തിരുവനന്തപുരം മുരുകന്
(‘രാഹുകേതുക്കള്‍ ജ്യോതിഷത്തില്‍’ തുടര്‍ച്ച)
ആകര്‍ഷക വ്യക്തിത്വം, മെച്ചപ്പെട്ട വിദ്യാഭ്യാസം (വിദ്യാഭ്യാസ കാലയളവില്‍ ചില വിഘ്നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഭൂരിഭാഗവും പിന്നീട് തടസ്സം നീങ്ങി ലക്ഷ്യപ്രാപ്തിയിലെത്തുന്നു), സാമ്പത്തികമായ അസ്ഥിരത (ദരിദ്രരെന്നര്ത്ഥമില്ല). ദരിദ്രര്‍ ഇക്കൂട്ടരില്‍ തുലോം വിരളമാണ് ചിലര്‍ അതിസമ്പന്നരുമാണ്. എങ്കിലും അപ്രതീക്ഷിതമായി ഉയര്‍ച്ച താഴ്ചകള്‍ക്കു വിധേയരാകുന്നു. വിദേശവാസം, വിദേശത്തുനിന്നും സാമ്പത്തികനേട്ടം, കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം എന്നിവയാണു കാലസര്‍പയോഗക്കാരുടെ മുഖമുദ്ര. ലോകപ്രസിദ്ധിയാര്‍ജ്ജിച്ച കലാകാരന്മാരും സംഗീതജ്ഞരും ഇവരില്‍ ഉള്‍പ്പെടുന്നു.
ചെറുപ്പകാലത്തു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ക്ലേശങ്ങള്‍ ഇവര്‍ക്കു സഹിക്കേണ്ടി വരുന്നു. ഇവരുടെ സഹനശക്തി അത്യപാരമാണ്. ജീവിതചര്യകളില്‍ പുലര്‍ത്തുന്ന അസാധാരണത്വം മറ്റുള്ളവരില്‍നിന്നും ഇവരെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അതിരുകടന്ന ആത്മവിശ്വാസവും ധാര്‍ഷ്ട്യവും ആത്മബന്ധം പുലര്‍ത്തുന്നവര്‍ പോലും നിഴലുകള്‍ പോലെ അകന്നു പോകുവാന്‍ കാരണമാകുന്നു. അനിയന്ത്രിതമായ വൈകാരികാവേഗങ്ങളും, അമിതമായ കോപവും ആപത്തില്‍ ചാടിക്കുന്നു. അതില്‍നിന്നും കരകയറിയാലും അവസരത്തിലും അനവസരത്തിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പീന്നിടു പശ്ചാത്താപത്തിന്റെ കൊടുംചുഴിയില്പ്പെട്ടു നട്ടം തിരിയുന്നവരുമുണ്ട്. ഇവരുടെ ഭൗതികസമ്പത്തിലും വര്‍ണപ്പകിട്ടിലും ചിലരെങ്കിലും ആകൃഷ്ടരും അസൂയാലുക്കളുമാകാറുണ്ടെങ്കിലും അപരിഹാര്യമായ ക്ലേശങ്ങളും അസ്വസ്ഥതകളൂം ഇവരുടെ ഉള്ളില്‍ ഉമിത്തീ പോലെ നീറിക്കൊണ്ടിരിക്കും. ദൈവാധീനം തുച്ഛം. മറ്റുള്ളവരുടെ (ഉറ്റവരുടേതായാല് പോലും) ഉപദേശങ്ങള്‍ക്കു സാധാരണഗതിയില്‍ വഴിപ്പെടാറില്ല. ബോധവല്കരണശ്രമവും ഉപദേശവും ‘നളിനീദലഗതജലം’ പോലെയാണ്. ചേമ്പിലയില്‍ വെള്ളം ഒഴിക്കുന്നതു പോലെ എന്നും പറയാം. പെരുമാറ്റത്തില്‍ അപ്രതീഷിതമായിട്ടുണ്ടാകുന്ന കടകംതിരിച്ചിലുകള് നിമിത്തം പ്രായഭേദമെന്യേയുള്ള നിന്ദയ്ക്കു പാത്രമാകുന്നു. ഉപകാരം ചെയ്യുന്നവരോടുപോലും കൃതഘ്നത കാണിക്കും. ഉപകാരസ്മരണ ബാഹ്യമായി വാക്കുകളില്‍ പ്രകടമാകുമെങ്കിലും പ്രവൃത്തിയില്‍ പാലിച്ചു കാണാറില്ല .
ജീവിതതാളം ക്രമപ്പെടുത്താന്‍ നന്നേ പാടുപെടുന്ന ഇവരുടെ വിവാഹം നീണ്ടുപോകുന്നതു നിമിത്തം ഒരു കുടുംബമുണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടുന്നു. പ്രത്യക്ഷത്തില്‍ ഭൗതികമായി എന്തൊക്കെ സൗഭാഗ്യങ്ങള്‍ ഉണ്ടായാലും അനുഭവിക്കാന്കഴിയാത്ത തരത്തില്‍ ദുര്‍ഗ്രഹമായ നിഴല്‍ ഇവരെ പിന്തുടര്ന്നുകൊണ്ടിരിക്കും സ്ത്രീക്കും പുരുഷനും തുല്യയോഗമുള്ള ജാതകം ലഭിക്കുകയെന്നത് പ്രായേണ അസാദ്ധ്യം. സ്ത്രീയുടേതായാലും പുരുഷന്റേതായാലും വിവാഹം ഒരുവിധം ഉറച്ച് ഒരു കരപറ്റുമ്പോള്‍ യുക്തിസ്സഹമായ കാരണമില്ലാതെ ആരെങ്കിലുമൊരാള്‍ മനസ്സു മാറി ഒഴിഞ്ഞുപോകുന്നു. അനുകൂലസൂചന നല്കുന്ന ഗ്രഹങ്ങളുടെ ദശാപഹാരങ്ങളില്‍ വിധിപ്രകാരം പൗഷ്ടിക കര്‍മ്മങ്ങള്‍ ചെയ്തു വിവാഹങ്ങളിലേര്പ്പെട്ടാലും (സാധാരണരീതിയില്‍ ഒരുവിധം സുഖമായി കഴിയേണ്ടവരാണ്.) വിവാഹമോചനം പങ്കാളിയുടെ മരണം എന്നിവയില്‍ കലാശിക്കുന്നു. ഇതു രണ്ടുമുണ്ടാകാത്തപക്ഷം ഫലം ദമ്പതിമാര്‍ തമ്മിലുള്ള നിത്യകലഹം. അതിനിടയില്‍ അമിത മദ്യപാനവും വഴിവിട്ട ബന്ധങ്ങളും എരിതീയില്‍ എണ്ണ പകരുന്നു. കുടുംബാന്തരീക്ഷം ചില ഘട്ടങ്ങളില്‍ അനിയന്ത്രിതമാം വിധം കലുഷമാകുന്നു. മിന്നലാക്രമണം പോലെയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം യോഗക്കാരുടെ കുടുംബാംഗങ്ങളില്‍ അനുഭവപ്പെട്ടേക്കാവുന്ന ദുര്യോഗങ്ങളുടെ നാഭീനാളബന്ധം ജാതകം സൂക്ഷ്മമായി പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. സാമാന്യജ്ഞാനമുള്ള ജ്യോതിഷിയെ ഇതു അമ്പരപ്പിക്കുകയില്ലെങ്കിലും ജന്മജന്മാന്തര ബന്ധങ്ങളുടെ ചുരുള്‍ നിവര്‍ന്നു കാര്യകാരണ ബന്ധങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു ജ്യോതിഷസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച ജ്ഞാനതപസ്വികളെ മനസാ നമിക്കാതിരിക്കാന്‍ കഴിയില്ല. പറഞ്ഞുവന്നതു ഇതാണ്: വിവാഹപ്രായമായ മക്കളുള്ള മാതാപിതാക്കളുടെ അന്തരംഗം കോളുകൊണ്ട കടലുപോലെ പ്രക്ഷുബ്ധമാകുന്നു .
നിഗൂഢമായ ഒരുതരം വിപരീതശക്തിയുടെ സ്വാധീനം ഇവരെ കീഴ്പ്പെടുത്തുന്നില്ലേ എന്നു സംശയിച്ചാല്‍ അതു അതിശയോക്തിയാകില്ല. കാരണം തങ്ങളുടെ ദൗര്‍ബല്യത്തെക്കുറിച്ചു ബോധമുണ്ടായിരുന്നിട്ടും ചില അരുതായ്മകളില്‍ പെട്ട്ചൂടു വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെയാകുന്നു. രാഹുകേതുക്കളുടെ ദശാപഹാരങ്ങളില്‍ പ്രതാപൈശ്വര്യങ്ങളുടെ അഗ്രശൃംഗത്തിലെത്തുന്നവര് ദശാന്ത്യത്തില്‍ അപചയത്തില്‍ എത്തുന്നതായും പരാമര്‍ശിക്കുന്നു. എന്നാല്‍ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ സൗഭാഗ്യോല്ക്കര്ഷങ്ങളും മനഃശാന്തിയും ലഭ്യമാകുമെന്നും അനുഭവസമ്പന്നരായ.ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. പ്രസ്തുത അഭിപ്രായത്തിനു പ്രാബല്യമുണ്ടെങ്കിലും എഴുപതുവയസ്സു കഴിഞ്ഞിട്ടും കാര്യങ്ങള്‍ പിടിയിലൊതുങ്ങാതെ വേലിയിറക്കത്തില് അഴിമുഖത്തുപെട്ടു പോയ യാനപാത്രം പോലെ ക്ലേശങ്ങളില്‍ മുങ്ങിയും പൊങ്ങിയും നട്ടം തിരിയുന്ന നിരവധി ദൃഷ്ടാന്തങ്ങളുമുണ്ട്. ഈ പ്രതിഭാസം ജാതകത്തില്‍ ചിന്തയിലൊതുങ്ങാത്ത മറ്റു ഗ്രഹങ്ങളുടെ സ്ഥിതിവിശേഷം കൊണ്ടു ആയിക്കുടെന്നുമില്ല.
‘വിദയനിയതി ദുസ്തരൗഘ,യാ
നദിയെയെതിര്‍ത്തൊരു ജന്തുനീന്തുമോ?’
എന്നകവിവാക്യം ശാശ്വതസത്യമായി നിലക്കൊള്ളുമ്പോഴും
‘ഗാനമാണു ഞാനോടാത്തണ്ടല്ല ജ്വലിക്കുന്ന
നാളമാണു ഞാന്‍ പഴംതുണിതന് തിരിയല്ല
വേഗമാണു ഞാന്‍ ശൂന്യതലത്തില്‍ ചിറകല്ല
ഞാനനശ്വരലയം വെളിച്ചം വിശ്വസ്പന്ദം’
എന്ന സര്‍വാതിശായിയായ സത്യബോധത്തിന്റെ സൂര്യന് നല്കുന്ന പ്രചോദനത്താലാകട്ടെ എല്ലാ ജാതകരും നയിക്കപ്പെടുന്നതു. കാലസര്‍പ്പയോഗക്കാരെ കുറിച്ച് ഇത്രയ്ക്കങ്ങു പറയാന്‍ എന്തിരിക്കുന്നു അങ്ങനെ അത്രയ്ക്കൊന്നുമില്ല. ഇതൊക്കെ വെറും അന്ധവിശ്വാസമാണ് എന്നൊക്കെ വിചാരിക്കുന്നവരുണ്ട്. അതില്‍ അസ്വാഭാവികതയൊന്നുമില്ല അത്തരക്കാരോട് അനാദരവു തോന്നേണ്ട കാര്യവുമില്ല. എന്നാല്‍ ദൂരെ മാറിനിന്നോ അടുത്തിടപഴകിയോ സൂക്ഷ്മമായി ഒന്നു നീരിക്ഷിച്ചു നോക്കൂ, അപ്പോളറിയാം ഇതു മിഥ്യയാണോ തഥ്യയാണോയെന്ന്. അവരുടെ ജീവിതാനുഭവങ്ങളില്‍ പ്രകടമാകുന്ന ഐകരൂപ്യം ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളുടെ ഗഹനതയിലേയ്ക്കു വിരല്‍ ചൂണ്ടുന്നു .
ജന്മജന്മാന്തര ബന്ധത്തിന്റെ കര്മ്മദോഷക്കയത്തില്പ്പെട്ടു അസ്വസ്ഥരാകുന്ന കാലസര്‍പ്പയോഗക്കാരെ അതിരു കടന്നു കുറ്റപ്പെടുത്തുന്നതും അധിക്ഷേപിച്ചു പുറം തള്ളുന്നതും സംസ്കാരത്തിനു ചേര്‍ന്നതല്ല. അസാമാന്യമാംവിധം കുസൃതിയും കുറുമ്പും കാണിക്കുന്ന കുട്ടികളുടെ ജാതകത്തില്‍ ഈ യോഗം കണ്ടാല്‍ (അവരുടെ പ്രവൃത്തി എല്ലായിപ്പോഴും ന്യായീകരിക്കത്തക്കതാണെന്നോ സര്‍വാത്മനാ പിന്തുണക്കേണ്ടതാണെന്നോ ഇതിനര്‍ത്ഥമില്ല). അവര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന ഉചിത മാര്‍ഗങ്ങളിലേക്ക് സ്നേഹവാത്സല്യങ്ങളോടെ, കരുണാകടാക്ഷത്തോടെ ശ്രദ്ധ തിരിച്ചുവിട്ടാല്‍ ഉദ്ദിഷ്ടഫലമുണ്ടായേക്കാം. നിഷേധാത്മക നിലപാട് ഒരിക്കലും ഫലവത്താകില്ല .
പരിഹാരമായേക്കാവുന്ന നിര്‍ദ്ദേശങ്ങള്‍
ചതുര്‍വിധഫല പുരുഷാര്‍ത്ഥ സിദ്ധ്യര്‍ത്ഥം ലൗകിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യനു ഇന്ദ്രിയ നിഗ്രഹമല്ല ഇന്ദ്രിയനിയന്ത്രണമാണു വേണ്ടത്. കുതിരയെ ബന്ധനത്തില്‍ മാത്രമിടുന്നതു മൗഢ്യം. ബന്ധനമുക്തമാക്കി പുറത്തേറി കടിഞ്ഞാണിട്ടു നിയന്ത്രിച്ചു ലക്ഷേ്യാന്മുഖമായി സവാരി ചെയ്യണം. മൃഗശിക്ഷകന്‍ മൃഗരാജനെ മെരുക്കി തന്മയത്വത്തോടെ കൊണ്ടുനടക്കാറില്ലേ? അതുപോലെ, പുണ്യപാപച്ചുമടുകള്‍ വഹിച്ചു മോക്ഷസാമ്രാജ്യത്തില് ശാശ്വതമായ നിത്യതയില്‍ സ്വതന്ത്രനാകാന്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും അവകാശമുണ്ട് .ശാന്തിപൗഷ്ടിക കര്‍മ്മങ്ങളില്‍ താല്പര്യം ഉള്ളപക്ഷം സ്വയം പങ്കാളികളാകണം. ശുഷ്കമായ വെറും ചടങ്ങാകരുത്. മറ്റുള്ളവരെ ചുമതലപ്പെടുത്തുകയുമരുത്. നിവൃത്തിയുള്ളിടത്തോളം അവര്‍ ചുമതല ഏല്ക്കുകയും ചെയ്യരുത്. ഏകാഗ്രതയോടെയുള്ള ധ്യാനം, യോഗം, പ്രാണായാമം എന്നിവ അത്ഭുതകരമായ ഫലം നല്‍കും. ആത്മസമര്‍പ്പണത്തോടെയുള്ള ശിവാരാധനയും ശിവക്ഷേത്ര ദര്‍ശനവും ദൗര്‍ബല്യം അകറ്റി മനസ്സിനു ശക്തിയും ചൈതന്യവും നല്‍കും. മാര്‍ക്കണ്ഡേയന്റെ കഥ ഓര്‍ക്കുക. സ്വസ്ഥതയും ശാന്തിയും ലഭിക്കുന്ന മറ്റുമാര്‍ഗങ്ങളൊന്നും ആശ്രയിക്കരുതെന്നു ഇതിനര്‍ത്ഥമില്ല. അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം വസ്തുനിഷ്ഠമായിരിക്കണമെന്നേ വിവക്ഷിക്കുന്നുള്ളു. ശരിയായരീതിയില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന ധനം സ്വന്തം ആവശ്യങ്ങള്‍ കഴിച്ചു ശേഷിക്കുന്നതു അര്‍ഹതപ്പെട്ടവര്‍ക്കു നല്കി, എപ്പോഴും സത്യധര്മ്മാദികള് ദീക്ഷിച്ചുനടക്കുന്ന മനുഷ്യന്റെ നേര്‍ക്കു കാലസര്പ്പമല്ല ഒരു സര്‍പ്പവും ഫണമുയര്ത്തുകയില്ല. ദിനകര്‍മ്മങ്ങള്‍ സമാരംഭിക്കുന്നതിനു മുമ്പ് അല്പനേരം പ്രപഞ്ചത്തിന്റെ അങ്ങേച്ചുമരുകളോളം മനസ്സുവ്യാപരിപ്പിച്ച്, സ്വതന്ത്രമായി സഞ്ചരിച്ചു മടങ്ങി വരുക. അനിതരസാധാരണമായ പ്രവര്‍ത്തനോര്‍ജവും അസുലഭമായ ആത്മവിശ്വാസവും ലഭിക്കും. അസ്തമിക്കാത്ത സൂര്യനുമായി കര്‍മ്മമാര്‍ഗത്തില്‍ ഇറങ്ങിയാല്‍ എന്താണ് അസാദ്ധ്യം.
:ഇരുളും മെല്ലെ വെളിച്ചമായ് വരാം…’
‘ഏതന്ധകാര പ്രാകാരവും കത്തി
യെരിഞ്ഞമരുന്നൊരു സൂര്യോദയമുണ്ടാം’
തമോഗര്‍ത്തങ്ങള്‍ ‘നിറകതിരു പാറുന്ന നക്ഷത്രദ്വീപുകളാകാം’.
ഒരു നിമിഷം ഉണര്‍ന്നൊന്നു തിരിഞ്ഞുനോക്കുക ക്രാന്തദര്‍ശികളായ തപസ്വികള്‍ മാര്‍ഗദീപങ്ങളായി പുഷ്പിച്ചു നില്ക്കുന്ന വിജയപഥങ്ങള്‍ കാണാം മുന്നോട്ടുള്ള യാത്ര അങ്ങോട്ടു നോക്കിയിട്ടാകട്ടെ .
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: