മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന റയല്‍ മാഡ്രിഡിന് മികച്ച വിജയം. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ അത്ലറ്റിക് ബില്‍ബാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
സൂപ്പര്‍ താരം റോഡ്രിഗോയുടെ ഇരട്ട ഗോളാണ് റയലിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 8, 73 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. വിജയത്തോടെ 30 കളികളില്‍ നിന്ന് 75 പോയിന്റുമായി മുന്നിലുള്ള റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. രണ്ടാമതുള്ള ബാഴ്സയേക്കാള്‍ എട്ട് പോയിന്റിന് മുന്നിലാണ് അവര്‍.
കളിയുടെ അഞ്ചാം മിനിറ്റില്‍ അത്ലറ്റിക് ക്ലബ്ബിനാണ് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ ബോക്സിന്റെ മധ്യത്തില്‍ നിന്ന് അവരുടെ ഇനാകി വില്യംസ് തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു. മൂന്ന് മിനിറ്റിനുശേഷം റയല്‍ ആദ്യ ഗോളടിച്ചു. വലതുവിങ്ങില്‍നിന്ന് ബ്രാഹിം ഡയസ് നല്കിയ ക്രോസ് സ്വീകരിച്ച റോഡ്രിഗോ എതിര്‍താരങ്ങളെ വകഞ്ഞുമാറ്റി 20 വാര അകലെനിന്ന് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് അത്ലറ്റിക് ഗോള്‍കീപ്പര്‍ക്ക് അവസരമൊന്നും നല്‍കാതെ വലയില്‍ കയറുകയായിരുന്നു. 34-ാം മിനിറ്റില്‍ റയലിന് ലീഡ് വര്‍ധിപ്പിക്കാന്‍ അവസരമൊത്തെങ്കിലും ടോണി ക്രൂസിന്റെ ഷോട്ട് എതിര് താരത്തിന്റെ ദേഹത്ത് തട്ടി എത്തിയത് ഗോള്‍കീപ്പറുടെ കൈയിലേക്കായിരുന്നു. അധികം കഴിയും മുന്‍പേ വാല്‍വര്‍ഡെയുടെ ശ്രമവും ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. ഇടവേളക്ക് തൊട്ടുമുമ്പ് ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കിന് ചൗമേനി തലവെച്ചെങ്കിലും പോസ്റ്റിനോട് ചാരി പുറത്തുപോയി. ആദ്യപകുതിയുടെ പരിക്ക് സമയത്ത് സമനില ഗോള്‍ നേടാന്‍ അത്ലറ്റിക് ക്ലബിന് അവസരം ലഭിച്ചെങ്കിലും ഗോര്‍ക ഗുരുസെറ്റയുടെ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതിയില്‍ റയല്‍ 1-0ന് മുന്നിട്ടുനിന്നു.
ഇടവേള കഴിഞ്ഞെത്തിയ ഉടന്‍ ബ്രാഹിം ഡയസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 52-ാം മിനിറ്റില്‍ അത്ലറ്റികിന് മറ്റൊരു അവസര ലഭിച്ചു. എന്നാല്‍ ഇനാകി വില്യംസിന്റെ ഷോട്ട് റയല്‍ ഗോള്‍കീപ്പര്‍ മനോഹരമായി തടഞ്ഞിട്ടു. 73-ാം മിനിറ്റില്‍ റയല്‍ ലീഡുയര്‍ത്തി. സസ്പെന്ഷന് കഴിഞ്ഞെത്തിയ ജൂഡ് ബെല്ലിങ്ഹാം നല്കിയ പാസ് സ്വീകരിച്ച റോഡ്രിഗോ തടയാനെത്തിയ എതിര്‍താരത്തെ വെട്ടിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. 78-ാം മിനിറ്റില്‍ അത്ലറ്റിക് ഗോളിനടുത്തെത്തിയെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാത്തത് തിരിച്ചടിയായി. തുടര്‍ന്ന് ഇരുനിരയും നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
മറ്റു മത്സരങ്ങളില്‍ ജിറോണ 3-2ന് റയല്‍ ബെറ്റിസിനെയും റയല്‍ സൊസിഡാഡ് 1-0ത്തിന് അലാവസിനെയും പരാജയപ്പെടുത്തിയപ്പോള്‍ സെല്‍റ്റ വിഗോ-റയോ വയെകാനോ കളി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: