ന്യൂദല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ മുഴുവന്‍ ഭാരതീയരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. കംബോഡിയയിലെ ഭാരത ഏജന്‍സി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടണ്ട്. ഏതാണ്ട് അയ്യായിരത്തോളം പേര് ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 250 ഭാരതീയരെ തിരികെ എത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മികച്ച തൊഴിലും ശമ്പളവും വാഗ്ദാനം ചെയ്ത് കംബോഡിയയില്‍ എത്തിയ ഭാരതീയരെ നിയമവിരുദ്ധമായ സൈബര്‍ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. തട്ടിപ്പിനിരയായവര്‍ സഹായം ആവശ്യപ്പെട്ട് കംബോഡിയയിലെ ഭാരത എംബസിയെ സമീപിച്ചതോടെ വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ഇടപെടുകയായിരുന്നു. കംബോഡിയന്‍ അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കംബോഡിയ കേന്ദ്രീകരിച്ച് നടക്കുന്ന തൊഴില്‍ തട്ടിപ്പിനെ കുറിച്ച് നിരവധി തവണ വിദേശകാര്യമന്ത്രാലയവും ഭാരത എംബസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരിച്ച് വരാന്‍ തയാറായ എല്ലാവരെയും സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഇത്തരം വഞ്ചനയ്ക്ക് ഉത്തരവാദികളായ ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: