേകം ഉദ്യോഗാര്‍ത്ഥികള്‍ ജോയിന്‍ ചെയ്യാതിരിക്കുകയും ഒഴിവുകള്‍ താരതമ്യേന കൂടുതല്‍ ഉള്ളതുമായ മെഡിക്കല്‍ ഓഫീസേഴ്സിന്റെ റാങ്കലിസ്റ്റ് മാത്രമാണ് ഇത്രയും നിരുത്തരവാദപരമായി ചുരുക്കപ്പെടുന്നത്.
പിഎസ്സി ചെയര്മാന് ഉള്‍പ്പെടെയുള്ള അധികാരികള്‍ വിഷയത്തില്‍ ഇടപെട്ട് കട്ട് ഓഫ് മാര്‍ക്കു താഴ്ത്തി മാക്സിമം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ലിസ്റ്റ് വിപുലീകരികരിക്കണമെന്നാണ് ആവശ്യം.
അംഗപരിമിതരായവരുടെ കാറ്റഗറിയില്‍ 11 പേര് മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ ആള്ക്കാര് ഉണ്ടായിരുന്നിട്ടുകൂടി അര്‍ഹരായവര്‍ക്ക് നിയമനം ലഭിച്ചിട്ടും ഈ കാറ്റഗറിയില്‍ ഒഴിവുകള്‍ അധികമായിരുന്നു.
എന്നാല്‍, പട്ടിക വെട്ടിക്കുറച്ചതല്ലെന്നും ഒഴിവുകള്‍ക്ക് ആനുപാതികമായിട്ടാണ് ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതെന്നുമാണ് പിഎസ്സിയുടെ വിശദീകരണം.
അതേസമയം, പിഎസ്സി വഴി സ്ഥിരം നിയമനം ഒഴിവാക്കി എന്‍ആര്‍എച്ച്എം വഴി താത്ക്കാലിക നിയമനം നടത്താനാണ് കട്ട്ഓഫ് മാര്‍ക്ക് കൂട്ടി ചുരുക്കപട്ടിക കുറച്ചതെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: