സുല്‍ത്താന്‍പൂര്‍(യുപി): രണ്ടാംവട്ടവും സുല്‍ത്താന്‍പൂരിന്റെ വിശ്വാസം തേടി മനേക ഗാന്ധിയെത്തുന്നു. ജയിക്കാന്‍ മാത്രമായുള്ള പോരാട്ടം എന്നാണ് മനേക മത്സത്തെ വിലയിരുത്തുന്നത്. മകന് വരുണിന് പിലിഭിത്തില്‍ സീറ്റില്ലെന്നും വീട്ടിലും പാര്‍ട്ടിയിലും ഭിന്നതയാണെന്നും തുടങ്ങി എല്ലാ എതിര്‍പ്രചാരണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായാണ് മനേക സുല്‍ത്താന്‍പൂരിന്റെ ഹൃദയം കീഴടക്കുന്നത്.
ചരിത്രം കുറിക്കാനാണ് സുല്‍ത്താന്‍പൂരിലേക്ക് പാര്‍ട്ടി എന്നെ അയച്ചത്. ബിജെപിയുടെ ഡി.ബി. റായ് അല്ലാതെ മറ്റാരും ഇന്നേവരെ തുടര്‍ച്ചയായി സുല്‍ത്താന്‍പൂരില്‍ ജയിച്ചിട്ടില്ല. 1996ലും 1998ലുമാണ് ഡി.ബി. റായ് ജയിച്ചത്. ഇക്കുറി ആ ചരിത്രത്തോടൊപ്പം എത്താന്‍ എനിക്കാണ് ഭാഗ്യം, മനേക ഗാന്ധി സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാവര്ക്കും അറിയേണ്ടത് വരുണ്‍ പ്രചാരണത്തിനെത്തുമോ എന്നായിരുന്നു. ഇപ്പോള്‍, നിങ്ങള്‍ ചോദിക്കുന്ന ഈ ദിവസം വരുണ്‍ സുഖമില്ലാതെ ഇരിപ്പാണ്. ആര് പ്രചാരണത്തിനെത്തണം എന്നതിന് പാര്‍ട്ടിക്ക് തീരുമാനമുണ്ട്. അവര്‍ പ്രചാരണത്തിനെത്തും, മനേക മറുപടി പറഞ്ഞു. എന്നിട്ടും മതിയാകാതെ വീണ്ടും ചോദ്യം. റായ്ബറേലിയിലോ അമേഠിയിലോ വരുണ്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടല്ലോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. ഞാന്‍ ബിജെപിക്കാരിയാണ് എന്നായിരുന്നു മനേകയുടെ ഉത്തരം. ബിജെപിയായിരിക്കുന്നതില് ആഹ്ലാദവും അഭിമാനവുമുള്ളവളാണ്. മറ്റേതെങ്കിലും പാര്‍ട്ടിയുടെ അംഗത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ എന്നോട് എന്തിനാണ്?
സ്ഥാനാര്‍ത്ഥിനിര്‍ണയം വൈകിയത് ഒരു പ്രശ്നമല്ലെന്ന് മനേക പറഞ്ഞു. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദിയുണ്ട്. സുല്‍ത്താന്‍പൂരില്‍ തന്നെ നിയോഗിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ്, മനേക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: