കോട്ടയം: ഈ കൊടുംചൂടില്‍ കോട്ടും ഗൗണും താത്കാലികമായി ഒഴിവാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ ലിലിന് ലാല്‍ കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചു. കൊല്‍ക്കത്ത, മദ്രാസ്, ഡല്‍ഹി ഹൈക്കോടതികളില്‍ ഡ്രെസ് കോഡില്‍ ഇളവ് നല്‍കിയതിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളുടെ ലിങ്ക് സഹിതമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
പല വിദേശരാജ്യങ്ങളിലും അഭിഭാഷകരുടെ വേഷത്തില്‍ കാലോചിതമായ പരിഷ്കാരം കൊണ്ടു വന്നിട്ടുണ്ട് . ചില രാജ്യങ്ങളില്‍ ഷര്‍ട്ടും പാന്റ്സും ധരിച്ച് ഹാജരാകുന്ന അഭിഭാഷകരുമുണ്ട്. അതല്ലെങ്കില്‍ ഇവയ്ക്കുമേല്‍ കോട്ട് മാത്രമായും പലയിടങ്ങളിലും ഡ്രസ്സ് കോഡ് പരിഷ്കരിച്ചു. എന്നാല്‍ ഇന്ത്യയില്‍ കൊളോണിയല്‍ കാലഘട്ടത്തിലെ വേഷവിധാനം തുടരുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയത്തില്‍ ബാറുകളുമായും ജുഡീഷ്യറിയുമായും ചര്‍ച്ച നടത്താന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ അതു സംബന്ധിച്ച നടപടിക്രമകള്‍ മുന്നോട്ടു നീങ്ങിയില്ല. നിലവിലുള്ള ഡ്രസ് കോഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനകാലത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാകുന്ന അഭിഭാഷകരുടെ ഡ്രസ് കോഡില്‍ സുപ്രീംകോടതി ഇളവ് വരുത്തിയിരുന്നു. സുപ്രീം കോടതിയുടെ സെക്രട്ടറി ജനറല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ, അഭിഭാഷകര്‍ക്ക് ‘ വെള്ള ഷര്‍ട്ട് / വെള്ള-സല്‍വാര്‍-കമീസ് / വെള്ള സാരി, പ്ലെയിന്‍ വൈറ്റ് നെക്ക് ബാന്‍ഡ് എന്നിവ ധരിക്കാം’ എന്നായിരുന്നു അന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: