ഭാരത രാഷ്ട്രീയത്തിന്റെ തലക്കുറി മാറ്റിയെഴുതിയ ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് 45-ാം വയസ്സിലേക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി തീര്‍ന്ന ബിജെപി ബാലാരിഷ്ടതകള്‍ താണ്ടി കൗമാരവും യുവത്വവും പിന്നിട്ടാണ് പുതിയ പ്രായത്തിലെക്കെത്തുന്നത്. അംഗത്വത്തില്‍ മാത്രമല്ല, അധികാരത്തിലും പുതിയ പന്ഥാവുകള്‍. 138 വര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസും 100 വര്‍ഷം പിന്നിട്ട കമ്യൂണിസ്റ്റുകളും അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് സമ്മാനം. ഗുജറാത്തിലും ആന്ധ്രയിലുമായി രണ്ടുസീറ്റിലൊതുങ്ങി. ഇന്ദിരാഗാന്ധിയുടെ മരണത്തിന്റെ സാഹചര്യത്തില്‍ മത്സരിച്ച രാജീവ് ഏറ്റവും കൂടിയ ഭൂരിപക്ഷം നേടി. 403 സീറ്റുമായി അധികാരത്തിലെത്തിയ രാജീവ് പിന്നീട് ദയനീയ തോല്‍വി ഏറ്റുവാങ്ങി. തുടര്‍ന്ന് 2004 വരെ കോണ്‍ഗ്രസിന്റെ തലവര തകരാറിലായിരുന്നു.
1984ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടു സീറ്റുകിട്ടിയിട്ടുള്ളൂവെങ്കിലും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ന്നു. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ബിജെപി രാഷ്ട്രീയശബ്ദം ഉയര്‍ത്തുകയും തര്‍ക്കമന്ദിരം പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അയോധ്യയിലെ ജന്മസ്ഥാനത്ത് ഇപ്പോള്‍ ക്ഷേത്രമുയര്‍ന്നിരിക്കുന്നു. 1992 ഡിസംബര്‍ 6ന് നൂറുകണക്കിന് വരുന്ന വിശ്വഹിന്ദു പരിഷത്, ബി.ജെ.പി പ്രവര്‍ത്തകര്‍ ശിലാന്യാസത്തിനായി ശ്രമിക്കുകയും കെട്ടിടം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുമുസ്ലീം അക്രമങ്ങള്‍ അരങ്ങേറി.
1995 മാര്‍ച്ചില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുകയും 1994 ഡിസംബറില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവക്കുകയും ചെയ്തതിലൂടെ ബിജെപിയുടെ പ്രസക്തി കുതിച്ചുയര്‍ന്നു. തുടര്‍ന്ന്, 1996 മെയില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം ലഭിച്ചാല്‍ എ.ബി. വാജ്പേയി പ്രധാനമന്ത്രിയാകും എന്ന് എല്‍.കെ. അദ്വാനി പ്രഖ്യാപിച്ചു.
ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ 1996ലും 1998ലും 1999ലും ലോകസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നുവെങ്കിലും 1996ല്‍ തെരഞ്ഞെടുപ്പിന് ശേഷം 161 സീറ്റുകള്‍ നേടിയ ബിജെപി സഖ്യത്തിലൂടെ 13 ദിവസം പ്രധാനമന്ത്രി പദത്തില്‍ എത്തിയ എ.ബി. വാജ്പേയി, ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം (എന്‍ഡിഎ) 182 സീറ്റുകള്‍ നേടുകയും പ്രധാനമന്ത്രി പദത്തില്‍ എ.ബി. വാജ്പേയി അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. പക്ഷെ, ജയലളിതയുടെ നേതൃത്വത്തിലുണ്ടായിരുന്ന പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഭരണം തകരുകയും 1999ല്‍ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. 1999ല്‍ ബിജെപി ഒറ്റയ്ക്ക് 183ഉം ബിജെപി സഖ്യമായ എന്‍ഡിഎ, 303ഉം സീറ്റുകള്‍ നേടിയതോടെ എ.ബി. വാജ്പേയി മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും 2004 വരെ ഭരിക്കുകയും ചെയ്തു. എല്‍.കെ. അദ്വാനി, ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലവഹിച്ചു.
ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി 2004ലെ പതിനാലാം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിക്ക് കടുത്ത ഭരണ വിരുദ്ധ വികാരം നേരിടേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ 138 സീറ്റുകളാണ് പാര്‍ട്ടിക്ക് ആകെ നേടാന്‍ കഴിഞ്ഞത്. 145 സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുപിഎ (335/545) സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു. (യുപിഎ) നേതൃത്വത്തില്‍ മന്മോഹന് സിംഗ് ആദ്യമായി പ്രധാനമന്ത്രിയായി.
2009-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പതിനാലാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ.അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ച് ബിജെപി മത്സരിച്ചെങ്കിലും 116 സീറ്റും 18.8 % വോട്ടുമായി വീണ്ടും പ്രതിപക്ഷത്ത് തുടരേണ്ടി വന്നു. 2009ലെ പതിനഞ്ചാം ലോക്സഭ തെരഞ്ഞെടുപ്പില്‍ 206 സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്മോഹന് സിംഗ് രണ്ടാം തവണയും പ്രധാനമന്ത്രിയായി.
2013 ല്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. രണ്ടാം മന്മോഹന് സര്‍ക്കാരില്‍ നടന്ന അഴിമതി കുംഭകോണങ്ങളും യുപിഎ സഖ്യ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. 2009ല്‍ 206 സീറ്റ് നേടിയ കോണ്‍ഗ്രസ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 44 സീറ്റിലേക്ക് ഒതുങ്ങി മാറിയപ്പോള്‍ ബിജെപി 118 സീറ്റില്‍ നിന്ന് 282 സീറ്റിലേക്ക് കുതിച്ചുകയറി.
2014ലെ ചരിത്ര വിജയത്തിലേക്ക് ബിജെപിയെ കൈ പിടിച്ചുയര്‍ത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ പതിനാറാം ലോക്സഭയില്‍ 282 സീറ്റ് നേടിയ ബിജെപി സഖ്യകക്ഷികളടക്കം ആകെ 336 സീറ്റുകള്‍ നേടി എന്‍ഡിഎ സഖ്യം ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു.
ജമ്മു & കാശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റ് നേടിയ ബിജെപി 28 സീറ്റ് നേടിയ പിഡിപിയുമായി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ആദ്യമായി ജമ്മു & കശ്മീരില്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രി പദം പിഡിപിക്ക് വിട്ടുകൊടുത്ത് ഉപമുഖ്യമന്ത്രി പദം അടക്കമുള്ള കാബിനറ്റ് വകുപ്പുകളും ബിജെപി കൈകാര്യം ചെയ്തു. സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ 2018ല്‍ പിന്‍വലിച്ച ബിജെപി ജമ്മു & കശ്മീരിനെ 2018 മുതല്‍ ഗവര്‍ണര്‍ ഭരണത്തിന് കീഴിലാക്കുകയും 2019 ഓഗസ്റ്റ് 5ന് സംസ്ഥാന അധികാരം പിന്‍വലിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. 1947 മുതല്‍ ജമ്മു & കശ്മീരിന് മാത്രമായി സംസ്ഥാനത്തിന്റെ സ്വയം ഭരണം ഉറപ്പാക്കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 2019 ഓഗസ്റ്റ് 5ന് റദ്ദ് ചെയ്ത് കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് പതിറ്റാണ്ടായി തുടര്‍ന്നു വന്ന കശ്മീര്‍ നുഴഞ്ഞു കയറ്റത്തിന് ഒരു പരിധി വരെ ശമനം ഉണ്ടായി.
2016 നവംബര്‍ എട്ടിന് നോട്ടു നിരോധനം നടപ്പില്‍ വരുത്തി സമ്പൂര്‍ണ ഡിജിറ്റല്‍ യുഗത്തിലേക്ക് ചുവട് വച്ച ഭാരതം 2017ല്‍ ജിഎസ്ടി ബില്‍ നടപ്പിലാക്കി. നടപ്പില്‍ വരുത്തിയ പദ്ധതികള്‍ ഒക്കെയും താഴെ തട്ടിലെ ജനങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച ബിജെപി 2019ലെ പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം കരസ്ഥമാക്കി. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 303 സീറ്റ് നേടിയ ബിജെപിയുടെ നേതൃത്വത്തില്‍ 354 സീറ്റുകള്‍ വിജയിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എന്‍ഡിഎ സഖ്യം നിലവില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്നു.
ഇതുവരെ ആകെ അഞ്ചു തവണ ബിജെപി രാജ്യത്തിന്റെ അധികാരം നിയന്ത്രിച്ചു. നിലവില്‍ പതിനേഴ് സംസ്ഥാനങ്ങളില്‍ ഭരണ പങ്കാളിത്തവും പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നേരിട്ട് ഭരണത്തിലുമാണ്. പ്രധാനമന്ത്രിയായ നരേന്ദ്ര മോദി എത്തിയത് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലും ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലും തുടര്‍ന്ന ശേഷമാണ്. എന്നാല്‍ ബിജെപിയെ രാജ്യത്ത് ആകമാനം ചലനാത്മക ശക്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എല്‍.കെ.അദ്വാനിക്ക് ഭാരതരത്നം നല്കി ആദരിച്ചു.
ജനസംഘം രൂപീകരിച്ച കാലം മുതല്ക്കുള്ള ആശയങ്ങളിലൂന്നിയാണ് ബിജെപിയുടെ ഇന്നത്തെ സംഘടനാ സംവിധാനം മുന്നോട്ട് പോവുന്നത്. ആദ്യ കാലങ്ങള്‍ മുതല്‍ 2009 വരെ എ.ബി.വാജ്പേയി, എല്‍.കെ.അദ്വാനി എന്നിവരില്‍ കേന്ദ്രീകരിച്ച പാര്‍ട്ടിയെ 2014ലെ ചരിത്ര വിജയം നേടിയ ശേഷം ദേശീയ രാഷ്ട്രീയത്തില്‍ നയിക്കുന്നത് നരേന്ദ്ര മോദി അമിത് ഷാ ജെ.പി. നദ്ദ എന്നിവരുടെ കൂട്ടായ നേതൃത്വമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആചരിച്ചത് ബിജെപി ഭരണത്തിലാണ്. 100-ാം വാര്‍ഷികവും ബിജെപി ഭരണത്തില്‍ തന്നെയാകുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: