കൊളംബോ : ശ്രീലങ്കൻ നാവികസേന തടവിലാക്കിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അധികൃതർ വിട്ടയച്ച ശേഷം ബുധനാഴ്ച ഇന്ത്യയിലേക്ക് അവരെ തിരിച്ചയച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
“നാട്ടിലേക്ക് മടങ്ങുന്നു, 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ നിന്ന് തിരിച്ചയച്ചു, ഇപ്പോൾ കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലാണ്,” – ഇന്ത്യൻ ഹൈക്കമ്മീഷൻ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
2024-ൽ ഇതുവരെ ശ്രീലങ്കയുടെ കടലിൽ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് നാവികസേന ഇതുവരെ 23 ഇന്ത്യൻ ട്രോളറുകളും 178 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറിയതായി ശ്രീലങ്കൻ നാവികസേന കഴിഞ്ഞ മാസം അവസാനം പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഒരു പ്രധാന തർക്കവിഷയമാണ്. പാൾക്ക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്കൻ നേവി ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങളിൽ അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
1974-ൽ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതിന് കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുത്തിയതിന് പിന്നാലെ കച്ചത്തീവ് ദ്വീപ് പ്രശ്നത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത് കോൺഗ്രസ് പാർട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരുന്നു. കച്ചത്തീവ് ദ്വീപ് വിഷയത്തിൽ കോൺഗ്രസ് പാർട്ടിയെയും ഡിഎംകെയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രൂക്ഷമായി വിമർശിച്ചു.
തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാൾക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്. ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ അന്യോന്യം കടലിൽ അലക്ഷ്യമായി അതിക്രമിച്ച് കയറിയതിന് ഇവിടെ അടിക്കടി അറസ്റ്റിലാകാറുണ്ട്.
2023ൽ ശ്രീലങ്കൻ കടലിൽ മത്സ്യബന്ധനം നടത്തിയതിന് 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 35 ട്രോളറുകളേയും ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: