ന്യൂദല്‍ഹി: രഘുറാം രാജന്‍ പുറത്തുനിന്നും ഇന്ത്യയിലേക്ക് പാരച്യൂട്ടിലിറങ്ങിവരുന്ന സാമ്പത്തിക വിദഗ്ധന്റെപ്പോലെ സംസാരിക്കുകയാണെന്ന് നീതി ആയോഗ് അംഗമായ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് വീര്‍മണി. 2047ല്‍ ഇന്ത്യ വികസിത സമ്പദ്ഘടനയാകുമെന്നത് വെറും ഊതിവീര്‍പ്പിച്ച സങ്കല്‍പം മാത്രമാണെന്ന് കഴിഞ്ഞ ദിവസം മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയ രഘുറാം രാജന്‍ വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് വീര്‍മണി.
1991ല്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടകാലത്ത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ പുറത്തുനിന്നും വന്ന ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സാമ്പത്തിക വിദഗ്ധരെ നമ്മള്‍ വിശേഷിപ്പിച്ചിരുന്ന വാക്കാണ് പാരച്യൂട്ട് സാമ്പത്തിക വിദഗ്ധര്‍ എന്ന്. രഘുറാം രാജന്റെ വിമര്‍ശനം കേള്‍ക്കുമ്പോഴും പാരച്യൂട്ട് സാമ്പത്തിക വിദഗ്ധന്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാന്‍ തോന്നുന്നതെന്നും അരവിന്ദ് വീര്‍മണി പരിഹസിച്ചു.ഇന്ത്യന്‍ സമ്പദ്ഘടനയുടെ മേല്‍ ഏകദേശം 50 വര്‍ഷക്കാലം ജോലി ചെയ്ത ആളാണ് രഘുറാം രാജന്‍ എന്ന കാര്യം മറക്കരുതെന്നും അരവിന്ദ് വീര്‍മണി ഓര്‍മ്മിപ്പിച്ചു.
രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്ന കോണ്‍ഗ്രസ് അനുകൂലിയായ സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുന്നതെല്ലാം വെറും വാക്കുകളാണെന്നാണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.
മൂഡീസും ഐഎംഎഫും ഫിച്ചും ക്രിസില്‍ എന്‍എസ് ഒ – ഇവരെല്ലാം ഇന്ത്യയുടെ വളര്‍ച്ചാകുതിപ്പ് പ്രവചിക്കുമ്പോള്‍ രഘുറാം രാജന് രാഷ്‌ട്രീയ തിമിരമോ?
വിഖ്യാതമായ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ചും മൂഡീസുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ജി 20 രാജ്യങ്ങളില്‍ ഏറ്റവും വളര്‍ച്ച ഇന്ത്യക്കായിരിക്കുമെന്നും മൂഡീസ് പ്രവചിച്ചിരുന്നു.
2023 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമസത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ച നേടിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനും കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 2024ല്‍ ചൈനീസ് സമ്പദ് വ്യവസ്ഥപോലും ചുരുങ്ങുമ്പോള്‍ ഇന്ത്യ തിളങ്ങിനില്‍ക്കുമെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ യുഎന്‍ പ്രവചിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഐഎംഎഫും പ്രവചിച്ചിരുന്നു. ഇങ്ങിനെ ആഗോള ഏജന്‍സികള്‍ വരെ കണക്കുകള്‍ നിരത്തി പ്രവചിക്കുമ്പോഴാണ് രഘുറാം രാജന്‍ രാഷ്‌ട്രീയതിമിരം ബാധിച്ച രീതിയില്‍ 2047ല്‍ ലോകത്തിലെ വികസിത രാഷ്‌ട്ര സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നത് വെറും സങ്കല്‍പമാണെന്ന് വിമര്‍ശിച്ചത്. 2047 ആവേണ്ട 2031ല്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് ക്രിസില്‍ പോലും പ്രവചിച്ചത്.
ഇപ്പോള്‍ 3.6 ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയായ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ്. ഇന്ത്യയ്‌ക്ക് മുന്നില്‍ ഉള്ളത് യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ്. പക്ഷെ 2031ല്‍ ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി 6.7 ട്രില്യണ്‍ ഡോളര്‍ (6.7 ലക്ഷം കോടി ഡോളര്‍) വലിപ്പമുള്ള സാമ്പത്തിക ശക്തിയായി മാറുമെന്നും ക്രിസില്‍ പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: