ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള എല്‍.എസ്.ജിക്ക് ഇന്നത്തെ വിജയം ആശ്വാസമായി. ലക്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ് 178ല്‍ അവസാനിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്.
പഞ്ചാബ് കിങ്‌സിന് മുന്നില്‍ 200 റണ്‍സിന്റെ ലക്ഷ്യം വെച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്‌ച്ചവച്ചത്. ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ദ്ധസെഞ്ചുറിയും വെടിക്കെട്ട് പ്രകടനത്തിലൂടെ നിക്കോളാസ് പൂരനും(21 പന്തില്‍ 42) ക്രുണാല്‍ പാണ്ഡ്യയും(22 പന്തില്‍ പുറത്താകാതെ 43) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം കാഴ്‌ച്ചവച്ചതിന്റെയും ബലത്തിലാണ് ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ പടുക്കാനായത്.
പരിക്കില്‍ നിന്നും മോചിതനായി മത്സരത്തിനിറങ്ങിയെങ്കിലും കെ.എല്‍. രാഹുല്‍ കളി നിയന്ത്രിക്കാനുള്ള ക്യാപ്റ്റന്റെ അധികാരം ഏറ്റെടുത്തില്ല. നിക്കോളാസ് പൂരന്‍ ആണ് കളി നിയന്ത്രിച്ചത്. ലഖ്‌നൗ നിരയിലെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി സാം കറന്‍ മികവുകാട്ടി.
ചെയ്‌സിംഗിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍മാര്‍ മികവ് കാട്ടി. 102 റണ്‍സ് നേടിയെങ്കിലും അതിന് ശേഷം ഈ മികവ് തുടരുവാന്‍ സാധിച്ചില്ല. മയാംഗ് യാദവിന്റെ പേസിന് മുന്നില്‍ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 102/0 എന്ന നിലയില്‍ നിന്ന് 139/3 എന്ന നിലയിലേക്ക് വീണു. പിന്നീട് മൊഹ്‌സിന്‍ ഖാന്‍ ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയപ്പോള്‍ പഞ്ചാബ് മത്സരം കൈവിട്ടു. 5 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബിന് 178 റണ്‍സ് മാത്രമേ നേടാനായുള്ളു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റണ്‍സ് നേടിയ പഞ്ചാബ് ഓപ്പണര്‍മാര്‍ 10 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 98 റണ്‍സ് കൊണ്ടുവന്നു. 12ാം ഓവറില്‍ മയാംഗ് യാദവ് ബൈര്‍സ്‌റ്റോയെ പുറത്താക്കി ലക്‌നൗവിന് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 29 പന്തില്‍ നിന്ന് 42 റണ്‍സായിരുന്നു ബൈര്‍സ്‌റ്റോയുടെ സംഭാവന.
ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രഭ്‌സിമ്രാന്‍ സിംഗ് 7 പന്തില്‍19 റണ്‍സ് നേടിയെങ്കിലും മയാംഗ് യാദവിന് വിക്കറ്റ് നല്‍കി താരവും മടങ്ങി. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 64 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശം എട്ട് വിക്കറ്റും ഫോമിലുള്ള ശിഖര്‍ ധവാനും ഉള്ളത് ടീമിന് ആത്മവിശ്വാസം നല്‍കി.
എന്നാല്‍ മയാംഗ് യാദവ് ജിതേഷ് ശര്‍മ്മയെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മൊഹ്‌സിന്‍ ഖാന്‍ പഞ്ചാബിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. 50 പന്തില്‍ 70 റണ്‍സ് ആയിരുന്നു ശിഖര്‍ ധവാന്റെ സ്‌കോര്‍.
അവസാന രണ്ടോവറില്‍ 48 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് വെറും 7 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 41 ആയി. നവിന്‍ ഉള്‍ ഹക്കിനെ രണ്ട് സിക്‌സിനും ഒരു ഫോറിനും ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ലിയാം അതിര്‍ത്തി കടത്തിയെങ്കിലും അടുത്ത മൂന്ന് പന്തില്‍ നിന്ന് പഞ്ചാബിന് 2 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 21 റണ്‍സിന്റെ മികച്ച വിജയം ലക്‌നൗവിന് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: