ഇടുക്കി: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകളടക്കം ഒമ്പതു പേര്‍. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരിച്ചത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ അഞ്ചു പേരുടെ ജീവനാണ് കാട്ടാനക്കലിയില്‍ ഇല്ലാതായത്. വയനാട്ടില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ രണ്ടുപേരും. കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി പോലുള്ള മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരും നിരവധിയാണ്. മറയൂരില്‍ മാത്രം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുമളിയിലും കാട്ടുപോത്ത് ആക്രമണം ഉണ്ടായിരുന്നു.
ഇടുക്കി
ജനുവരി എട്ടിന് ചിന്നക്കനാലിന് സമീപമുണ്ടായ കാട്ടാന ആക്രമണത്തില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് കൊല്ലപ്പെട്ടത്.
ജനുവരി 22ന് ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ വെള്ളക്കല്ലില്‍ സൗന്ദര്‍രാജ്(68) തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26ന് മരണത്തിന് കീഴടങ്ങി.
ജനുവരി 24ന് മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂരുകാരന്‍ കെ. പാല്‍രാജ്(74) കൊല്ലപ്പെട്ടു.
ഫെബ്രുവരി 26ന് രാത്രിയില്‍ കന്നിമലയ എസ്റ്റേറ്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മാര്‍ച്ച് 4ന് അടിമാലിക്ക് സമീപം കാഞ്ഞിരവേലിയില്‍ ഉണ്ടായ ആക്രമണത്തില്‍ മുണ്ടോന്‍കണ്ടത്തില്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര രാമകൃഷ്ണന്‍(71) കൊല്ലപ്പെട്ടു.
വയനാട്
ജനുവരി 30ന് വയനാട് തോല്‍പ്പെട്ടിയില്‍ ലക്ഷ്മണന്‍(55) കൊല്ലപ്പെട്ടു.
ഫെബ്രുവരി പത്തിന് പനച്ചിയില്‍ അജീഷിനെ(47) റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചവിട്ടിക്കൊന്നു. അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനും ഈ വിഷയം ഇടയാക്കിയിരുന്നു.
മാര്‍ച്ച് 28ന് വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.
പത്തനംതിട്ട
മാര്‍ച്ച് 19ന് കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തിലെ ഏഴാന്തല സ്വദേശി ദിലീപ്(52) കൊല്ലപ്പെട്ടു.
ഏപ്രില്‍ 1ന് പുളിക്കുന്നത്ത് മലയില്‍കുടിലില്‍ ബിജു(52) ആണ് ആനക്കലിയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ടത്.
പരിഹാരം കണ്ടെത്തണം
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഇറങ്ങുന്നത് വൈദ്യുതി ഫെന്‍സിങ്ങ് നിരവധിയിടത്ത് സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടത്തും റാപ്പിഡ് റെസ്‌പോണ്‍സ് സംഘം രാത്രിയും പകലും പരിശോധന നടത്തുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ആനകളടക്കം നാട്ടിലേക്ക് പതിവായി എത്തുന്നത്. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളവും ആഹാരവും ഒരുക്കി നല്‍കുക, വനത്തിനുള്ളിലേക്ക് പുറത്ത് നിന്നുള്ളവരുടെ സഞ്ചാരം തടയുക, മൃഗങ്ങളുടെ സൈ്വര്യവിഹാരം തകര്‍ക്കുന്നത് നിയന്ത്രിക്കുക, തുടങ്ങിയവയാണ് വന്യജീവി ആക്രമണം തടയാനുള്ള മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: