തിരുവനന്തപുരം: അഞ്ചുവര്‍ഷം കേന്ദ്രമന്ത്രിയായിരുന്ന ഒരാളുടെ സ്വത്തുവിവരം കേട്ടപ്പോള്‍ ഞെട്ടിയത് മണ്ഡലത്തിലെ വോട്ടര്‍മാരാണ്. കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ വി. മുരളീധരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങള്‍ കേട്ട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അതിശയിച്ചു പോയി. മുരളീധരന് സ്വന്തമായി വീടോ വസ്തുവോ ഇല്ല. കൈയിലുള്ളതാകട്ടെ 1000 രൂപയും. തിരുവനന്തപുരം കലക്ടറേറ്റിൽ ഇന്നലെ നൽകിയ നാമനിർദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്. വി മുരളീധരന് 83,437രൂപയുടെ കടബാധ്യതയാണുള്ളത്. ഒരു സംസ്ഥാനത്തെ മന്ത്രിമാര്‍ പോലും സ്വത്തുക്കള്‍ വാരിക്കൂട്ടുമ്പോഴാണ് വി. മുരളീധരന്‍ ഇത്ര ലളിത ജീവിതം നയിച്ചിരുന്ന ആളോ എന്ന കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. വെറുതെയല്ല, ഇത്രയും കാലം പ്രധാനമന്ത്രി മോദിയുടെ ഗുഡ് ബുക്കില്‍ കേന്ദ്രമന്ത്രിസ്ഥാനം വഹിച്ച് മുരളീധരന്‍ കഴിഞ്ഞിരുന്നതെന്ന് ഇപ്പോള്‍ ജനം മനസ്സിലാക്കുന്നു.
ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. എഫ്.ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 15.41 ലക്ഷം വിലയുള്ള കാർ സ്വന്തമായുണ്ട്. കൈയിൽ ധരിച്ചിരിക്കുന്ന ആറ് ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയുണ്ട്. 83,437 രൂപ ലോൺ അടയ്‌ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്.
മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം. ലോൺ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം.
ഭാര്യയുടെ പേരിൽ 46.75 ലക്ഷം രൂപ മൂല്യം വരുന്ന സ്വത്തുണ്ട്. ഭാര്യക്ക് സ്വന്തം പേരിലും പങ്കാളിത്തത്തിലുമായാണ് ഇത്രയും സ്വത്തുള്ളത്. 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഉണ്ട്.
ഭാര്യയ്‌ക്ക് 10 ലക്ഷത്തിന്റെ ഹൗസിങ് ലോൺ ഉണ്ട്. സമരം നടത്തിയതിന് തിരുവനന്തപുരത്തും തൃശൂരും മലപ്പുറത്തുമായി മുരളീധരന്റെ പേരിൽ അഞ്ച് പൊലീസ് കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: