തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് വിഹിതം അടയ്ക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ വഴിയാധാരമാക്കുന്ന ഇടത് സര്‍ക്കാരിനെതിരെ സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കുന്നതു വരെ സമരമെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്.
എറണാകുളം ബിഎംഎസ് തൊഴിലാളി പഠനകേന്ദ്രത്തില്‍ നടന്ന കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് വിഹിതം അടയ്ക്കാതെ തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
2019ല്‍ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം പ്രാണ്‍ കിറ്റ് വിതരണം നടത്താനും കുടിശ്ശികയുടെ ഒരു ഭാഗം ഒടുക്കുവാനും സര്‍ക്കാരും മാനേജ്മെന്റും തയാറായി.
350 കോടി രൂപയോളം രൂപ ഇനി കുടിശ്ശികയുണ്ട്. ഇനി അടച്ചാലും യഥാര്‍ത്ഥത്തില്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടില്ല. പരിഹാരം സ്റ്റാറ്റിയൂട്ടറി പെന്‍ഷനിലേക്ക് തിരികെ പോവുക എന്നതാണ്.
16 ഡ്യൂട്ടി തികയാത്തതു കാരണം ജീവനക്കാരുടെ ചെയ്ത ജോലിയുടെ കൂലി മാസങ്ങളായി തടഞ്ഞിരിക്കുകയാണ്. ജോലി ചെയ്ത വേതനം തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. ഈ പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും രാജീവന് ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജി. കെ. അജിത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെ. ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍, ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ എം. ആര്. രമേഷ് കുമാര്‍, കെ. വിനയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: