തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് കുളമാക്കിയ തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ ഇനിയും പണി പൂര്‍ത്തിയാക്കാത്തത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചെന്നും തിരുവനന്തപുരത്ത് വികസനം നടക്കുന്നത് ” ഒട്ടും സ്മാര്‍ട്ടായല്ലല്ല, അണ്‍സ്മാര്‍ട്ടായിട്ടാണെ”ന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. വഴുതക്കാട് ജങ്ഷനു സമീപം കുളംതോണ്ടിയ റോഡിന്റെ ദുരവസ്ഥ നേരിട്ടറിയാന്‍ എത്തിയതായിരുന്നു അദ്ദേഹം.
മാര്‍ച്ച് നാലിന് ഇവിടെ എത്തിയപ്പോൾത്തന്നെ റോഡിന്റെ ദയനീയാവസ്ഥ മനസ്സിലായിരുന്നു.
അന്ന് ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ മാര്‍ച്ച് 31നകം പണി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാലിന്ന്, ഏപ്രില്‍ രണ്ടിന് വീണ്ടും വന്നപ്പോള്‍ ആ അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല. ഇതു മൂലം ഇവിടുത്തെ കച്ചവടക്കാരും ഡ്രൈവര്‍മാരും യാത്രക്കാരുമെല്ലാം ദുരിതത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
100 സ്മാര്‍ട് സിറ്റികളില്‍ തിരുവനന്തപുരത്തിന്റെ സ്ഥാനം 66 ആണ്. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ ജനറല്‍ മാനേജറെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഈ വിഷയം ഞാന്‍ ഏറ്റെടുക്കും. പണി പൂര്‍ത്തീകരിക്കുവോളം പിന്തുടരും. ഇതെല്ലാം സര്‍ക്കാരിന്റെ കഴിവുകേടാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പൊളിച്ചിട്ട റോഡിലൂടെ നടന്ന് പാതയുടെ ദുരവസ്ഥ അദ്ദേഹം മനസ്സിലാക്കി. പൊരിവെയിൽ വകവക്കാതെ നടന്ന് നീങ്ങിയ സ്ഥാനാർത്ഥിക്കൊപ്പം കാൽനടയാത്രക്കാരും കൂടി. മാസങ്ങളായി തങ്ങൾ നേരിടുന്ന ദുരവസ്ഥ വിശദീകരിച്ചു. ഇതു മൂലം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന പ്രയാസങ്ങള്‍ സ്ഥാനാര്‍ത്ഥി അവരോട് നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങളിലേക്ക് ആൾക്കാരെത്താത്തത് വ്യാപാരികളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു .
സ്മാര്‍ട് സിറ്റി പദ്ധതിയുടെ പേരില്‍ നഗരത്തില്‍ പലയിടത്തും പൊളിച്ചിട്ട റോഡുകളുടെ നിര്‍മാണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ഇതു മൂലം നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്കുകൾ രൂക്ഷമാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: