തൊടുപുഴ: പതിനൊന്ന് ജില്ലകളില്‍ ഇന്ന് മുതല്‍ ആറാം തിയതി വരെ യെല്ലോ അലര്‍ട്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 വെരയും താപനില ഉയരുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ മിക്കയിടങ്ങളിലും ആഴ്ചകളായി താപനില 40 ഡിഗ്രിക്കു മുകളിലാണ്. രണ്ട് ദിവസമായി വിവിധയിടങ്ങളില്‍ വേനല്‍ മഴയുണ്ട്. വ്യാഴാഴ്ച വരെ തെക്ക്- മധ്യ കേരളത്തില്‍ വേനല്‍ മഴ തുടരും. ഇടിയോട് കൂടിയുള്ള മഴയില്‍ ജാഗ്രത വേണം.
അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച 104.8262 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിന് മുമ്പുള്ള സര്‍വകാല റിക്കാര്‍ഡ് മാര്‍ച്ച് 27ന് രേഖപ്പെടുത്തിയ 104.6309 ദശലക്ഷം യൂണിറ്റായിരുന്നു. വരും ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ 46 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: