ജബൽപൂർ : ബിജെപിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നടത്തിയ “തീ” പരാമർശത്തിനെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വയനാട് എംപിയെ കോൺഗ്രസ് നേതാക്കൾ പോലും ഗൗരവമായി കാണുന്നില്ലെന്ന് മോഹൻ യാദവ് പരിഹസിച്ചു.
ഞായറാഴ്ച ദൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ അനാവശ്യ വിവാദങ്ങൾ ഉന്നയിച്ചത്. ബിജെപി മാച്ച് ഫിക്‌സിംഗിലൂടെ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഭരണഘടന മാറ്റുകയും ചെയ്താൽ രാജ്യം തീയിലാകുമെന്നും അതിജീവിക്കില്ലെന്നും ഗാന്ധി പറഞ്ഞു. ഇതാണ് മോഹൻ യദവടക്കമുള്ളവരെ ചൊടിപ്പിച്ചത്.
എന്നാൽ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അതിൽ സത്യമില്ലെന്ന് യാദവ് പറഞ്ഞു. ഇവിടെ രാഹുലിന്റെ പ്രസ്താവനയിൽ ഗൗരവം ഒന്നുമില്ല. സ്വന്തം പാർട്ടി അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നില്ല, പിന്നെ എങ്ങനെ മറ്റാരെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ കോൺഗ്രസിനെ എവിടെയും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എവിടെയാണെന്ന് ഒരു സൂചനയുമില്ല, അത് വളരെ പിന്നിലാണ്, ആരെങ്കിലും ഇതിന് ഉത്തരവാദികളാണെങ്കിൽ, അത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം കോൺഗ്രസിനെയോ തിരഞ്ഞെടുപ്പിനെയോ ഗൗരവമായി എടുത്തിട്ടില്ല. കോൺഗ്രസ് അതിന്റെ വൈരുദ്ധ്യങ്ങളിൽ നിന്നും ആത്മപരിശോധനയിൽ നിന്നും പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.
പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്‌ക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജബൽപൂരിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉജ്ജയിനിലേക്കും ഇൻഡോറിലേക്കും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: