ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഫെബ്രുവരിയില്‍ മികച്ച കുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ ഉല്‍പാദനം 6.7 ശതമാനമായി ഉയര്‍ന്നു. ഈ വളര്‍ച്ച പ്രതീക്ഷ പകരുന്നതാണെന്ന് ഐസിആർഎ ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാര്‍. കൽക്കരി, അസംസ്കൃത എണ്ണ, സ്റ്റീൽ, സിമൻ്റ്, വൈദ്യുതി, വളം, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നിവ ഉൾപ്പെടുന്ന ഈ എട്ട് പ്രധാന മേഖലകള്‍. രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) ഈ എട്ട് പ്രധാന മേഖലകൾ 40.27 ശതമാനം സംഭാവന ചെയ്യുന്നുണ്ട് . ഈ വളര്‍ച്ചയോടെ ഫെബ്രുവരിയിൽ ഐഐപി 4-6.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു .
അസംസ്‌കൃത എണ്ണ ഉൽപ്പാദനം 7.9% ആയി ഉയർന്നപ്പോൾ, പ്രകൃതിവാതകം 11.3% ആയി ഉയര്‍ന്നു. നിർമ്മാണ, വാഹന മേഖലകളിലെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതായിരുന്ന സ്റ്റീല്‍, സിമന്‍റ് മേഖലകളിലെ ഉല്‍പാദന വളര്‍ച്ച. സ്റ്റീൽ ഉൽപ്പാദനം 8.4% ഉയർന്നപ്പോള്‍ സിമൻ്റ് ഉല്‍പാദനം 10.2% വർധിച്ചു, 2024 ഫെബ്രുവരിയിൽ കൽക്കരി ഉൽപ്പാദനം 11.6 ശതമാനവും വൈദ്യുതി ഉൽപ്പാദനം 6.3 ശതമാനവും ഉയർന്നു.
ഫെബ്രുവരിയിൽ കൽക്കരി (11.6%), സിമൻ്റ് (10.2%), പ്രകൃതിവാതകം(11.3%) എന്നിവ രണ്ടക്ക ഉല്‍പാദന വളര്‍ച്ച കൈവരിച്ചത് വലിയ പ്രതീക്ഷയാണെന്ന് ഐസിആർഎ ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാര്‍ പറഞ്ഞു . എട്ട് പ്രധാന വ്യവസായങ്ങളിൽ മൂന്നെണ്ണം രണ്ടക്ക ഉല്‍പാദന വളര്‍ച്ച നേടിയത് ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്കും ജിഡിപിയ്‌ക്കും അങ്ങേയറ്റം പോസിറ്റീവാണെന്നും അദിതി നയ്യാര്‍ പറഞ്ഞു. വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) ഫെബ്രുവരിയില്‍ 6-6.5% വരെ ഉയരുമെന്നും അതിദി നയ്യാര്‍ പറഞ്ഞു.
രാസവളം ഒഴികെയുള്ള മറ്റെല്ലാ വ്യവസായങ്ങളുടെയും ഉൽപ്പാദനം ഫെബ്രുവരിയിൽ ഉയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.രാസവള ഉത്പാദനം 9.5% ചുരുങ്ങി. തുടര്‍ച്ചയായി രണ്ടാം മാസമാണ് രാസവള മേഖലയിലെ ചുരുക്കം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാസവള മേഖല പണപ്പെരുപ്പത്തിലൂടെ കടന്നുപോയതും ഇപ്പോള്‍ കൊയ്‌ത്തുകാലമായതിനാല്‍ കര്‍ഷകര്‍ രാസവളം തീരെ ഉപയോഗിക്കില്ലെന്നതിനാലുമാണ് രാസവള ഉല്‍പാദനം ചുരുങ്ങിയതെന്ന് ബാങ്ക് ഓഫ് ബറോഡ് മുഖ്യ സാമ്പത്തികവിദഗ്ധന്‍ മദന്‍ സബ്നാവിസ് പറഞ്ഞു. കല്‍ക്കരി ഉല്‍പാദനം 11.6 ശതമാനം ഉയര‍്ന്നതും വൈദ്യുതി ഉല്‍പാദനം 6.3 ശതമാനം ഉയര്ന്നതും പ്രതീക്ഷ പകരുന്നുവെന്നും ഇത് വ്യവസായിക ഉല്‍പാദന സൂചിക 4-5 ശതമാനം വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെയര്‍ റേറ്റിംഗ്സിന്റെ രജനി സിന്‍ഹ പറയുന്നത് വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 2024 ഫെബ്രുവരിയില്‍ 5.5 ശതമാനമായി ഉയരുമെന്നും ഇത് 2024 ജനവരിയിലെ 3.8 ശതമാനത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കുമെന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: