ആലപ്പുഴ: നിസ്വാര്‍ത്ഥ സേവനത്തിന്റെ മറുവാക്കായി മാറിയ ദേശീയ സേവാഭാരതിക്ക് ഭൂമിയും വീടും സൗജന്യമായി നല്കി ഒരു കുടുംബം. കുട്ടനാട് ചമ്പക്കുളം പുല്ലങ്ങടി പടനായര് പൂത്തുറ വീട്ടില്‍ പരേതനായ ബാലരാജന്റെ ഓര്‍മ്മക്കായി ഭാര്യ രാജമ്മ ബാലരാജനും, കുടുംബവുമാണ് ദേശീയ സേവാഭാരതിക്ക് കോടികള്‍ വിലമതിക്കുന്ന ഭൂമിയും, ഭവനവും കൈമാറിയത്.
ചമ്പക്കുളം പടിപ്പുരക്കല്‍ ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 98 സെന്റ് ഭൂമിയുടേയും, ഭവനത്തിന്റേയും ആധാരം രാജമ്മ ബാലരാജന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന് കൈമാറി. ചടങ്ങില്‍ ഗോകുല്‍ ചക്കുളത്തുകാവ് അദ്ധ്യക്ഷനായി. ദേശീയ സേവാഭാരതി കേരളം വൈസ് പ്രസിഡന്റ് ഡോ. കൃഷ്ണന് നമ്പൂതിരി സേവാഭാരതിയുടെ ആദരവായി രാജമ്മയ്ക്കു മംഗളപത്രം നല്കി.
സേവാഭാരതി ജില്ല ജനറല്‍ സെക്രട്ടറി പി. ശ്രീജിത്ത്, ആര്‍എസ്എസ് ആലപ്പുഴ ജില്ലാ സംഘചാലക് കേണല്‍ റാം മോഹന്‍, സേവാഭാരതി ജില്ലാ സമിതി അംഗം എം.എസ്. മധുസുധനന്, ജില്ലാ സംഘടന സെക്രട്ടറി എസ്. ജയകൃഷ്ണന്, പി.പി. പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ഇവിടെ കേന്ദ്രീകരിച്ച് നടത്തണമെന്നും മറ്റു ഉപാധികള്‍ ഒന്നും ഇല്ലാതെയാണ് ഭൂമിയും കെട്ടിടവും നല്‍കുന്നതെന്ന് രാജമ്മ പ്രതികരിച്ചു.
രാജമ്മ(80)യും മക്കള്‍ സുനില്‍ രാജന്, സജി രാജന് എന്നിവര്‍ കുടുംബസമേതം അമേരിക്കയിലാണ് താമസം. നാട്ടിലെത്തിയാല്‍ കുടുംബവീടായ പുറമറ്റം കവുങ്ങുംപ്രയാര്‍ കാവില്‍ വീട്ടിലാണ് തങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: