കോഴിക്കോട്: വയനാട്ടില്‍, സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രകടനത്തില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടിപിടിക്കാന്‍ പറ്റാതെ വന്നത് മുസ്ലിം ലീഗിന്റെ നാണക്കേട്. ലീഗിന്റെ ‘മറുവിലക്കില്‍’ സ്വന്തം പാര്‍ട്ടിക്കൊടി പിടിക്കാന്‍ കഴിയാഞ്ഞത് കോണ്‍ഗ്രസിന്റെ ഗതികേട്. ഈ വിഷയത്തില്‍ ലീഗിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഓര്‍മ്മക്കേട്.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവും ഇന്‍ഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലാണ് ‘കൊടിവിലക്ക്’ ഉണ്ടായത്. യുഡിഎഫിന്റേയും യുപിഎയുടേയും ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ, ചന്ദ്രക്കല അടയാളമുള്ള പച്ചക്കൊടി 2019 ലെ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ത്തന്നെ വിവാദമായി. പാക്കിസ്ഥാന്റെ കൊടിപോലെ, എന്ന വിമര്‍ശനവും ആരോപണവും വന്നത് കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും പ്രതിരോധത്തിലാക്കി. അതേത്തുടര്‍ന്നാണ് ഇത്തവണ പ്രകടനങ്ങളില്‍ ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കാന്‍ തീരുമാനിച്ചത്. പച്ചക്കൊടിയില്ലെങ്കില്‍ ഒരു കൊടിയും വേണ്ടെന്ന ലീഗ് നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസ് അവരുടെ മൂവര്‍ണ്ണക്കൊടിയും താഴ്ത്തി. പകരം ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിയാണ് പ്രകടനം നടത്തിയത്.
എന്നാല്‍, ‘കോണ്‍ഗ്രസിന് മുസ്ലിം ലീഗിന്റെ വോട്ടുവേണം, പക്ഷേ കൊടിവേണ്ട, ഇത് ലീഗിനെയും പ്രവര്‍ത്തകരേയും അപമാനിക്കലാണ്,’ എന്ന് വിമര്‍ശിച്ച് സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിണറായിക്കും പാര്‍ട്ടിക്കും ഓര്‍മ്മക്കേടോ രാഷ്ട്രീയ വിവരക്കേടോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു.
പിണറായിയുടെ പാര്‍ട്ടി മുസ്ലിം ലീഗിന്റെ കൊടിത്തണലിലാണ് ഒരിക്കല്‍ കേരളം ഭരിച്ചത്. പാര്‍ട്ടിയുടെ താത്ത്വികാചാര്യന്‍ സഖാവ് ഇഎംഎസ്സാണ് അന്ന് പച്ചക്കൊടിയും ചുവപ്പുകൊടിക്കൊപ്പം പിടിച്ചത്. അതിനെ ന്യായീകരിക്കാന്‍ നടത്തിയ തലകുത്തിമറിയലുകള്‍ ഏറെ. ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്ന് അതുവരെ പറഞ്ഞതെല്ലാം ഇഎംഎസ് സ്വയം വിഴുങ്ങി. പക്ഷേ, ലീഗ് ഭരണത്തിലിരുന്ന് അവരുടെ കാര്യങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍, ‘ഗുഡ് സര്‍ട്ടിഫിക്ക’റ്റും വാങ്ങി പിരിഞ്ഞു. 1967 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന വേളയിലായിരുന്നു ആ സിപിഎം-ലീഗ് ബാന്ധവം. അന്നത്തെ ‘സപ്തകക്ഷി മുന്നണി’യില്‍, ആശയപരമായി സിപിഎം അടിമുടി എതിര്‍ത്ത സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, കെടിപി, കെഎസ്പി, ഐഎസ്പി, എസ്എസ്പി എന്നീ പാര്‍ട്ടികളാണുണ്ടായിരുന്നത്. 1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, പിഎസ്പി എന്നീ പാര്‍ട്ടികള്‍ ഒറ്റ മുന്നണിയായാണ് മത്സരിച്ചത്. അന്ന് സിപിഎം ആ മുന്നണിക്കെതിരേയാണ് മുദ്രാവാക്യം വിളിച്ചത് എന്നതാണ് രസകരം.
എന്നാല്‍, മുസ്ലിം ലീഗ് വര്‍ഗ്ഗീയമാണെന്ന് പറഞ്ഞ ഇഎംഎസ് സ്വയം തിരുത്തി. ഭീകരപ്രവര്‍ത്തനത്തിന് ഇ.കെ. നായനാരുടെ പോലീസ് പിടിച്ചുകൊടുത്ത് ജയിലിലാക്കിയ അബ്ദുള്‍ നാസര്‍ മദനി മതേതരനാണെന്നും പിഡിപി മതേതരമെന്നും പിണറായി വിജയന് പാര്‍ട്ടി നയം തിരുത്തി. ഇപ്പോള്‍ എസ്ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടും ആ സംഘടന വര്‍ഗ്ഗീയമാണെന്ന് പറയാന്‍ പിണറായി വിജയനും പാര്‍ട്ടിയും തയാറായിട്ടില്ല.
സിപിഎം അവരുടെ ചെങ്കൊടി കോണ്‍ഗ്രസ് പാര്‍ട്ടിക്കും അടിയറവെച്ചിട്ടുണ്ട്. അത് ഇപ്പോള്‍ ചെയ്യുന്നതുപോലെ പശ്ചിമബംഗാളില്‍ മാത്രമല്ല. 1996 ലെ തെരഞ്ഞെടുപ്പില്‍ കേരളാതിര്‍ത്തിയായ നാഗര്‍കോവില്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച എന്‍. ഡെന്നീസ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ചെങ്കൊടിയും കോണ്‍ഗ്രസ് കൊടിയും കൂട്ടിപ്പിടിച്ചുനിന്നത് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു. 1998 ലും ആവര്‍ത്തിച്ചു.
അത് കൊടിപിടിച്ച കഥയാണെന്നും ഇത് കൊടി ഉയര്‍ത്താത്ത വിഷയമാണെന്നു പോലും സിപിഎം നേതാക്കള്‍ ന്യായം പറഞ്ഞേക്കും. എന്തായാലും ഇപ്പോള്‍ മുസ്ലിം ലീഗിന്റെ മാനംകാക്കാന്‍ ഇറങ്ങിയിരിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ഓര്‍മ്മക്കേട് പരസ്യമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: