ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ജഗന്നാഥ ഭവനില്‍ വെച്ചാണ് സുമലത ബിജെപി അംഗത്വം സ്വീകരിച്ചത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആര്‍. അശോക് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സുമലതയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.
മാണ്ഡ്യ സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസിന് ഒഴിഞ്ഞുകൊടുക്കുമെന്ന് സുമലത അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയാണ് എന്‍ഡിഎയ്‌ക്ക് വേണ്ടി മാണ്ഡ്യയില്‍ മത്സരിക്കുന്നത്. കുമാരസ്വാമിയുടെ വിജയത്തിന് പൂര്‍ണ പിന്തുണ സുമലത പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്നും, അഞ്ചു വര്‍ഷം മുന്‍പ് മാണ്ഡ്യ മണ്ഡലത്തില്‍ ചരിത്ര വിജയം നേടിയിരുന്നെന്നും, ആ സന്ദര്‍ഭം മറക്കാനാവില്ലെന്നും സുമലത പറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങളും ആരാധകരുമാണ് എന്റെ നട്ടെല്ല്, അഞ്ചു വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ പിന്തുണച്ചിരുന്നു, അതു ഞാന്‍ ഒരിക്കലും മറക്കില്ല. മോദിയെ പ്രധാനമന്ത്രിയാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്, പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം സുമലത പറഞ്ഞു.
ഈ വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുമലത വ്യക്തമാക്കി. എന്നാല്‍ മാണ്ഡ്യ വിടുകയാണെന്നല്ല ഇതിനു അര്‍ത്ഥം. ഇനി ഒരു സ്വതന്ത്രയായിട്ടല്ല 2047-ഓടെ വികസിത ഭാരതം വിഭാവനം ചെയ്യുന്ന ഒരു പാര്‍ട്ടിയുടെ പിന്തുണയുള്ളയാളായി ജനങ്ങള്‍ തന്നെ കാണുമെന്ന് അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ഒരു സ്വതന്ത്ര എംപിയായിരുന്നിട്ടും മാണ്ഡ്യയ്‌ക്ക് 4000 കോടി രൂപ അനുവദിച്ചുവെന്നും സുമലത പറഞ്ഞു. പണ്ട് കോണ്‍ഗ്രസിന് സുമലതയെ ആവശ്യമില്ലായിരുന്നു, ഇപ്പോള്‍ തനിക്ക് അവരുടെ ആവശ്യമില്ല. ഭാവിയിലും ആവശ്യമില്ല, സുമലത കൂട്ടിചേര്‍ത്തു.
2019 ലെ തെരഞ്ഞെടുപ്പില്‍ സുമലതയെ പിന്തുണച്ച് മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. മാത്രമല്ല 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുമലത ബിജെപിയെ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക