ന്യൂദല്‍ഹി: ഇന്‍ഡി സഖ്യം ഇന്നലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയിലും ഭിന്നിപ്പ് പ്രകടമാക്കി കോണ്‍ഗ്രസും ആപ്പും. മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റു ചെയ്തതിനെതിരായ ജനങ്ങളുടെ പ്രതിഷേധമായാണ് റാലി സംഘടിപ്പിക്കുന്നതെന്നാണ് ആപ്പ് നേതാക്കള്‍ പറഞ്ഞത്.
എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിക്കു വേണ്ടിയല്ല റാലിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. റാലി അറസ്റ്റിനെതിരായ ശക്തിപ്രകടനമാക്കാന്‍ ആപ്പ് ശ്രമിച്ചപ്പോള്‍ അതല്ലെന്ന് വരുത്താനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. റാലിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗത്തിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ഇക്കാര്യം വളരെ വ്യക്തവുമായിരുന്നു.
അരവിന്ദ് കേജ്രിവാള് അഴിമതിക്കാരനാണെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കുകയും സമരം നടത്തുകയും ചെയ്തിരുന്നു കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് തന്നെ കേജ്രിവാളിനെ അറസ്റ്റു ചെയ്തതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യത്തില്‍ നിന്ന് തലയൂരാനാണ് ഏതെങ്കിലും വ്യക്തിക്ക് വേണ്ടി മാത്രമല്ല റാലിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയാന്‍ കാരണം. എന്നാല്‍ ആപ്പ് നേതാക്കളാകട്ടെ റാലി കേജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.
റാലിയില്‍ പങ്കെടുത്ത കേജ്രിവാളിന്റെ ഭാര്യ സുനിത, കേജ്രിവാളിന്റെതായ സന്ദേശവും റാലിയില്‍ വായിച്ചു. ഈ സന്ദേശത്തിലുണ്ടായിരുന്നത് കേജ്രിവാളിന്റെ മാത്രം തീരുമാനങ്ങളായിരുന്നു. ഇത് സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിനും കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്കവാദ്ര, കെ.സി. വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്, ശരദ് പവാര്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: