ന്യൂദല്‍ഹി: ആദായ നികുതി പുനര്‍നിര്‍ണയം നിര്‍ത്തണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ നാലു ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളി. 2014-15, 2015-16, 2016-17 സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി പുനര്‍നിര്‍ണയത്തെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പ് നടപടി ശരിവച്ച കോടതി, കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ, ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
2017-18, 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി പുനര്‍നിര്‍ണയത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഹര്‍ജികളും 22നു കോടതി തള്ളിയിരുന്നു. 520 കോടിയിലധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടയ്‌ക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. നേരത്തേ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ കോണ്‍ഗ്രസ് സമീപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കോടതി നടപടി കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണ്. ഹര്‍ജി തള്ളിയതോടെ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ സമീപകാലത്തെങ്ങും പ്രവര്‍ത്തനക്ഷമമാകില്ലെന്ന സൂചനയാണ് നല്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്നാണ് ദേശീയ നേതാക്കളും മറ്റും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: