പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്നു പറഞ്ഞ ഡെങ് സിയാവോ പിങ്ങുപോലും ഇത്രയും പ്രതീക്ഷിച്ചുകാണില്ല. അപ്രായോഗികമായ സോഷ്യലിസ്റ്റ് ശാഠ്യങ്ങള്‍ ഉപേക്ഷിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥ വികസിക്കണമെന്ന ആഗ്രഹമായിരുന്നു ഡെങ്ങിന് ഉണ്ടായിരുന്നത്. ഗോര്‍ബച്ചേവിനു മുന്നേ ചൈനീസ് മോഡല്‍ പെരിസ്‌ട്രോയിക്ക പ്രാവര്‍ത്തികമാക്കിയ ആള്‍ എന്ന നിലയ്‌ക്ക് ആധുനിക ചൈനയുടെ ചരിത്രത്തില്‍ ഡെങ്ങിന് പ്രത്യേക സ്ഥാനമുണ്ട്. സോവിയറ്റ് യൂണിയന് സംഭവിച്ചതുപോലുള്ള തകര്‍ച്ചയില്‍ നിന്ന് ചൈനയെ രക്ഷിച്ചത് ഡെങ്ങിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ്. മാവോയുടെ കാലത്ത് കഠിന ശിക്ഷ അനുഭവിക്കേണ്ടിവന്ന ഡെങ്ങിന്റെ മകനെപ്പോലും കമ്യൂണിസ്റ്റ് ഭരണകൂടം വേട്ടയാടി. ബെയ്ജിങ് യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററിയുടെ ജനലിലൂടെ താഴേക്കു ചാടിയ ഈ യുവാവിന് ആജീവനാന്തം വികലാംഗനായി കഴിയേണ്ടി വന്നു.
ഡെങ്ങിന്റെ സങ്കല്‍പ്പത്തിനപ്പുറം പോയ ചൈന സമ്പൂര്‍ണ മുതലാളിത്വത്തിലേക്ക് നീങ്ങി. മൂലധനം കുന്നുകൂട്ടലും അടിമപ്പണിയും കണ്ണില്‍ച്ചോരയില്ലാത്ത ചൂഷണവുമൊക്കെ ചുവന്ന മുതലാളിത്വത്തിന്റെ മുഖമുദ്രയായി. ചൂഷണത്തിന്റെ മാവോയിസ്റ്റ് രീതികള്‍ നിര്‍ബാധം അരങ്ങേറിയപ്പോള്‍ മുതലാളിമാരുടെയും അവരില്‍തന്നെ ശതകോടീശ്വരന്മാരുടെയും എണ്ണം സമത്വസുന്ദര വ്യവസ്ഥിതിയില്‍ അനുദിനമെന്നോണം പെരുകിക്കൊണ്ടിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങാത്തവരും, ഭരണകൂടത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരുമായ മുതലാളിമാര്‍ മാത്രം ശിക്ഷിക്കപ്പെട്ടു. സമ്പന്നതകള്‍ക്ക് നടുവില്‍ നിന്ന് ഒരുനാള്‍ ഇവര്‍ ഓരോരുത്തരായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
ചൈനീസ് മുതലാളിത്തം സംബന്ധിച്ച ഏറ്റവും പുതിയ ഒരു വിവരംകൂടി പുറത്തുവന്നിരിക്കുന്നു. ലോകത്തില്‍ ശതകോടീശ്വരന്മാര്‍ ഏറ്റവും കൂടുതലുള്ളത് ചൈനയിലാണത്രേ-814 പേര്‍. അമേരിക്കയാണ് രണ്ടാമത്- 800 പേര്‍. ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ജര്‍മനിയെ പിന്തള്ളി ഭാരതം മൂന്നാം സ്ഥാനത്ത് എത്തിയതും, ബെയ്ജിങ്ങിനെ പിന്തള്ളി ശതകോടീശ്വരന്മാരുടെ സ്വന്തം നഗരമായി മുംബൈ മാറിയതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കൊപ്പമാണ് ശതകോടീശ്വരന്മാരുടെ സ്വന്തം രാജ്യം ചൈനയാണെന്ന വിവരവും ലോകം അറിയുന്നത്. ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള അതിസമ്പന്ന പട്ടികയിലാണ് ഇക്കാര്യം പറയുന്നത്.
ചൈനയെ സംബന്ധിക്കുന്ന കമ്മ്യൂണിസ്റ്റ് കാപട്യങ്ങളില്‍ ഒന്നാണിത്. സ്വേച്ഛാധിപത്യത്തിന്റെ കാര്യത്തില്‍ റഷ്യയിലെ സ്റ്റാലിന് തുല്യനായിരുന്നു മാവോ സേതൂങ്. എതിരാളികളാണെന്നു തോന്നിയ നേതാക്കളെ ഒന്നടങ്കം കൊന്നുകളയാന്‍ സ്റ്റാലിന്‍ നടപ്പാക്കിയ ‘ദ ഗ്രേറ്റ് പര്‍ജ്’ എന്ന കിരാത നടപടിയുടെ മാവോയിസ്റ്റ് പരിഭാഷയായിരുന്നു ‘ദ് ഗ്രേറ്റ് പ്രോലിറ്റേറിയന്‍ ചൈനീസ് കള്‍ച്ചറല്‍ റവല്യൂഷന്‍.’ ലക്ഷങ്ങളാണ് ഇതിലൂടെ കൊന്നൊടുക്കപ്പെട്ടത്. നൂറ് പൂക്കള്‍ വിരിയട്ടെ എന്നും, മഹത്തായ കുതിച്ചുചാട്ടം എന്നുമൊക്കെയുള്ള മാവോയുടെ മഹത്തായ സങ്കല്‍പ്പങ്ങളും പരിപാടികളും കൊടുംക്രൂരതകളിലും കൂട്ടക്കൊലകളിലുമാണ് അവസാനിച്ചത്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത സ്വഭാവക്കാരനുമായിരുന്നു മാവോ. വാര്‍ദ്ധക്യത്തിലും പൗരുഷം നിലനിര്‍ത്താന്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധത്തിന് കഴിയുമെന്ന് വിശ്വസിച്ച ആളായിരുന്നു. ‘കള്‍ച്ചറല്‍ വര്‍ക്ക് ട്രൂപ്പ്’ എന്ന പേരില്‍ അറിയപ്പെട്ട ഈ പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കലായിരുന്നു മാവോയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ചീഫിന്റെ പണി.
മുതലാളിത്തം എന്നുകേട്ടാല്‍ ഇന്ത്യയിലെ ഇടതു പാര്‍ട്ടികള്‍ക്ക് പതിറ്റാണ്ടുകളായി അത് അമേരിക്കയാണ്. ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്നതായിരുന്നുവല്ലോ പുന്നപ്ര-വയലാര്‍ കാലത്തെ മുദ്രാവാക്യം. മുതലാളിത്വത്തെ നിന്ദിച്ചും, ഭൂമിയിലെ നരകമാണതെന്ന് പ്രഖ്യാപിച്ചും കാലംകഴിച്ചവരാണ് പല കമ്മ്യൂണിസ്റ്റുകളും. പാര്‍ട്ടി നേതാക്കളുടെ ഒളിവുജീവിതകാലത്തെ അസാന്മാര്‍ഗിക പ്രവൃത്തികളെ വിമര്‍ശിക്കുന്നവര്‍ പോലും മുതലാളിത്തത്തിന്റെ മൂടുതാങ്ങികള്‍ എന്ന പഴികേട്ടു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലില്‍ അക്ഷരാഭ്യാസമില്ലാത്ത കഥാപാത്രമായ നൈസാമലി വിളിക്കുന്ന വിളിക്കുന്ന മുദ്രാവാക്യം ‘ആങ്കളോ അമേരിക്കന്‍ ചൊരണ്ടല്‍- നസിക്കട്ടെ’ എന്നതാണല്ലോ.
സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ക്യൂബയുമൊക്കെ ഒറ്റയ്‌ക്കും കൂട്ടായും ശ്രമിച്ചത് അമേരിക്കന്‍ മുതലാളിത്വത്തിന് അന്ത്യം കുറിക്കാനാണ്! എന്നാല്‍ അമേരിക്ക നിരന്തരം പ്രതിസന്ധികളെ അതിജീവിക്കുകയും, സോവിയറ്റ് യൂണിയനും മറ്റും തകര്‍ന്നുപോവുകയും ചെയ്തു. അപ്പോഴും മുതലാളിത്വത്തോടുള്ള ചൊരുക്ക് ഇടതു പാര്‍ട്ടികള്‍ ഉപേക്ഷിച്ചില്ല. മഹത്തായ സോഷ്യലിസ്റ്റ് മാതൃക സൃഷ്ടിച്ച് ചൈന അമേരിക്കയെ ഭൂമുഖത്തുനിന്ന് ഒരുനാള്‍ അപ്രത്യക്ഷമാക്കും എന്നതായി പുതിയ പ്രതീക്ഷ!
മുതലാളിത്തം പിടിമുറുക്കുകയും ശതകോടീശ്വരന്മാര്‍ പെരുകുകയും ചെയ്യുന്ന ചൈന അമേരിക്കന്‍ മുതലാളിത്വത്തെ നേരിടുകയാണത്രേ. ഇങ്ങനെയൊരു ഭോഷ്‌ക് എഴുന്നള്ളിക്കാന്‍ ഇടതു ബുദ്ധിജീവികള്‍ക്ക് മടിയില്ല. യഥാര്‍ത്ഥത്തില്‍ മുതലാളിത്വത്തിന് ബദല്‍ സോഷ്യലിസവും കമ്മ്യൂണിസവും ആണെന്ന കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തം മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കുകയാണ് ചൈന ചെയ്തത്. മുതലാളിത്വത്തിന് ബദല്‍ മുതലാളിത്തം തന്നെയാണെന്ന് മാവോയുടെ ചൈന പണ്ടേ തിരിച്ചറിയുകയുണ്ടായി. പക്ഷേ ഇന്ത്യയിലെ ഇടതു ബുദ്ധിജീവികള്‍ ഈ വസ്തുത ഇപ്പോഴും സമ്മതിച്ചു തരില്ല. ഇടക്കിടെ ചൈനയില്‍ പോയി വരുന്ന അവര്‍ ചൈനീസ് മോഡല്‍ സോഷ്യലിസത്തെക്കുറിച്ച് ആവേശം കൊള്ളുകയും, അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ അധികം വൈകാതെ സോഷ്യലിസത്തിന്റെ പാതയിലേക്ക് വരുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു. അന്ത്യനിമിഷംവരെ എംഗല്‍സ് എന്ന മുതലാളിയെ ആശ്രയിച്ച് ജീവിച്ച മാര്‍ക്‌സാണല്ലോ മുതലാളിത്വത്തെ വെറുത്തത്! ഇന്ത്യയിലും ഉണ്ടായിരുന്നു ഒരു ചുവന്ന മുതലാളി- ശിങ്കാരവേലു ചെട്ടിയാര്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗം.
മാര്‍ക്‌സിസം-ലെനിനിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ സാമ്രാജ്യത്വ മൂലധനത്തിന്റെയും ചങ്ങാത്ത മുതലാളിത്വത്തിന്റെയും ഗുണഭോക്താക്കളായി കഴിയുന്ന കാഴ്ച മലയാളികള്‍ക്ക് സുപരിചിതമാണ്. ജനകീയ ആസൂത്രണം മുതല്‍ കിഫ്ബി വരെ ഇതിന് മറയാക്കും. ഇതൊക്കെ മുതലാളിത്ത രീതിയല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇക്കൂട്ടര്‍ക്ക് മറുപടിയുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് മുതലാളിത്ത വ്യവസ്ഥിതിയാണ്. ആ പരിമിതികളില്‍ നിന്നുകൊണ്ട് മാത്രമേ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. കാപട്യം മറച്ചുപിടിക്കാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും ജ്യോതി ബസുവും ആവര്‍ത്തിച്ചുകൊണ്ടിരുന്ന, സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമൊക്കെ ഇപ്പോഴും പിന്‍പറ്റുന്ന വാദഗതിയാണിത്. സാമ്രാജ്യത്വ മൂലധനത്തോട് പ്രത്യേകിച്ച് ഒരു വിരോധവും ഇല്ലാത്ത പിണറായി വിജയനും ഡോ. തോമസ് ഐസക്കിനും മറ്റും ഇങ്ങനെയൊരു ന്യായീകരണത്തിന്റെ പോലും ആവശ്യം വരുന്നില്ല.
തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ കാണിക്കുന്ന തുകയെക്കാള്‍ എത്രയോ മടങ്ങായിരിക്കും ഇക്കൂട്ടരുടെ യഥാര്‍ത്ഥ സ്വത്ത്. ഇതൊക്കെ പുറത്തുവരുമെന്ന ഭയംകൊണ്ടാണ് അഴിമതിക്കേസുകളുടെ അന്വേഷണത്തോട് സഹകരിക്കാത്തത്. പിടിക്കപ്പെടുമെന്നുവന്നാല്‍ രാജ്യം വിടാന്‍പോലും ഇക്കൂട്ടര്‍ മടിക്കില്ല.
ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥിതി തങ്ങള്‍ക്ക് ഒരു പ്രശ്‌നമാണെന്ന് ഇടതു പാര്‍ട്ടികള്‍ പറയുന്നത് വാദത്തിനുവേണ്ടി സമ്മതിച്ചു കൊടുക്കാം. പക്ഷേ ചൈനയില്‍ ഇത്തരം പരിമിതികളൊന്നും ഇല്ലല്ലോ. അത് ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. ആ രാജ്യം എന്തിന് മുതലാളിത്ത രീതികള്‍ അനുവര്‍ത്തിക്കണം? ആഗോള മുതലാളിത്വത്തിന്റെ പ്രശ്‌നമാവും അപ്പോള്‍ പറയുക. അതുകൊണ്ട് ചങ്കിലെ ചൈനയില്‍ മുതലാളിത്വം തുടിക്കുന്നതില്‍ തെറ്റ് കാണാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: