തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരെ ഇഡി അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണെന്ന് പിണറായി വിജയന്. ഇത് സംബന്ധിച്ച് ആദ്യം പരാതി ഉന്നയിച്ചതും കോണ്‍ഗ്രസാണെന്ന് പിണറായി വിജയന് ആരോപിച്ചു.
കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളെ ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ട്. നേരത്തെ ആം ആദ്മി മന്ത്രി മനീഷ് സിസോദിയയെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ അരവിന്ദ് കെജ്രിവാളിനെക്കൂടി അറസ്റ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും പിണറായി ആവശ്യപ്പെട്ടു.
കേരളത്തിലും കോണ്‍ഗ്രസ് പിണറായി സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പിണറായി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ ആഞ്ഞടിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെയും പിണറായി എതിര്‍ത്തു. രാജ്യത്ത് നടന്ന പല അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി ഇല്ലായിരുന്നുവെന്നും ബിജെപിയ്ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാന്‍ ധൈര്യമില്ലാതെ വയനാട്ടിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ വന്നിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: