Categories: Kerala

എസ്.ഡി.പി.ഐയുടെ കിട്ടാത്ത പിന്തുണ സി.പി.എമ്മിനു പുളിക്കും, മധുരിച്ചിട്ട് തുപ്പാന്‍ കഴിയാതെ സതീശന്‍

Published by

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചതോടെ ആ സംഘടന പൊടുന്നനെ സി.പി.എമ്മിന് പിന്തിരിപ്പന്‍ ശക്തിയായി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ, വര്‍ഗീയ ശക്തിയാണെന്ന് ഉറപ്പിച്ചു പറയാന്‍ പാര്‍ട്ടി സെക്രട്ടറിയ്‌ക്ക് നാവു പൊന്തിയുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പരോക്ഷമായി പിന്തുണച്ച മുസ്‌ളീം വര്‍ഗീയ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്‌റെ രാഷ്‌ട്രീയചേരി. ഇടതും വലതും തദ്‌ദേശ തെരഞ്ഞെടുപ്പുകളിലടക്കം ഒളിഞ്ഞും തെളിഞ്ഞും ഇവരുടെ സഹായം തേടിയിട്ടുണ്ട്. പലപ്പൊഴും ഇത് പരസ്യമായി പ്രഖ്യാപിച്ചു എന്നു വരില്ല. എങ്കിലും ലോക് സഭയിലേക്ക് കോണ്‍ഗ്രസിനും, നിയമസഭയിലേക്ക് സി.പി.എമ്മിനും പിന്തുണയെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചു പോന്നത്. രണ്ടുമുന്നണിക്കും ചില പ്രത്യേക മേഖലകളിലെ മുസ്്ലീം വോട്ടുകള്‍ സമാഹരിക്കാന്‍ ഇവരെ വേണം. എന്നാല്‍ പരസ്യമായി എസ്.ഡി.പി.ഐയുടെ വോട്ടു തങ്ങള്‍ക്ക് വേണമെന്നു പറയാന്‍ മടിയാണു താനും. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐ അനഭിമതരായത്.
അതേസമയം തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല .വോട്ട് ആവശ്യപ്പെട്ടിട്ടുമില്ല. ഒട്ടേറെ സംഘടനകള്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എസ്.ഡി.പി.ഐയും എന്നാണ് സതീശന്‌റെ വാദം. എന്നാല്‍ എസ്.ഡി.പി.ഐയുടെ പിന്തുണ തള്ളിപ്പറയാന്‍ അദ്‌ദേഹം തയ്യാറല്ല.
തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യുന്നവരായി കോണ്‍ഗ്രസ്സും ലീഗും മാറിയിരിക്കുന്നുവെന്നാണ് കെ.ടി.ജലീലിന്‌റെ പുതിയ കണ്ടുപിടിത്തം. പിന്തുണ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന് അദ്ദേഹം സതീശനോട് ചോദിക്കുന്നു. തളളിപ്പറയുമെങ്കില്‍ പിന്തുണ തങ്ങള്‍ക്കു കൈമാറി കിട്ടിയെങ്കിലോ എന്നാണ് ജലീലിന്‌റെ ഉള്ളിലിരുപ്പ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by