തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ വേണ്ടന്ന കോണ്‍ഗ്രസിന്റെ വൈകിവന്ന നിലപാടില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ദേശീയതലത്തില്‍ തിരിച്ചടി നേരിടുമെന്നതിനാലാണ് ഈ പുതിയ തീരുമാനം. എസ്ഡിപിഐയുമായി നിരവധി ചര്‍ച്ച നടത്തിയിട്ടാണ് കോണ്‍ഗ്രസിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും അതിനെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ആക്ടിങ് പ്രസിഡന്റും. കണ്ണൂരില്‍ നിന്നും കെപിസിസി പ്രസിഡന്റ് തങ്ങള്‍ക്ക് പിന്തുണ നല്കുന്ന ആരുടെയും സഹായം വേണ്ടെന്ന് പറയില്ലെന്ന് പറഞ്ഞു. ഈ രാഷ്ട്രീയ സഖ്യത്തിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ രംഗത്ത് വന്നു. ദേശീയ രാഷ്ട്രീയത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ തിരിച്ചടി ഭയന്ന് പ്രതിപക്ഷനേതാവ് പിന്തുണയെ തള്ളിപ്പറഞ്ഞിരിക്കുന്നു. തെക്കന്‍ ജില്ലകളില്‍ തിരിച്ചടി നേരിടുമെന്ന് കരുതി തിരുവനന്തപുരത്ത് തള്ളിപ്പറയുകയും മലബാര്‍ മേഖലയില്‍ ഗുണം ചെയ്തേക്കുമെന്ന് കരുതി കെപിസിസി പ്രസിഡന്റ് അവിടെ പിന്തുണയെ ന്യായീകരിക്കുകയുമാണ്.
അരങ്ങത്ത് പിന്തുണയെ തള്ളി പറഞ്ഞെങ്കിലും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസ് അണിയറയില്‍ തുടരുകയാണ്. ദേശീയതലത്തിലെന്നപോലെ കേരളത്തിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ഉണ്ടാകും. വടകരയിലും വയനാട്ടിലും കൊല്ലത്തും യുഡിഎഫിന്റെ നാമനിര്‍ദ്ദേശ സമര്‍പ്പണത്തില്‍ എല്ലാ കൊടികളും ഒഴിവാക്കിയിരുന്നു. മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കാനാണ് എല്ലാ പതാകയും ഒഴിവാക്കിയത്. മുസ്ലിം ലീഗിന്റെ പതാക പിടിക്കുന്നത് ഇത്രയും അപമാനകരമാണോയെന്ന് വിഡി സതീശനും സുധാകരനും
വ്യക്തമാക്കണം.
എസ്ഡിപിഐ കോണ്‍ഗ്രസ് സഖ്യത്തിനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. എസ്ഡിപിഐയുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കാന്‍ നിരവധി ചര്‍ച്ച നടത്തിയ പാര്‍ട്ടിയാണ് സിപിഎം. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന അക്രമ സമരത്തില്‍ മുഴുവന്‍ കേസുകളും പിന്‍വലിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിലെ ഭൂരിപക്ഷം പ്രതികളും പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. തീവ്രവാദ സംഘടനകളുമായുള്ള ധാരണ സിപിഎമ്മും ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ഈ കേസുകള്‍ പിന്‍വലിക്കാന്‍ കാരണമെന്നും കൃഷ്ണദാസ് കൂട്ടച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: