പ്രശ്നപരിഹാരത്തിന് ഗുരുമൂര്‍ത്തി മൂന്ന് പ്രധാന നിര്‍ദേശം വെച്ചു. രാമക്ഷേത്രമുള്‍ക്കൊള്ളുന്ന 70 ഏക്കര്‍ ഭൂമിയില്‍ രണ്ടര ഏക്കര്‍ മാത്രമാണ് തര്‍ക്കഭൂമി. ശേഷിക്കുന്ന ഭൂമി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1989 ല്‍ ശിലാന്യാസ പൂജകള്‍ നടത്തിയ ഇടമാണ്. ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തര്‍ക്കമില്ലാത്തിടം രാമജന്മഭൂമി ന്യാസിന് കൊടുക്കുക. അവിടെ കര്‍സേവ നടക്കട്ടെ. രണ്ട്: തര്‍ക്ക പ്രദേശം സര്‍ക്കാരിന്റെ പക്കലിരിക്കട്ടെ. മൂന്ന്: സുപ്രീംകോടതിയിലിരിക്കുന്ന കേസില്‍, തര്‍ക്ക പ്രദേശത്ത് നിലവിലുള്ള കെട്ടിടത്തിനു മുമ്പ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുക; കോടതി വിധിക്കട്ടെ. ഏറെക്കുറേ അംഗീകൃതമായി ഈ പരിഹാരം. അടുത്ത ദിവസങ്ങളില്‍ ന്യൂദല്‍ഹി ഝണ്ഡേവാലയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്, പി. ഉപേന്ദ്ര എന്നിവരെത്തി വിഎച്ച്പി നേതാവ് അശോക് സിംഘാളുമായി ചര്‍ച്ച നടത്തി. അന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.എന്‍. ഗോവിന്ദാചാര്യയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുമായി വി.പി. സിങ് ചര്‍ച്ച നടത്തി. മൂന്ന് പ്രശ്നപരിഹാര വിഷയങ്ങളുള്‍പ്പെടുത്തി അന്ന് പാതിരയ്ക്ക് തയാറാക്കിയ ഓര്‍ഡിനന്‍സിന് കാലത്ത് 10 മണിക്ക് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി.
രഥയാത്രയ്ക്ക് ‘ദീപാവലി’ അവധി കൊടുത്ത് അദ്വാനി ദല്‍ഹിയിലുണ്ടായിരുന്നു. ഒക്ടോബര്‍ 18ന് കൊല്‍ക്കത്തയില്‍ പോയി, പിറ്റേന്ന് ബിഹാറിലെ ധന്‍ബാദില്‍ നിന്ന് രഥയാത്ര പുനരാരംഭിക്കാനായിരുന്നു പദ്ധതി. 18ന് വൈകിട്ട് പ്രധാനമന്ത്രി അദ്വാനിയോട് ഫോണില്‍ സംസാരിച്ചു. അയോദ്ധ്യാ വിഷയത്തില്‍ പരിഹാരത്തിന്, ‘ചില വെളിച്ചങ്ങള്‍ കാണുന്നു, നമുക്കതിനെ നിറവെട്ടമാക്കിക്കൂടേ, അതിനുശേഷം നമുക്കൊന്നിച്ച് കര്‍സേവ നടത്താം, അതിനാല്‍ കൊല്‍ക്കത്താ യാത്ര ഒരു ദിവസം നീട്ടിക്കൂടേ’ എന്നായിരുന്നു ചോദ്യം. അതിനു പിന്നാലെ അദ്വാനിയെ സിപിഎം നേതാവ് ജ്യോതിബസുവും വിളിച്ചു. അദ്വാനി യാത്ര നീട്ടി. 19ന് കാലത്ത് ഇന്ത്യന്‍ എക്സ്പ്രസ് പത്രം ഉടമ രാമനാഥ് ഗോയങ്കയുടെ വീട്ടില്‍ ഒരു യോഗം നടന്നു. പ്രധാനമന്ത്രി, ഗുരുമൂര്‍ത്തി, അദ്വാനി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ചിലര്‍ ഉയര്‍ത്തിയ ഉത്കണ്ഠ, അദ്വാനിയുടെ രഥയാത്ര ഈ സര്‍ക്കാരിനെ വീഴ്ത്തുമോ എന്നതായിരുന്നു. അത് ഒരിക്കലും ലക്ഷ്യമല്ല, മാത്രമല്ല സര്‍ക്കാരിന്റെ മൂന്നിന ഓര്‍ഡിനന്‍സ് സ്വീകാര്യമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഉച്ചകഴിഞ്ഞ് ഈ വിഷയത്തില്‍ വി.പി. സിങ് നിലപാടില്‍ തലകീഴ് മറിഞ്ഞു. ഇടനിലക്കാരനായിരുന്ന ഗുരുമൂര്‍ത്തിയോട്, ധാരണയിലെ ചില മാറ്റങ്ങള്‍ പറഞ്ഞു. സ്ഥലം രാമജന്മഭൂമി ട്രസ്റ്റിന് കൈമാറാനാവില്ല എന്നായിരുന്നു പ്രധാന നിലപാട് മാറ്റം. ഒരു വലിയ വിജയം, നേട്ടം, കടയ്ക്കല്‍ കുടമുടച്ച് നശിപ്പിക്കുകയായിരുന്നു വി.പി. സിങ്.
നൂറുകണക്കിന് പ്രശ്നങ്ങള്‍ വേറെ ഉണ്ടാകുമെന്നായിരുന്നു ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള കാരണമായി പറഞ്ഞത്. ഓര്‍ഡിനന്‍സ് അനുസരിച്ചാല്‍, ‘ശ്രീരാമന് ജനിച്ചത് അവിടെയാണ്, അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു; ആരുടേതാണ് തര്‍ക്കമില്ലാത്ത ഭൂമി?’ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് പറയേണ്ടിവരുന്നത് രാമജന്മഭൂമിയില്‍ ക്ഷേത്രം വേണം എന്ന് വാദിക്കുന്നവര്‍ക്ക് അനുകൂലമാകും എന്നതായിരുന്നു എതിര്‍ത്തവരുടെ ‘വിഷയം.’ അങ്ങനെ ഓര്‍ഡിന്‍സ് ഒക്ടോബര്‍ 21ന് പിന്‍വലിച്ചു. അത് രാമക്ഷേത്ര നിര്‍മ്മാണ പ്രസ്ഥാനത്തെയും വിശ്വാസികളായ ഹിന്ദുക്കളെയും മാത്രമല്ല രാജ്യത്തെയാകെ വഞ്ചിക്കുന്നതായിപ്പോയി.
തുടര്‍ന്ന് സംഭവിച്ചത് ഭാരത രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച ചരിത്രം. ഉത്തര്‍പ്രദേശില്‍ കര്‍സേവയ്ക്ക് ഒക്ടോബര്‍ 30 ന് ഒരു ഈച്ചയെപ്പോലും കടത്തിവിട്ടില്ല എന്ന് മുലായംസിങ് വെല്ലുവിളിച്ചു. വി.പി. സിങ്ങിനെയും മുലായത്തെയും കടത്തിവെട്ടി ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥയാത്ര നടത്തിയെത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്തു. അതിനിടെ ഒക്ടോബര്‍ 17 ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ദല്‍ഹിയില്‍ ചേര്‍ന്ന് പാസാക്കിയ പ്രമേയം, വി.പി. സിങ് സര്‍ക്കാരിനുള്ള താക്കീതായിരുന്നു. ചിലര്‍ മനസില്‍ കാണുമ്പോള്‍ അത് മാനത്തു കാണുന്നവരാണല്ലോ ദീര്‍ഘദര്‍ശികള്‍.
കാര്യങ്ങളുടെ സാധ്യത മുന്‍കൂട്ടിക്കണ്ട് പാസാക്കിയ ബിജെപി പ്രമേയത്തില്‍ ഇങ്ങനെയായിരുന്നു എഴുത്ത്: ”കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളത് ജനവികാരം മാനിക്കണമെന്നാണ്. രാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ജനങ്ങളെ അനുവദിക്കണം. ക്ഷേത്രനിര്‍മ്മാണം തടയാനോ, രഥയാത്ര തടയാനോ തുനിഞ്ഞാല്‍ സര്‍ക്കാരിന് നല്കുന്ന പിന്തുണ പിന്‍വലിക്കാനും തയാറാകുമെന്ന് ഈ ദേശീയ നിര്‍വാഹക സമിതിയോഗം മുന്നറിയിപ്പു നല്കുന്നു.” വി.പി. സിങ് ക്ഷേത്രനിര്‍മ്മാണ നടപടികളില്‍ നിന്ന് പിന്മാറി; ലാലു പ്രസാദ് യാദവ് അദ്വാനിയുടെ രഥയാത്ര തടഞ്ഞു. ഒക്ടോബര്‍ 23 ന്, വി.പി. സിങ് ഭരണത്തിന് ബിജെപി നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. ‘വി പി വീണു.’ കണക്കുകള്‍ ശരിയായിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചു. പക്ഷേ അത് തിരിച്ചറിയാത്ത വി.പി. സിങ് ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടു തേടാന്‍ തീരുമാനിച്ചു. തീരുമാനങ്ങളിലെ മണ്ടത്തരങ്ങള്‍ തുടര്‍ന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: