തിരുവനന്തപുരം: ‘ധരിച്ച വസ്ത്രങ്ങള്‍ മറ്റൊരാള്‍ക്ക് വിറ്റ് പണമുണ്ടാക്കാന്‍ നാണമില്ലേ?’ – നവ്യാനായര്‍ ഉപയോഗിച്ച സാരികള്‍ വില്‍ക്കുന്നതായി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകളുമായി ജനങ്ങളെ സമീപിച്ചപ്പോള്‍ ചിലര്‍ നടത്തിയ വിമര്‍ശനമാണിത്. എന്നാല്‍ ഈ പഴയ സാരികള്‍ വിറ്റ പണം കൊണ്ട് ഗാന്ധി ഭവനില്‍ ആരോരുമില്ലാത്ത അന്തേവാസികള്‍ക്ക് സമ്മാനങ്ങൾ വാങ്ങി നല്‍കിക്കൊണ്ടാണ് നവ്യാനായര്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.
മിതവ്യയസംസ്കാരത്തിന് തുടക്കം കുറിച്ച് നവ്യ
വാസ്തവത്തില്‍ ത്രിഫ്റ്റിങ് എന്ന ഒരു പുതിയ സംസ്കാരത്തിനും കൂടിയാണ് നവ്യാനായര്‍ തുടക്കമിട്ടത്. ഉപയോഗിച്ച വസ്ത്രങ്ങളോ സാധനങ്ങളോ വില്‍ക്കുന്നതാണ് ഈ സംസ്കാരം. അത് വാങ്ങുന്നവര്‍ക്ക് പക്ഷെ ഇനിയും കുറെനാള്‍ അത് ഉപയോഗിക്കാന്‍ കഴിയും. മിതവ്യയ സംസ്കാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ലാഭമാണ് ഈ ഏര്‍പ്പാട്.
തന്നെ കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. അടുത്തിടെയായിരുന്നു താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികൾ ഓണ്‍ലൈനില്‍ വിൽപ്പനയ്‌ക്ക് വെച്ചത്.
ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്. താരം ഇത്തരമൊരു പ്രവൃത്തിയുമായി രംഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്.
കുടുംബത്തൊപ്പം കൈ നിറയെ സാധനങ്ങളുമായാണ് നവ്യ ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്.സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികൾക്കായി നവ്യാ നായർ സമ്മാനിച്ചു. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു. ഗാന്ധിഭവൻ സന്ദർശിക്കാൻ വന്നപ്പോൾ മകനെയും നവ്യ ഒപ്പം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: