പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്‌ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്. രാഹുൽ ഗാന്ധിയും യുഡിഎഫ് നേതാക്കളും ഇത് അവരുടെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന എസ്ഡിപിഐ തീരുമാനം നാടിനെ ആപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരിയും മലരും കരുതിക്കോയെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത് അവരാണ്. യുഡിഎഫ് കൺവീര്‍ പറഞ്ഞത് എല്ലാവരുടെയും വോട്ടിന് ഒരേ വിലയെന്നാണ്. രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അവര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാർട്ടി പിന്തുണ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
മതനിരപേക്ഷത പാർട്ടിയാണെന്ന് പറയുന്നവർക്ക് എന്തുകൊണ്ട് സഹകരിക്കണോ വേണ്ടയോ എന്ന് ചർച്ച ചെയ്യേണ്ടി വരുന്നു? മതഭീകരവാദ സംഘടനയുടെ പിന്തുണ വേണ്ടെന്നു പറയാനുള്ള ആർജ്ജവം എന്തുകൊണ്ടാണ് കോൺഗ്രസിന് ഇല്ലാതെ പോയത്? മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ ദേശീയതലത്തിൽ കോൺഗ്രസിന് വിനയായിരിക്കുകയാണ്. എസ്‌ഡിപിഐ പിന്തുണയ്‌ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: