Categories: Entertainment

നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സീൻ ഷൂട്ട് ചെയ്തിരുന്നു;നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ആ ഭാഗം.പക്ഷെ ;ബെന്യാമിൻ

Published by

ആടുജീവിതം നോവൽ സിനിമയായപ്പോൾ വന്ന മാറ്റത്തെ കുറിച്ച് സംസാരിച്ച് ബെന്യാമിൻ. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. ഇതിനിടെയാണ് ബെന്യാമിന്റെ പ്രതികരണം. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.

ബെന്യാമിന്റെ വാക്കുകൾ ഇങ്ങനെ;

“നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. ഇതിൽ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീൻ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങൾ ഒഴിവാക്കി.

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്‌തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്.” എന്നാണ് ബെന്യാമിൻ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയത്. തിയേറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തന് ലഭിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by