തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, പാര്‍ട്ടി നേരത്തേ അറിഞ്ഞിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഇ ഡിയോട് സമ്മതിച്ചു. ബിജുവിനെ ഇന്നലെ ഇ ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തു. കരുവന്നൂരില്‍ സിപിഎം നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മിറ്റി അംഗമായിരുന്നു മുന്‍ എംപി പി.കെ. ബിജു. പാര്‍ട്ടിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഇക്കാര്യം അന്വേഷിച്ചിരുന്നെന്നും ക്രമക്കേടുകള്‍ ബോധ്യപ്പെട്ടിരുന്നെന്നുമാണ് ഇ ഡി ഉദ്യോഗസ്ഥരോട് ബിജു സമ്മതിച്ചത്.
എന്നാല്‍, എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ല, എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. കരുവന്നൂരിലെ പ്രധാന തട്ടിപ്പുകാരനായ പി. സതീഷ് കുമാറില്‍ നിന്ന് ബിജു പണം കൈപ്പറ്റിയെന്ന സാക്ഷിമൊഴി ഇ ഡിക്കു ലഭിച്ചിട്ടുണ്ട്. കേസില്‍ ജയിലിലുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷനാണ് ബിജു സതീഷില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയതായി മൊഴി നല്‍കിയിട്ടുള്ളത്. 2020ലാണ് മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്നു ബിജു പണം കൈപ്പറ്റിയത്. സതീഷ് കുമാറിന്റെ സന്തത സഹചാരിയായിരുന്ന ജിജോറും ഇ ഡിക്കു നല്കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ബിജു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായത്. രാത്രി 9 മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിജുവിനെ വിട്ടയച്ചത്. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോര്പ്പറേഷന് കൗണ്‍സിലറുമായ പി.കെ. ഷാജനും ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകും.
നേരത്തേ ആരും ഹാജരാകേണ്ടെ ന്നാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ അറസ്റ്റുള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് തീരുമാനം മാറ്റിയത്. തെരഞ്ഞെടുപ്പ് സമയത്ത് മുതിര്‍ന്ന നേതാക്കള്‍ കരുവന്നൂര്‍ കേസില്‍ ജയിലിലാകുന്നത് സംസ്ഥാന വ്യാപകമായി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹാജരാകാന്‍ നേതാക്കളോട് പാര്‍ട്ടി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: