പട്‌ന: ബിഹാറിൽ എൻഡിഎ അധികാരത്തിൽ വന്നതിന് ശേഷമാണ് സംസ്ഥാനം ജംഗിൾ രാജ് എന്ന അവസ്ഥയിൽ നിന്ന് പുറത്തായതെന്ന കാര്യം യുവ വോട്ടർമാരെ ബോധവത്കരിക്കണമെന്ന് ബിഹാറിലെ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘നമോ ആപ്പ്’ വഴി ബൂത്ത് ലെവൽ പ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭോജ്പുരിയിൽ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കേന്ദ്രത്തിൽ ഭരണം ലഭിച്ചതു മുതൽ ബിഹാറിലെ 3.5 കോടി ദരിദ്രർ എൻഡിഎയുടെ 10 വർഷത്തെ കാലത്ത് ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മോദി അടിവരയിട്ടു.
കൂടാതെ, ഒമ്പത് കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഉജ്ജ്വല യോജന വഴി മൂന്ന് കോടിയോളം സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷനുകൾ ലഭിച്ചു. ഈ കാര്യങ്ങൾ ജനങ്ങളോട് വീണ്ടും വീണ്ടും പറയണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ മറ്റ് നാല് പാർട്ടികളുമായി സഖ്യമുണ്ടാക്കിയ പ്രധാനമന്ത്രി സഖ്യകക്ഷികൾ ഏകോപിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും എൻഡിഎയ്‌ക്ക് അനുകൂലമായി അവർ നൽകുന്ന ഓരോ വോട്ടും മോദിക്കായിരിക്കുമെന്ന് വോട്ടർമാരെ ബോധവത്കരിക്കുകയും ചെയ്തു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന വെർച്വൽ ആശയവിനിമയത്തിൽ, രാഷ്‌ട്രീയ എതിരാളികളുടെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി അവർക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ “ശക്തി” പരാമർശത്തിൽ അദ്ദേഹം വിമർശനം ഉന്നയിച്ചു. ഞാൻ ശക്തിയുടെ ആരാധകനാണ്. എന്നാൽ ഇൻഡി സഖ്യ അംഗങ്ങൾ ശക്തിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു, അത് ദൈവിക ശക്തിയെ സൂചിപ്പിക്കുന്നു. അവർ അധികാരം നേടിയാൽ എന്ത് നാശം സൃഷ്ടിക്കുമെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമൻ എപ്പോഴെങ്കിലും ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാൻ വിസമ്മതിക്കുകയും ക്ഷേത്രം നിർമ്മിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത രാഷ്‌ട്രീയ പാർട്ടികളുണ്ടെന്ന് അവരെ എപ്പോഴും ഓർമ്മിപ്പിക്കണമെന്ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനെ ഉദ്ദരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കേന്ദ്രം അയക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ ജനങ്ങളിലേക്കെത്താൻ കഴിയൂ എന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമർശത്തെ പരാമർശിച്ച് ബിഹാറിലെ പ്രതിപക്ഷ ആർജെഡി-കോൺഗ്രസ് സഖ്യത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. ആർജെഡി പ്രസിഡൻ്റ് ലാലു പ്രസാദിന്റെയും ഭാര്യയുടെയും 15 വർഷത്തെ ഭരണത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് റാബ്‌റി ദേവി, ലാലു പ്രസാദ് യാദവ് ഇരുവരും നിരവധി അഴിമതിക്കേസുകളിൽ പ്രതികളാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ തങ്ങളുടെ സഖ്യകക്ഷിയായ നിതീഷ് കുമാർ (ജെഡിയു പ്രസിഡൻ്റ്) നേതൃത്വം നൽകിയ എൻഡിഎ എങ്ങനെ കാര്യങ്ങൾ മാറ്റിമറിച്ചുവെന്ന് ‘ജംഗിൾ രാജ്’ കാലത്ത് ജനിച്ചിട്ടില്ലാത്ത ഒരു ആദ്യ വോട്ടറോട് പറയേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: