Categories: Samskriti

പണിമൂല ദേവിക്ക് ചെമ്പുപായസ പൊങ്കാല

Published by

ടുപ്പുകൂട്ടി തീ പകര്‍ന്ന്, മണ്‍കലങ്ങളില്‍ അരിയിട്ടു വേവിച്ച് സ്ത്രീകള്‍ നിരയായി ഇരുന്ന് ദേവിക്ക് നിവേദ്യമൊരുക്കുന്ന കാഴ്ചയാണ് പൊങ്കാലയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക. എന്നാല്‍ തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള പണിമൂല ദേവീക്ഷേത്രത്തിലെ ചെമ്പുപണ പാല്‍പ്പായസ പൊങ്കാല വേറിട്ടൊരു കാഴ്ചയാണ്. ഇവിടെ മണ്‍കലങ്ങളിലല്ല ചെമ്പു പാത്രങ്ങളിലാണ് പൊങ്കാല തയ്യാറാക്കുന്നത്. ഉത്സവത്തിന്റെ ആറുനാളുകളില്‍ ക്ഷേത്ര മൈതാനം ചെറുതും വലുതുമായ ചെമ്പുപാത്ര പൊങ്കാലകളാല്‍ നിറയും. പണിമൂല പൊങ്കാലയ്‌ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പൊങ്കാല തയ്യാറാക്കുന്നത് പുരുഷന്‍മാരാണ്.

തെറ്റിയാറിന്റെ തീരത്തു വാഴുന്ന പണിമൂല അമ്മയുടെ ഇഷ്ടവഴിപാടാണ് ചെമ്പുപണപാല്‍പ്പായസ പൊങ്കാല. ക്ഷേത്രോത്സവ നാളുകളില്‍ ചെമ്പു പായസവും പാല്‍പ്പായസവും വഴിപാടായി നല്‍കാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. വലിയ ചെമ്പു പാത്രങ്ങളിലാണ് ചെമ്പു പായസവും പാല്‍പ്പായസവും തയ്യാറാക്കുന്നത്. ചെറിയ പാത്രങ്ങളില്‍ പണപ്പായസവും തയ്യാറാക്കുന്നു. പൊങ്കാലയ്‌ക്കെത്തുന്ന സ്ത്രീകള്‍ പാത്രവും പൊങ്കാല സാധനങ്ങളും ക്ഷേത്രത്തില്‍ എത്തിക്കും. പൊങ്കാലയിട്ട് നിവേദിക്കുന്നതുവരെയുള്ള ജോലികള്‍ പുരുഷന്‍മാര്‍ ചെയ്യും.നിരവധി ഭക്തജനങ്ങളാണ് ദേവിയുടെ ഇഷ്ട വഴിപാടായ പണപ്പായസം ഭക്ഷിക്കാന്‍ എത്തുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവനാളുകളിലാണ് അപൂര്‍വവും ഭക്തി നിര്‍ഭരവുമായ ഈ പൊങ്കാലയിടല്‍ ചടങ്ങ് നടക്കുന്നത്.

ക്ഷേത്ര ഐതിഹ്യം
ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പണിമൂല ദേവീക്ഷേത്രം. പത്ത് നൂറ്റാണ്ടോളം പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് കരുതുന്നു. ക്ഷേത്ര ഉത്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യം ഇതാണ്: രണ്ടു ദേവതമാര്‍ ഭൂ സഞ്ചാരത്തിനിടയില്‍ പണിമൂലയിലെത്തി. ഈ പ്രദേശത്തിന്റെ പ്രകൃതിരമണീയതയില്‍ ആകൃഷ്ടരായി ഇവിടെതന്നെ വസിക്കാന്‍ ദേവതമാരില്‍ മൂത്തയാള്‍ തീരുമാനിച്ചു. എന്നെ ഇവിടെ ഒരു ആലയം കെട്ടി ഇരുത്തി പൂജിച്ചാല്‍ ഈ നാടിനും നാട്ടുകാര്‍ക്കും സര്‍വഐശ്വര്യങ്ങളും ഉണ്ടാകും എന്നൊരു അശരീരി അന്നു രാത്രിയില്‍ പരിസരവാസികള്‍ കേട്ടു. അടുത്തദിവസം മുതല്‍ നാട്ടുകാര്‍ ഒരു ആലയം പണിത് ദേവിയെ സങ്കല്‍പിച്ച് പൂജ നടത്തിപ്പോന്നു. പൂജയ്‌ക്കായി പരിസരത്ത് ഉണ്ടായിരുന്ന ഒരു പോറ്റിയെ ചുമതലപ്പെടുത്തി. പോറ്റിയുടെ വകയായിരുന്നു സ്ഥലം. വര്‍ഷങ്ങള്‍ക്കുശേഷം പോറ്റി അവിടത്തെ ഏഴ് നായര്‍ കുടുംബങ്ങള്‍ക്ക് ഈ സ്ഥലം വാക്കാല്‍ നല്‍കി. ദേവതമാരില്‍ ഇളയവള്‍ പണിമൂല പരിസരത്ത് തന്നെയുള്ള മരുപ്പന്‍കോട് എന്ന സ്ഥലത്തും വാസമുറപ്പിച്ചതായി പറഞ്ഞുവരുന്നു.

ഇവിടെ ആദ്യം ക്ഷേത്രം ഇല്ലായിരുന്നു. ഉത്സവത്തിന് പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്തുകയായിരുന്നു പതിവ്. പച്ച പന്തലിനുള്ളില്‍ ശ്രീകോവില്‍ പണിത് (അടയ്‌ക്കാ മരത്തില്‍) അതിനുള്ളില്‍ വരിക്കപ്ലാവിന്റെ തടിയില്‍ ചിത്രപ്പണിയോടുകൂടിയ പീഠത്തില്‍ മുടിയാടയും മടിയാടയും ചേര്‍ത്ത് വാല്‍ക്കണ്ണാടി വച്ച് തോറ്റന്‍പാട്ട് പാടി ദേവിയെ കുടിയിരുത്തുന്നതായിരുന്നു ചടങ്ങ്.

ഏഴു ദിവസം നീളുന്നതാണ് ഇവിടുത്തെ ഉത്സവ ചടങ്ങുകള്‍. പണിമൂല ദേവീസന്നിധിയിലെത്തി നവദീപം തെളിയിച്ച് വലംവച്ച് തൊഴുതാല്‍ വൈകാതെമംഗല്യഭാഗ്യം സിദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക