Categories: Vasthu

ആരാധനാലയങ്ങള്‍ക്കു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

Published by

പഴയൊരു വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

പഴയൊരു കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍, കെട്ടിടത്തിന്റെ അസ്ഥിവാരത്തെപ്പറ്റി അറിവുണ്ടായിരിക്കണം. താമസിച്ചു കൊണ്ടിരിക്കുന്ന ഗൃഹം വാസ്തു നിയമപ്രകാരമാണങ്കില്‍ രണ്ടാമത്തെനില പണിയുവാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ വാസ്തുനിയമപ്രകാരം താമസിച്ചുകൊണ്ടിരിക്കുന്ന ഭാഗം ക്രമീകരിച്ച ശേഷം മാത്രമേ രണ്ടാമത്തെ നില പണിയാവൂ. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് കന്നിമൂല ഭാഗം മുതല്‍ കെട്ടിത്തുടങ്ങണം. വടക്കുകിഴക്കേഭാഗം കെട്ടിടത്തിന്റെ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍ സ്‌പേസ് ആയിട്ടോ ഇടുന്നത് ഉത്തമമാണ്. താഴത്തെ നിലയുടെ പൊക്കത്തേക്കാള്‍ മൂന്നിഞ്ച് എങ്കിലും രണ്ടാമത്തെ നില പൊക്കക്കുറവുണ്ടായിരിക്കണം.

പുറത്താണ് സ്‌റ്റെയര്‍ കെയ്‌സ് എങ്കില്‍ മൂലചേര്‍ത്ത് പടിക്കെട്ട് ആരംഭിക്കരുത്. വീട്ടിനകത്താണെങ്കില്‍ മധ്യഭാഗത്തുനിന്നും ആരംഭിക്കരുത്. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ നിലയ്‌ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

ദേവാലയങ്ങളുടെ അടുത്തുനിന്നും എത്ര അകലെ യാണ് വീടുകള്‍ പണിയേണ്ടത്?

ദേവാലയങ്ങളുടെ അടുത്തുനിന്ന് മിനിമം അമ്പതു മീറ്ററെങ്കിലും അകലെയായിരിക്കണം വീടു വയ്‌ക്കേണ്ടത്. ദേവാലയത്തിനും വീടിനും ഇടയ്‌ക്കു പൊതുവഴിയോ റോഡോ ഉണ്ടെങ്കില്‍ പ്രസ്തുത അകലത്തിന്റെ പകുതി കണക്കെടുത്താല്‍ മതിയാകും. ഉഗ്രമൂര്‍ത്തികളായ ദേവന്റെയോ ദേവിയുടെയോ മുന്‍വശത്തും വലതുഭാഗത്തും വീടുകള്‍ വയ്‌ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാന്തസ്വരൂപരായ ദേവന്റെയോ ദേവിയുടെയോ മുന്‍ഭാഗത്തും വലതുഭാഗത്തും വീടുകള്‍ പണിയാം എന്നു ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെങ്കിലും സാമാന്യം അകലം വിട്ടു തന്നെയായിരിക്കണം വാസസ്ഥലങ്ങള്‍ പണിയേണ്ടത്. അതുപോലെ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരത്തെക്കാള്‍ പൊങ്ങി വീടുപണി യുമ്പോള്‍ നേരത്തേ പറഞ്ഞിരുന്ന അമ്പതു മീറ്റര്‍ അകലം കര്‍ശനമായി പാലിക്കേണ്ടതാണ്. ഉഗ്രമൂര്‍ത്തികളുടെ നടയ്‌ക്ക് നേരേ നൂറു മീറ്ററെങ്കിലും വാസഗൃഹത്തിന് അകലം പാലിക്കേണ്ടതാണ്.

വീടിനു ജാതകമുണ്ടെന്ന് പറയുന്നത് ശരിയാണോ?

ശരിയാണ്. മനുഷ്യരെപ്പോലെ തന്നെ വീടിനും ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ ഉണ്ട്. മരണം എന്ന അഞ്ചാമത്തെ അവസ്ഥയില്‍ വീടിനെ സാധാരണ എത്തിക്കാറില്ല. വീടിന്റെ ചുറ്റളവു കണക്കെടുക്കുമ്പോള്‍ മരണം എന്നുള്ള രീതിയില്‍ എത്തിക്കുവാന്‍ പാടില്ല. സാധാരണ രീതിയില്‍ കൗമാരദശയിലും യൗവനദശയിലും ചുറ്റളവിന്റെ കണക്കു നിര്‍ത്തുന്നതാണ് ഉത്തമം. സാധാരണ വാസ്തു ദോഷമായിട്ട് വീടു പണിഞ്ഞാലും ബാല്യദശയില്‍ അധികം കുഴപ്പങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ കൗമാരദശ തുടങ്ങുമ്പോള്‍ മുതല്‍ വാസ്തു സംബന്ധമായ ദോഷങ്ങള്‍ അനുഭവിച്ചു തുടങ്ങും.

വീടു പണിയുന്നതിനു വേണ്ടി വൃക്ഷങ്ങള്‍ മുറിക്കുന്നതിനു അനുകൂലമായ ദിവസങ്ങളും മറ്റു കാര്യങ്ങളും?

കൃഷ്ണപക്ഷത്തില്‍ രേവതി, രോഹിണി എന്നീ നക്ഷത്രങ്ങള്‍ ഒത്തുവരുന്ന ദിവസങ്ങള്‍ അനുകൂലമാണ്. കൂടാതെ ബുധന്‍, വ്യാഴം ദിവസങ്ങള്‍ ഉത്തമവും ഞായര്‍, വെള്ളി എന്നീ ദിവസങ്ങള്‍ മധ്യമവും ആണ്. കറുത്ത വാവ്, വെളുത്ത വാവ് തുടങ്ങി അഞ്ചുദിവസം മരം മുറിക്കുന്നതു നന്നല്ല. വീടിന്റെ പൂമുഖ വാതിലിന് കഴിയുന്നതും പ്ലാവ്, തേക്ക്, ആഞ്ഞില്‍, മഹാ ഗണി എന്നീ വൃക്ഷത്തിന്റെ തടികള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്. കഴിയുമെങ്കില്‍ ഒരിനം തടിതന്നെ വീടിന്റെ ആവശ്യത്തിനു വേണ്ട എല്ലാത്തിനും ഉപയോഗിക്കുന്നതും നല്ലതാണ്. ഊര്‍ജപ്രവാഹത്തെ ക്രമീകരിക്കുന്നതിന് ഇതു വളരെയധികം ഉപകാരം ചെയ്യും.

പുതിയ വീടു പണിയുമ്പോള്‍ പഴയ വീടു പൊളിച്ച തടികള്‍ ഉപയോഗിക്കാതിരിക്കുന്നത് വളരെ നല്ലതാണ്. നല്ല തടി കൊണ്ടു പണിഞ്ഞിട്ടുള്ള വീടുകള്‍ക്ക് അതിന്റേതായ ഗുണവും അതില്‍ വസിക്കുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

ആരാധനാലയങ്ങള്‍ക്കു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

വീടു പണിയുമ്പോള്‍ ആരാധനാലയങ്ങള്‍ ഏതു മതത്തില്‍പ്പെട്ടതായാലും ഒരേ രീതിയില്‍ത്തന്നെ നിശ്ചിത അകലം പാലിക്കണം. ഹൈന്ദവ ദേവാലയങ്ങളില്‍, ഉഗ്ര മൂര്‍ത്തികളുടെ ക്ഷേത്രങ്ങളുടെ അടുത്തു വീടു വയ്‌ക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി, യക്ഷിയമ്മ, ദുര്‍ഗ, ശിവക്ഷേത്രങ്ങള്‍ എന്നിവയുടെ മുന്‍ഭാഗത്തു വീടുവയ്‌ക്കുമ്പോള്‍ വാസ്തുനിയമപ്രകാരമുള്ള ദൂരം പാലിക്കേണ്ടതാണ്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുവശത്തും ക്ഷേത്രത്തോടു ചേര്‍ത്ത് ഗൃഹം പണിയുന്നത് ആപത്താണ്. എന്നാല്‍

പിറകുവശത്തും ഇടതുവശത്തും ഗൃഹം വരുന്നതില്‍ തെറ്റില്ല. സൗമ്യസ്വഭാവമുള്ള വിഷ്ണു, കൃഷ്ണന്‍, ഭഗവതി, ഗണപതി എന്നീ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുഭാഗത്തും ഗൃഹം പണിയുന്നതില്‍ തെറ്റില്ല. പൊതുവായി പറഞ്ഞാല്‍ ആരാധനാലയങ്ങളുടെ മതിലിനോടു നിശ്ചിത അകലം പാലിക്കാതെ പണിയുന്ന ഗൃഹങ്ങള്‍ക്ക് ദോഷഫലങ്ങളാണ് അനുഭവപ്പെടുക.

കുട്ടികളുടെ പഠനം അവരുടെ ആരോഗ്യം എന്നിവ നിലനിര്‍ത്തുന്നതിന് ഒരു ഗൃഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍?

കുട്ടികളുടെ പഠനമുറികള്‍ കിഴക്കുവശത്തോ, പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. പഠനത്തിനുള്ള മേശയും കസേരയും ഒന്നുകില്‍ കിഴക്കോട്ടു നോക്കി ഇടണം. അല്ലെങ്കില്‍ പടി ഞ്ഞാറോട്ടു നോക്കി ഇടണം.

പുലര്‍ച്ചെ, കിഴക്കോട്ടുനോക്കിയിരുന്ന് പഠിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ പടിഞ്ഞാറോട്ടു നോക്കിയിരുന്ന് പഠിക്കുന്നത് സന്ധ്യക്കു ശേഷം നല്ലതാണ്. കുട്ടികളുടെ മുറി രൂപകല്‍പ്പന ചെയ്യുമ്പോള്‍ സമചതുരമായി ഇരിക്കുന്നതു നല്ലതാണ്. കട്ടില്‍ ഇടുന്നത് കിഴക്കോട്ടു തലവച്ചു കിടക്കുന്ന രീതിയിലായിരിക്കണം. വാതില്‍ തുറക്കുന്ന ദിശയില്‍ തല വച്ചു കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ അലമാരകള്‍ വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് തുറക്കുന്ന രീതിയില്‍ ക്രമീകരിക്കണം. എട്ടു വയസ്സ് പ്രായം ചെന്നാല്‍ കുട്ടികള്‍ ആണായാലും പെണ്ണായാലും പ്രത്യേകം മുറിയില്‍ കിടത്തി ശീലിപ്പിക്കേണ്ടതാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍പ്പിച്ചു പഠിപ്പിക്കുന്നത് ഏറ്റവും ഉത്തമമാണ്.
(തുടരും)

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക