ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗമായി തമിഴ്നാട്ടിലെ രാമേശ്വരത്തിന് അടുത്തുള്ള കച്ചൈതീവിനെ ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയത് 1974ല്‍ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് വിവരാവകാശ രേഖ. ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ നല്കിയ അപേക്ഷയിലാണ് ഈ വിവരാവകാശ രേഖ ലഭിച്ചത്.
നേരത്തെ ഇന്ത്യയും ശ്രീലങ്കയും തുല്യാവകാശത്തോടെ ഉപയോഗിച്ചിരുന്ന ദ്വീപാണ് കച്ചൈതീവ്. പിന്നീട് 1974ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ദിരാഗാന്ധി ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. നെഹ്രുവിന്റെ ഭരണകാലം മുതലേ കച്ചൈത്തീവ് സ്വന്തമാക്കാന്‍ ഒരു ശ്രമവും ഇന്ത്യ നടത്തിയില്ലെന്നും പാര്‍ലമെന്റ് രേഖകള്‍ സൂചിപ്പിക്കുന്നു. എല്ലാക്കാലത്തും പാക് കടലിടുക്കില്‍ കിടക്കുന്ന ഈ ദ്വീപിനോട് ഒരു ഉപേക്ഷ മനോഭാവമായിരുന്നു ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് എന്നും രേഖകള്‍ സൂചിപ്പക്കുന്നു.
കച്ചൈത്തീവ് :തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ സ്ഥിരം തലവേദന
തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കച്ചൈത്തീവ് പ്രധാനമാണ്. കാരണം തമിഴ്നാട്ടില്‍ നിന്നും മീന്‍ പിടിക്കാന്‍ പോകുന്നവര്‍ കച്ചൈത്തീവിന് ചുറ്റുമുള്ള കടല്‍പ്രദേശത്ത് എത്തിയാല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് കുറ്റപ്പെടുത്തി ശ്രീലങ്ക ജയിലില്‍ ഇടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തമിഴ്നാട്ടിലെ മീന്‍പിടുത്തക്കാര്‍ക്ക് സ്വതന്ത്രമായി മീന്‍പിടിക്കണമെങ്കില്‍ കച്ചൈത്തീവ് വിട്ടുകിട്ടിയേ തീരു. പക്ഷെ ഒരിയ്ക്കല്‍ ഇന്ത്യയുടെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി അവകാശം എഴുതിക്കൊടുത്ത ദ്വീപ് എങ്ങിനെ തിരിച്ചുപിടിക്കും? കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് ബിജെപിയ്ക്കെതിരെ കച്ചൈത്തീവ് പ്രശ്നം ഉയര്‍ത്തി ഡിഎംകെ ആളാവുകയായിരുന്നു ഇത്രനാളും.
ഇതോടെ കച്ചൈതീവ് പ്രശ്നം തമിഴ്നാട്ടില്‍ വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറും. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച മോദി സര്‍ക്കാര്‍ കച്ചൈതീവ് തമിഴ്നാടിന് വിട്ടുകിട്ടാന്‍ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുന്ന ഡിഎംകെ നേതാക്കളെ അടിക്കാന്‍ ബിജെപിയ്ക്കുള്ള വടിയായി മാറും കച്ചൈത്തീവ് പ്രശ്നം. ഡിഎംകെയും കോണ്‍ഗ്രസും ചേര്‍ന്നാണ് കച്ചൈത്തീവിനെ ശ്രീലങ്കയ്ക്ക് നല്‍കിയതെന്ന പ്രചാരണമായിരിക്കും ബിജെപി അഴിച്ചുവിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: