ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓരോ വോട്ടും വിലപ്പെട്ടതാണ്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 13 തിരിച്ചറിയൽ രേഖകളാണ് വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാനാകുക. അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അറിയിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡ് അഥവാ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്.
അധികം ആളുകളും വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ ഉപയോഗിക്കുന്നത് തിരിച്ചറിയൽ കാർഡാണ്. എന്നാൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ തിരിച്ചറിയൽ രേഖ എടുക്കാൻ മറന്നാൽ എന്ത് ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ ഇനി ടെൻഷനാകേണ്ടതില്ല.പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർ ഐഡി മറന്നാലും വോട്ട് ചെയ്യാനാകും. വോട്ടർ ഐഡി കാർഡ് ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഉടനടി വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിരിക്കുന്നത്.
e-EPIC service എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പിഡിഎഫ് ഫോർമാറ്റിൽ ലഭിക്കുന്ന വോട്ടർ ഐഡി കാർഡിന്റെ കോപ്പി ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഫോണിൽ സേവ് ചെയ്ത് വെയ്‌ക്കാവുന്നതാണ്. കൂടാതെ ഡിജിലോക്കറിൽ അപ്ലോഡ് ചെയ്യാനും സാധിക്കും. ഇതേ കോപ്പി പ്രിന്റ് ചെയ്ത് കയ്യിൽ സൂക്ഷിച്ചാലും വോട്ട് ചെയ്യാം. https://nvsp.in എന്ന വെബ്സൈറ്റ് മുഖേനയാണ് വോട്ടർ ഐ ഡി കാർഡിന്റെ പിഡിഎഫ് രൂപം ഡൗൺലോഡ് ചെയ്യാനാകുക. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം വോട്ടർ ഐഡി കാർഡ് നമ്പറോ അല്ലെങ്കിൽ ഫോം നമ്പറോ നൽകുക. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ ടി പി നൽകി ഫോം ഡൗൺ ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: