ന്യൂദല്‍ഹി: അദാനി ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ കടല്തീരദേശങ്ങളെ ചുറ്റി, ഏകദേശം 7517 കിലോമീറ്റര്‍ ദൂരത്തില്‍ ഉയര്‍ന്നിരിക്കുന്നത് അദാനിയുടെ 15 ഓളം തുറമുഖങ്ങളാണ്. ഇന്ത്യയിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ 27 ശതമാനവും അദാനിയുടെ തുറമുഖങ്ങളാണ് മികവാര്‍ന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നത്. .
ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള 12 പ്രധാന തുറമുഖങ്ങള്‍ വഴി തന്നെയാണ് പ്രധാന തുറമുഖ ചരക്ക് നീക്കങ്ങള്‍ നടക്കുന്നത്. രാജ്യത്തെ ആകെ തുറമുഖ ചരക്ക് നീക്കത്തിന്റെ 55 ശതമാനം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തുറമുഖങ്ങള്‍ വഴിയാണ് .
കഴിഞ്ഞ ദിവസം ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖം 3080 കോടി രൂപയ്ക്ക് ഏറ്റെടുത്തതോടെ അദാനിയുടെ ഇന്ത്യയിലെ തുറമുഖങ്ങള്‍ 15 ആയി. ഇന്ത്യയില്‍ കര്‍ണ്ണാടക സംസ്ഥാനത്തില്‍ മാത്രമാണ് അദാനിക്ക് സാന്നിധ്യമില്ലാത്തത്. ആകെയുള്ള 15 തുറമുഖങ്ങള്‍ക്കായി 45 ബെര്തുകളും 14 ടെര്‍മിനലുകളും അദാനി പോര്ട്സിനുണ്ട്..
ഇന്ത്യയുടെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലായി അദാനിയുടെ ഏഴ് തുറമുഖങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി അതിവേഗം ചരക്ക് നീക്കം നടത്താന്‍ കഴിയുന്ന നാല് തുറമുഖങ്ങള്‍ ഗുജറാത്ത് തീരത്ത് അദാനിക്കുണ്ട്. മുന്ദ്ര, ട്യൂണ, ദഹേജ്, ഹാസിന എന്നീ തുറമുഖങ്ങളാണിവ.
മഹാരാഷ്ട്രയിലാണെങ്കില്‍ ദിഗി തുറമുഖമുണ്ട്. ഗോവയില്‍ മര്‍മഗോവ തുറമുഖവും അദാനിയുടേതാണ്. കേരളത്തിലെ വിഴിഞ്ഞം തുറമുഖം ഈ വര്‍ഷം അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. മദര്‍ഷിപ്പുകള്‍ക്ക് വരാന്‍ കഴിയുന്ന ആഴമുണ്ട് എന്നതാണ് വിഴിഞ്ഞം തുറമുഖത്തെ വ്യത്യസ്തമാക്കുന്നത്. കേരളത്തിന് വ്യാവസായിക ഭൂപടത്തില്‍ ഇടം നല്കുന്ന പദ്ധതിയായിരിക്കും ഇത്. ഇത് പൂര്‍ത്തിയായാല്‍, മറ്റ് തുറമുഖങ്ങളില്‍ നിന്നും ചരക്ക് വിഴിഞ്ഞത്ത് എത്തിച്ച് മദര്‍ഷിപ്പുകളില്‍ കയറ്റിവിടുന്ന ബൃഹദ് പദ്ധതിയാണ് ഒരുക്കുന്നത്.
അന്താരാഷ്ട്ര കപ്പല്‍ ചാലിനടുത്തുള്ള ശ്രീലങ്കയിലെ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ അദാനിയ്ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇനി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമെടുത്താല് ബംഗാളിലെ ഹാല്‍ദിയ, ഒഡിഷയില്‍ ദംറ, ഗോപാല്‍പുര്‍, ആന്ധ്രയില്‍ കൃഷ്ണപട്ടണം, ഗംഗാവാരം, തമിഴ്നാട്ടില്‍ കാട്ടുപള്ളി, എന്നോര് എന്നിവിടങ്ങളില്‍ തുറമുഖങ്ങളുണ്ട്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കാരയ്ക്കലില്‍ ഈയിടെയാണ് തുറമുഖം ഏറ്റെടുത്തത്. ഇസ്രയേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്തിട്ടുണ്ട്. അതുപോലെ ഇന്തോനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കൂടി തുറമുഖങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: