ന്യൂദല്‍ഹി:ഈ ദശകത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിലേക്ക് കുതിക്കുമെന്നും 2031 കഴിയുന്നതോടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പത്ര.
രാജ്യത്തിന്റെ വെല്ലുവിളികള്‍ മറികടക്കാന്‍ വേണ്ട ഊര്‍ജ്ജവും പരിവര്‍ത്തനങ്ങളും കണക്കിലെടുത്താല്‍ 2050ല്‍ അമേരിക്കയെപ്പോലും പിന്തള്ളി ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മൈക്കല്‍ പത്ര പറഞ്ഞു. ജപ്പാനിലെ ക്യോട്ടോയില്‍ ആഗോള ഇന്‍വെസ്റ്റ് ബാങ്കായ നോമുറയുടെ 40ാം സെന്‍ട്രല്‍ ബാങ്കേഴ്സ് സെമിനാറില്‍ ‘ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ഓടെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ഇന്ത്യയുടെ നിക്ഷേപം ജിഡിപിയുടെ ആറ് ശതമാനമായി ഉയരുമെന്നും ഇപ്പോഴത് വെറും 4.6 ശതമാനം മാത്രമാണെന്നും മൈക്കേല്‍ ദേബബ്രത പത്ര പറയുന്നു.
“കോവിഡിന് ശേഷം ഇന്ത്യയുടെ വളര്‍ച്ച മുകളിലോട്ടുള്ള ഒരു കുതിപ്പിലാണ്. കോവിഡ് ആഘാതം വരുന്നതിന് മുന്‍പ് 2000ല്‍ തന്നെ ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനമായിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ വളര്‍ച്ച പലരെയും അത്ഭുതപ്പെടുത്തുകയാണ്. ഐഎംഎഫ് തന്നെ ഇന്ത്യയുടെ വളര്‍ച്ച പുനരവലോകനം ചെയ്യുകയും 2023 ഏപ്രില്‍ മുതല്‍ 2024 ജനവരി വരെ 80 ബേസിസ് പോയിന്‍റ് കൂട്ടിയിരിക്കുകയുമാണ്. ഈ കണക്കനുസരിച്ച് ഈ ദശകത്തില്‍ തന്നെ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയായി മാറും. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി (പിപിപി) കണക്കിലെടുത്താല്‍ ഇന്ത്യയുടെ സമ്പദ്ഘടന ഇപ്പോഴേ ലോകത്തിലെ മൂന്നാമതാണ്. ” – മൈക്കേല്‍ പത്ര വിശദീകരിക്കുന്നു. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക ഉല്‍പാദനവും ജീവിതനിലവാരവും തമ്മില്‍ താരതമ്യം ചെയ്ത് കണക്കാക്കുന്നതാണ് പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി. വിവിധ രാജ്യങ്ങളിലെ കറന്‍സികളെ ഒരു കൂട്ടം ഉല്‍പന്നങ്ങളുമായി താരതമ്യം ചെയ്യുകയാണിവിടെ. ഇതുവഴി ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കരുത്ത് അളക്കാന്‍ കഴിയും.
ഇന്ത്യയന്‍ ജനസംഖ്യയില്‍ യുവാക്കളുടെ കൂടുതലായുള്ള സാന്നിധ്യവും ഏഷ്യയിലെ കറന്‍സികളില്‍ ഡോളറിനെതിരായ ഏറ്റവും ശക്തമായ കറന്‍സിയായി രൂപ നിലകൊള്ളുന്നതും ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണെന്നും മൈക്കേല്‍ പത്ര ചൂണ്ടിക്കാട്ടുന്നു. “കോവിഡിനെ തുടര്‍ന്ന് ചരക്ക് വിതരണത്തിലുണ്ടായ താളപ്പിഴകള്‍, ഉക്രന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന ആഗോള ചരക്ക് വിലയിന്മേലുള്ള സമ്മര്‍ദ്ദവും വിതരണശൃംഖലയുടെ തകര്‍ച്ചയും , കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് ഭക്ഷ്യവിലയിലുണ്ടായ കുതിച്ചുകയറ്റം എന്നീ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഇന്ത്യയുടെ നാണ്യപ്പെരുപ്പം റിസര്‍വ്വ് ബാങ്കിന്റെ സഹനപരിധിക്കുള്ളില്‍ സുരക്ഷിതമായി നിലകൊള്ളുകയാണ്. 2023 സെപ്തംബറിന് ശേഷം നാണ്യപ്പെരുപ്പം നിയന്ത്രിതമാണ് ” -മൈക്കേല്‍ പത്ര പറയുന്നു.
“ഇന്ത്യയുടെ സ്വാഭാവിക കരുത്ത് കണക്കിലെടുത്താല്‍, ഇന്ത്യയുടെ ഊര്‍ജ്ജവും പരിവര്‍ത്തനങ്ങളും രാജ്യത്തിന്റെ വെല്ലുവിളികളെ മറികടന്ന് കുതിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നു. ആഗ്രഹലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു. അടുത്ത ദശകത്തില്‍ ഇന്ത്യ 10 ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് തന്നെ നേരത്തെ കണക്കുകൂട്ടിയിരുന്ന പോലെ 2045ല്‍ അല്ല, 2031ല്‍ തന്നെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാവും.2050ല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും” – മൈക്കേല്‍ പത്ര പറയുന്നു.
ഇന്ത്യയുടെ പ്രധാനവെല്ലുവിളി തൊഴില്‍ നൈപുണ്യത്തിലെ ദൗര്‍ബല്യമാണ്. പലപ്പോഴും സവിശേഷ ജോലികള്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നിലാണ്. ഇവിടെയാണ് യുവാക്കളില്‍ തൊഴില്‍ നൈപുണ്യം വികസിപ്പിക്കുന്ന സ്കില്‍ ഇന്ത്യ പോലുള്ള സംരംഭങ്ങള്‍ നിര്‍ണ്ണായകമാവുന്നത്. ഇത് നൈപുണ്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിടവ് പരിഹരിക്കുകയും യുവാക്കളെ കൂടുതല്‍ തൊഴില്‍ നിപുണരാക്കി മാറ്റുകയും ചെയ്യും. – മൈക്കേല്‍ പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക