കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയിലാണ് അംഗം. ഇന്ദിരാഗാന്ധിയും സുഷമ സ്വരാജും ജയലളിതയും രാജ്യസഭയിലും വനിതാ ശബ്ദമായിരുന്നു. 1952 ഏപ്രില്‍ 3 ന് നടന്ന ആദ്യ രാജ്യസഭ തെരഞ്ഞെടുപ്പില്‍ 210 അംഗങ്ങളില്‍ 15 പേര് വനിതകള്‍. അതില്‍ കേരളത്തില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. പക്ഷേ മലയാളി ഉണ്ടായിരുന്നു. ഇപ്പോള്‍ രാജ്യസഭയില്‍ 27 വനിതാ അംഗങ്ങള്‍.
ഏഴു പതിറ്റാണ്ടിനിടെ 170 നടുത്ത് വനിതകള്‍ രാജ്യസഭയിലെത്തി. സ്ത്രീ ശാക്തീകരണവും വനിതാ ക്ഷേമവും ആഘോഷിക്കുന്ന കേരളത്തിന്റെ പ്രകടനം ഇക്കാര്യത്തില്‍ നിരാശാ ജനകം. 130 പേരെ അയയക്കാനുള്ള അവസരം ലഭിച്ചു. കേരളത്തില്‍നിന്ന് ഇതുവരെ ജയിപ്പിച്ചത് അഞ്ചു വനിതകളെ മാത്രം.
കോണ്‍ഗ്രസിന്റെ കെ ഭാരതി ഉദയഭാനു. രാജ്യസഭയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത ആദ്യ സ്ത്രീ. 1958 ഏപ്രില്‍ മൂന്നുമുതല്‍ 1968 ഏപ്രില്‍ രണ്ടുവരെ പത്തു വര്‍ഷം രാജ്യസഭയില്‍ ഉണ്ടായി. എഴുത്തുകാരനും കെപിസിസി പ്രസിഡന്റുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഭാര്യ. മാവേലിക്കര സ്വദേശി. ഭാരതിയുടെ ‘അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്’ എന്ന ആത്മകഥയ്ക്ക് 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
. 1962 മുതല്‍ 1968 വരെ ദേവകി ഗോപിദാസും 1974 മുതല്‍ 1980 വരെ ലീല ദാമോദര മേനോനും രാജ്യസഭയില്‍ കേരളത്തിന്റെ പ്രതിനികളായി. കോട്ടയം കാരാപ്പുഴ സ്വദേശിയായ ദേവകി തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും (1948) തിരുകൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി കോട്ടയത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷണറായും പ്രവര്‍ത്തിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ അംഗമായിരുന്നു. 1973 ല്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ നടന്ന വിമാനപകടത്തില്‍ കൊല്ലപ്പെട്ടു.
ദേവകിയും ഭാരതിയും ആറുവര്‍ഷം ഒരുമിച്ച് സഭയിലുണ്ടായിരുന്നു.
1957, 1960 തെരഞ്ഞെടുപ്പുകളില്‍ കുന്ദമംഗലത്തേയും 1987ല്‍ എട്ടാം നിയമസഭയില്‍ പട്ടാമ്പിയേയും നിയമസഭയില്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ലീലാ ദാമോദര മേനോന്, മുന്‍മന്ത്രിയും ലോകസഭാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോനെയാണ് വിവാഹം ചെയ്തത്. ‘ചേട്ടന്റെ നിഴലില്‍’ എന്ന ജീവചരിത്രഗ്രന്ഥത്തിന് 1986 ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1980 നുശേഷം മൂന്നു പതിറ്റാണ്ട് രാജ്യസഭയില്‍ മലയാളി വനിതാ ശബ്ദം മുഴങ്ങിയില്ല. 2010ല്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി ഡോ. ടി എന്‍. സീമ രാജ്യസഭയിലെത്തി. പറയത്തക്ക രാഷ്ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന സീമ രാജ്യസഭ കാലാവധി കഴിഞ്ഞ് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയക്ക് മത്സരിച്ചെങ്കിലും മൂന്നാമതായി.
കോണ്‍ഗ്രസിന്റെ ജെബി മേത്തറാണ് നിലവില്‍ രാജ്യസഭയില്‍ കേരളത്തിന്റെ വനിത പ്രതിനിധി. പറയത്തക്ക രാഷ്ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന ജെബി 2022 ഏപ്രില്‍ 4നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിന്റെ പ്രതിനിധികളായല്ലങ്കിലും രാജ്യസഭാംഗമായ മലയാളി വനിത കേന്ദ്രമന്ത്രിയും ആയിട്ടുണ്ട്. മൂന്നു തവണ(1952, 1954, 1960 ) ബിഹാറില്‍നിന്ന് രാജ്യസഭയിലെത്തിയ ലക്ഷ്മി എന്‍. മേനോന്, ജവഹര്‍ലാല്‍ നെഹ്റുവിന്റേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും മന്ത്രിസഭകളില്‍ വിദേശകാര്യ സഹമന്ത്രി. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി എന്‍ മേനോന്. 1948 ലും 1950 ലും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗം. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
1957-60 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍നിന്ന് മലയാളിയായ അമ്മു സ്വാമിനാഥനും കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയില്‍ എത്തി. പാലക്കാട്ടുകാരിയായ അമ്മു സ്വാമിനാഥന് 1952 ല്‍ ഡിണ്ഡിഗലില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചിരുന്നു. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി, പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി എന്നിവര്‍ മക്കളാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷണി അലി, ക്യാപ്റ്റന്‍ ലക്ഷിയുടെ മകളാണ്. ഇന്ത്യന്‍ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നര്‍ത്തകിയും നടിയുമാണ്.
പി ടി ഉഷയും നിലവില്‍ രാജ്യസഭയിലെ മലയാളി മങ്കയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷയെ 2022 ജൂലൈ 6ന്, നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: