ഷാര്‍ജ: മലയാളിയായ ഉടമയുടെ ചതിയില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മുന്‍ സൈനിക ഉദ്യോഗസ്ഥന് സുമനസുകളുടെ സഹായത്താല്‍ വന്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവായി. കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി തോമസുകുട്ടി ഐസക്കിന്റെ (56) ബാധ്യതതുകയായ 40 ലക്ഷം രൂപ നല്കി സഹായിച്ച് പ്രശ്നം പരിഹരിച്ചു.
2009ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം 2015ല്‍ ഷാര്‍ജയില്‍ എത്തി തൃശ്ശൂര്‍ സ്വദേശിയുടെ സ്ക്രാപിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വിസയ്ക്കായുള്ള രേഖകള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് താമസിക്കാനെടുത്ത ഫഌറ്റിന്റെ വാടക കരാറിലും തോമസുകുട്ടിയെ കൊണ്ട് ഉടമ ഒപ്പിടുവിച്ചു.
ഒരു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ തോമസ് 2017ല്‍ തിരികെയെത്തി അബുദാബിയിലെ മറ്റൊരു കമ്പനിയില്‍ പ്രവേശിച്ചു. 2022 ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങവെ ദുബായ് വിമാനത്താവളത്തിലെത്തിയപ്പോള്‍ തന്റെ പേരില്‍ കേസും ട്രാവല്‍ബാനും ഉണ്ടെന്നറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് ചതി മനസിലാകുന്നത്.
മൂന്ന് വര്‍ഷമായി വാടക നല്കാത്തതിനാല് ഷാര്‍ജ നഗരസഭയില്‍ തനിക്കെതിരെ തൃശ്ശൂര്‍ സ്വദേശി കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും വാടക കുടിശികയായ 40 ലക്ഷം രൂപ അടച്ചാലെ കേസില്‍ നിന്ന് ഒഴിവാകാനാകൂ എന്നും മനസിലാക്കി. ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലെ ഡോ. വില്‍സണ്‍ ജോസഫ്, യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശേരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് തോമസുകുട്ടിക്ക് രക്ഷയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: