അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയിനും ഉള്‍പ്പെടെ 10 ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍. ജനാധിപത്യത്തിനെതിര് എന്നൊക്കെയാണ് വ്യഖ്യാനം.
എന്നാല്‍ എതിരാളികളില്ലാതെ നിയമസഭയില്‍ എത്തുന്ന ആദ്യത്തെ ആളുകളല്ല അരുണാചല്‍ പ്രദേശിലെ ബിജെപി നേതാക്കള്‍. കേരളത്തിലും എതിരില്ലാതെ നിയമസഭയില്‍ എത്തിയവരുണ്ട്. 1957 ല്‍ കേരളത്തിലെ ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു ജയിച്ച കര്‍ണാടക പ്രാന്തീയ സമിതി സ്ഥാനാര്‍ഥി എം. ഉമേഷ് റാവു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മത്സരരംഗത്ത് അവശേഷിച്ചതു സ്വതന്ത്രനായ ഉമേഷ് റാവു മാത്രം.
ഡോ. എ. സുബ്ബറാവു, യു. പി. അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഹനി ഷെറിഫ് തുടങ്ങിയവര്‍ കൂടി ഇവിടെ പത്രിക നല്‍കിയിരുന്നെങ്കിലും പിന്നീടു പിന്‍വലിക്കുകയായിരുന്നു. എതിരില്ലാത്തതിനാല്‍ വോട്ടെടുപ്പു നടക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം വിജയിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ വിജയി എന്നതിനോടൊപ്പം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം എന്ന റിക്കാര്‍ഡും എം. ഉമേഷ് റാവു നേടി.
കര്‍ണാടകയിലെ കാര്‍ക്കള താലൂക്കിലെ മുഡ്ബിദ്രെ സ്വദേശിയായ ഉമേഷ് റാവു ദക്ഷിണ കാനറയിലെ പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ദക്ഷിണ കാനറ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായിരുന്നു. കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കാസര്‍കോട് താലൂക്ക് കേരളത്തില്‍ ലയിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.
കേരള നിയമസഭയില്‍ ഇതേവരെ പാസായ ഏക സ്വകാര്യ ബില്‍ അവതരിപ്പിച്ചതും ഉമേഷ് റാവു ആയിരുന്നു. നിയമസഭാംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും സംബന്ധിച്ച അനൗദ്യോഗിക ബില്ലാണ് ഇങ്ങനെ 1958ല്‍ പാസാക്കപ്പെട്ടത്. തിരു-കൊച്ചിയില്‍ 1951 – 52ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു പേര് എതിരില്ലാതെ വിജയിച്ചിരുന്നു. കെ.പി. നീലകണ്ഠപിള്ള (വാമനപുരം), ഒ.സി. നൈനാന് (കല്ലൂപ്പാറ), ടി.ടി. കേശവന് ശാസ്ത്രി (ചങ്ങനാശേരി), പി.ടി. തോമസ് (വിജയപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: