ന്യൂദല്‍ഹി: ഭാരതത്തിന് ഭീഷണിയായ ഭീകരരെ പാകിസ്ഥാന് മണ്ണില്‍ വച്ച് വകവരുത്തുന്നുവെന്ന ആരോപണം തെറ്റായതും വിദ്വേഷ ജനകവും ഭാരത വിരുദ്ധ പ്രചാരണവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെയും മാതൃകയില്‍ ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ റോ പാക് മണ്ണില്‍ ഭീകരരെ വകവരുത്തുന്നുവെന്നാണ് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് ഭാരതം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭാരതത്തിന്റെ നയമല്ലെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2020 മുതല്‍ പാകിസ്ഥാനില്‍ ഏതാണ്ട് 20 ഭീകരരെയെങ്കിലും റോ വകവരുത്തിയതായിട്ടാണ് ബ്രിട്ടീഷ് പത്രം ആരോപിക്കുന്നത്.
ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനികള്‍ ഉള്‍പ്പടെയുള്ള ഭീകരരെ വിദേശമണ്ണില്‍ വച്ച് വകവരുത്തുകയാണ് ചെയ്യുന്നതെന്ന് ഭാരത, പാക് രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളെന്ന് അവകാശപ്പെട്ടാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ആയതോടെ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും അജ്ഞാതരായ തോക്കുധാരികളാണ് കൊലപാതകത്തിനു പിന്നിലെന്നും ഗാര്ഡിയന് പറയുന്നത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്
ശേഷം ആക്രമണ ഭീഷണികളെ മുന്‍കൂട്ടി കണ്ട് ചെറുക്കുകയെന്ന തന്ത്രമാണ് ഭാരതം ആവിഷ്കരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.
മൊസാദിന്റെയും കെജിബിയുടെയും മാതൃകയിലാണ് ഇത്തരം ഉന്മൂലനം എന്ന ആക്ഷേപങ്ങളെ ഭാരത സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുഎഇയില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത ഇന്റലിജന്‍സ് സ്ലീപ്പര്‍ സെല്ലുകളാണ് ഈ കൊലപാതകങ്ങള്‍ നടത്തുന്നതെന്നാണ് പാക് ഇന്റലിജന്‍സ് ആരോപിക്കുന്നത്. കൊലപാതകത്തിനായി വ്യാജ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ജിഹാദിസ്റ്റുകളെയോ, പ്രാദേശിക ക്രിമിനലുകളെയോ ഉപയോഗിച്ചാണ് കൊല നടത്തുന്നതെന്നും പാകിസ്ഥാന് ആരോപിക്കുന്നു.
എയര്‍ ഇന്ത്യ വിമാനം തട്ടിയെടുത്ത കേസിലെ പ്രതിയായ ഭീകരന് സാഹിദ് അഖുണ്ടിന്റെ കൊലപാതകമാണ് ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. നിരവധി മാസങ്ങള്‍ അഖുണ്ടിന്റെ സഞ്ചാര പഥങ്ങളെ കുറിച്ച് റോയുടെ ഏജന്റ് വിവരം ശേഖരിച്ചിരുന്നുവെന്നും 2022 മാര്‍ച്ചില്‍ അഖുണ്ടിനെ കറാച്ചിയില്‍ വെടിവച്ചുകൊന്നശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിലര്‍ക്ക് വലിയ തുക കൈമാറിയെന്നും ഗാര്ഡിയന് പറയുന്നു.
കൃത്യത്തിന് ശേഷം കൊലയാളികള്‍ അതിര്‍ത്തി വഴി രക്ഷപ്പെട്ടെങ്കിലും, അവരെ ഏകോപിപ്പിച്ചവരെ പിന്നീട് പാക് സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയിരുന്നു.
ഭാരത ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ ഭീകരരെ കൊന്നൊടുക്കുന്ന നയം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. യുഎഇയില്‍ ഈ സ്ലീപ്പര്‍ സെല്ലുകളെ നിയോഗിക്കാന്‍ ഏകദേശം രണ്ടുവര്‍ഷം സമയമെടുത്തുകാണുമെന്നും ഒരു പാകിസ്ഥാനി ഉദ്യോഗസ്ഥന് ഗാര്‍ഡിയനോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഭീകരരെ ഉന്മൂലനം ചെയ്യുന്നത് പാകിസ്ഥാന് തന്നെയാകാമെന്നും അതിന്റെ പഴി ഭാരതത്തിന്റെ തലയില്‍ വയ്ക്കുകയാണെന്നുമാണ് റോയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: