ന്യൂദൽഹി: ബിജെപി മുൻ ദേശീയ അധ്യക്ഷനും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ. കെ. അദ്വാനിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു ഞായറാഴ്ച രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകി ആദരിച്ചു. അദ്വാനിയുടെ വസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അദ്വാനിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തുവെന്ന് രാഷ്‌ട്രപതി ഭവൻ എക്‌സ്-ലെ പോസ്റ്റിൽ അറിയിച്ചു. അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്വാനിക്ക് പങ്കെടുക്കാനായില്ല.
രാഷ്‌ട്രപതി മുർമു അദ്വാനിക്ക് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ഭാരതരത്‌നം സമ്മാനിച്ചതിനെ ബിജെപിയുടെ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരടക്കം അഭിനന്ദിച്ചു.
ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി രാജ്യത്ത് ബിജെപിയ്‌ക്ക് അടിത്തറയൊരുക്കിയ നെടുംതൂണുകളില്‍ ഒന്നായിരുന്നു. പതിനാലാം വയസ്സില്‍ ആര്‍എസ്എസില്‍ എത്തിയ വ്യക്തിയാണ് അദ്വാനി. 1951ല്‍ ജനസംഘത്തില്‍ അംഗമായി. ഈ ജനസംഘമാണ് പിന്നീട് ബിജെപിയായി പരിവര്‍ത്തനം ചെയ്തത്. 1990ല്‍ ഇദ്ദേഹം നടത്തിയ രഥയാത്രയാണ് ബിജെപിയെ രാജ്യത്തെ നിര്‍ണ്ണായക ശക്തിയാക്കി മാറ്റിയത്.
1998 മുതല്‍ 2004 വരെ ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. വിഭജന സമയത്ത് ഭാരതത്തിലേക്ക് കുടിയേറി മുംബൈയില്‍ സ്ഥിരതാമസമാക്കിയതാണ് അദ്വാനിയുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: