കൽപ്പറ്റ: സിപിഎമ്മിന് കരുവന്നൂരിൽ മാത്രമല്ല എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവർ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. നോട്ട് നിരോധന സമയത്ത് മുഖ്യമന്ത്രി സമരം ചെയ്തത് ഈ കള്ളപ്പണം സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സഹകരണബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് പണം നഷ്ടമായവർക്ക് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസ് – സിപിഎം തീവെട്ടിക്കൊള്ളയ്‌ക്ക് ഇരയായവർക്കൊപ്പമാണ് കേന്ദ്ര സർക്കാരും ബിജെപിയും. വയനാട് ജില്ലയിൽ പുൽപ്പള്ളി സഹകരണ ബാങ്കിലും അഴിമതി നടന്നു. കോൺഗ്രസാണ് ഇതിന് പിന്നിൽ. സിപിഎമ്മും കോൺഗ്രസും നടത്തിയ സഹകരണകൊള്ളയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ലോക്സഭാ കൺവീനർ പ്രശാന്ത് മലവയൽ, ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: