തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരേ കേസ് നടത്താനും നിയമോപദേശത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 10 കോടിയോളം രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് 2021 മുതല്‍ ഇങ്ങോട്ട് 10 കോടിയോളം രൂപ ചെലവഴിച്ചത്.
കടമെടുപ്പ് സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഹാജരാകാന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരിക്കുന്നത് 2.35 കോടി രൂപയാണ്. ഇതില്‍ 75 ലക്ഷം നല്‍കിയിട്ടുണ്ട്. കൂടാതെ സുപ്രീംകോടതിയില്‍ മറ്റു കേസുകള്‍ക്കു ഹാജരായ വകയില്‍ 2021 മേയ് മുതല്‍ 1.11 കോടിയും ഫീസായി നല്‍കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണ് കണക്കുകള്‍ പുറത്തുവന്നത്. പെരിയ, ഷുഹൈബ് കേസുകള്‍ക്കു പുറമേയാണ് ഈ കണക്കുകള്‍.
2021 മേയ് മുതല്‍ നിയമോപദേശത്തിനായി 93.90 ലക്ഷം രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കായി 8.25 കോടി രൂപ ഫീസിനത്തില്‍ നല്കി. ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കേസുകളാണ്. ഒന്നോ രണ്ടോ കേസുകള്‍ മാത്രമാണ് സര്‍വീസ് സംബന്ധമായുള്ളത്. നിയമോപദേശത്തിന് ഫാലി എസ്. നരിമാന് മാത്രം 30 ലക്ഷം നല്കി. ഇദ്ദേഹത്തിന്റെ ജൂനിയര്‍മാരായ സുബാഷ് ശര്‍മയ്ക്ക് 9.90 ലക്ഷവും സഫീര്‍ അഹമ്മദിന് നാലു ലക്ഷവും ഫീസായി കൊടുത്തു. കൂടാതെ ഇവരുടെ ക്ലാര്‍ക്ക് വിനോദ് കെ. ആനന്ദിന് മൂന്നു ലക്ഷവും നല്കി. കെ.കെ. വേണുഗോപാലിന് 15 ലക്ഷം നിയമോപദേശത്തിനു മാത്രമായി കൊടുത്തു. മദന്‍ ബി. ലോകുറിന് 24 ലക്ഷവും മുഹമ്മദ് നിസാമുദ്ദീന്‍ പാഷയ്ക്ക് എട്ടു ലക്ഷവും നല്കി. ആകെ 93,90,000 രൂപ.
സുപ്രീം കോടതിയില്‍ ഹാജരായവരുടെ ഫീസില്‍ ജയ്ദീപ് ഗുപ്തയ്ക്ക് 2.14 കോടി നല്‍കിയിട്ടുണ്ട്. കെ.കെ. വേണുഗോപാലിന് 1.42 കോടിയും സിബലിന് 1.11 കോടിയും കൊടുത്തു. ആര്. ബസന്ത്- 14.30 ലക്ഷം, സി.എന്‍. ശ്രീകുമാര്‍- 1.76, വി. ഗിരി- 17.35, രഞ്ജിത് കുമാര്‍- 77, പി.വി. സുരേന്ദ്രനാഥ്- 19.36, കെ.വി. വിശ്വനാഥന്- 18.80, കെ.എന്‍. ബാലഗോപാല്‍- 24.20, ഹരിന്‍ പി.റാവല്‍- 21.45, പല്ലവ് സിസോദിയ- 55, ആര്. വെങ്കിട്ടരമണി- 2.50, പ്രതാപ് സുദര്ശന്- 66,000, ചന്ദര്‍ ഉദയ് സിങ്- 19 ലക്ഷം, നവീന്‍ ആര്. നാഥ്- 5.35, നീരജ് കൃഷ്ണന് കൗള്‍- 5.50, ജയനാഥ് മുത്തുരാജ്- 21.12, രഞ്ജിത്ത് കുമാര്‍- 11, സന്തോഷ് പോള്‍- 88,000, പി.എന്‍. രവീന്ദ്രന്- 2.64 ലക്ഷം, എ. മൗലിക്- എട്ട്, രാജേഷ് ദ്വിവേദി- 25, വി. ചിദംബരേഷ്- 2.20, രഞ്ജിത് തമ്പാന്- 4.40 ലക്ഷം എന്നിങ്ങനെ ഫീസ് ഇനത്തില്‍ കൈപ്പറ്റി. ഇത് 8.25 ലക്ഷം വരും. അഡ്വക്കറ്റ് ജനറലും മറ്റുമായി 70ല്‍ അധികം അഭിഭാഷകരുള്ളപ്പോഴാണിത്.
ഇതു കൂടാതെയാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്കു വേണ്ടി 96,34,261 രൂപയും കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ വധിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ 1,14,83,132 രൂപയും നല്കി. രണ്ടു കേസിനും കൂടി 2.11 കോടിയാണ് ഖജനാവില്‍ നിന്നു ചെലവഴിച്ചത്. ഇതിനെല്ലാം പുറമേയാണ് ഇപ്പോള്‍ രാഷ്ട്രപതിക്കെതിരെയും പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: