കെ വി രാജശേഖരന്
സോണിയയും രാഹുലും പിണറായിയും ഒന്നിച്ചു ചേര്‍ന്ന അഴിമതിപക്ഷ മുന്നണിയൂടെ (ഐഎന്‍ഡിഐഎ) ‘ഗ്ലാമര്‍താരം’ അരവിന്ദ് കേജ്രിവാള് അഴികള്‍ക്കുള്ളിലായതോടെ ഭാരതം കേട്ടുകൊണ്ടിരിക്കുന്നത് ദേശവിരുദ്ധ രാഷ്ടീയ ബന്ധങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ്. പോക്കറ്റടിക്ക് പിടിക്കപ്പെട്ട കുറ്റക്കാരന്‍ കസ്റ്റഡിയിലാകുമ്പോള്‍ അയാള്‍ അതിനുമുമ്പ് നടത്തിയിട്ടുള്ള ഭവനഭേദനങ്ങളും കൊലപാതകങ്ങളും വരെ തെളിയിക്കപ്പെടുന്നതിന് ഇടയാകാറുണ്ടല്ലോ? അതിന് സമാനമായ വിവരങ്ങളാണ് ദില്ലി മുഖ്യമന്ത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായശേഷം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അര്‍ബന്‍ നക്സലുകളുമായുള്ള കേജ്രിവാളിന്റെ ബന്ധം രഹസ്യമായിരുന്നില്ല. മതപരിവര്‍ത്തന വാദികളുമായുള്ള ബന്ധവും പ്രകടമായിരുന്നു. ഇസ്ലാമിക തീവ്രവാദികളുമായുള്ള ചങ്ങാത്തം നാടാകെ പാട്ടായിരുന്നു. ഖാലിസ്ഥാനികളുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ കൂട്ടുകെട്ടും പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അത്തരം ഭാരതവിരുദ്ധ ശക്തികള്‍ തരപ്പെടുത്തിയ നോട്ടിന്റെയും വോട്ടിന്റെയും ബലത്തിലാണ് അരവിന്ദ് കേജ്രിവാള് ആദ്യം ദില്ലിയുടെയും പിന്നീട് പഞ്ചാബിന്റെയും ഭരണം പിടിച്ചതെന്നതും നിഷ്പക്ഷ രാഷ്ട്രീയനിരീക്ഷകരുള്പ്പടെ ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു. ലഡാക്കില്‍ കടന്നുകയറ്റത്തിന് മുതിര്‍ന്ന ചൈനാക്കാരുടെ കഴുത്തൊടിച്ചുവിട്ടപ്പോഴും ഉറിയിലും പുല്‍വാമയിലുമൊക്കെ നടന്ന പാക്ക് കടന്നാക്രമണങ്ങള്‍ക്ക് കാലം മറക്കാത്ത തിരിച്ചടി നല്‍കിയപ്പോഴുമൊക്കെ ഭാരതത്തോട് ഇടഞ്ഞു നില്‍ക്കുകയും ശത്രുരാജ്യങ്ങളുടെ കള്ളപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത രാഹുല്‍ഗാന്ധിയുടെയും സീതാറാം യച്ചൂരിയുടെയും ഒപ്പത്തിനൊപ്പമായിരുന്നു അരവിന്ദ് കേജ്രിവാളെന്നതും ദേശസ്നേഹികള്‍ തിരിച്ചറിഞ്ഞതാണ്. പക്ഷേ അത്തരം വസ്തുതകളൊക്കെ കേജ്രിവാളെന്ന രാഷ്ടീയനേതാവ് താത്കാലികനേട്ടത്തിനു പുറത്തെടുത്ത അവസരവാദ നിലപാടുകളാണെന്നാണ് പൊതുജനം ധരിച്ചുപോന്നിരുന്നത്. പക്ഷേ ഖാലിസ്ഥാന്‍ വിഘടനവാദികളില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്കും അരവിന്ദ് കേജ്രിവാളിലേക്കും പണമൊഴുകിയെന്ന വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നതോടെ ഭാരതം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്.
കാനഡയും അമേരിക്കയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതവിരുദ്ധ ഖാലിസ്ഥാന്‍ ഭീകരവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അയാളുടെ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെടുന്നത് 2014നും 2022നും ഇടയ്ക്ക് അവരുടെ ഗ്രൂപ്പുകളില്‍ നിന്ന് അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി 16 മില്യണ്‍ ഡോളര്‍ (ഏകദേശം 133.54 കോടി രൂപ) കൈപ്പറ്റിയതായിട്ടാണ്. കാനഡയിലും അമേരിക്കയിലും ഇരട്ട പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ പന്നൂന്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ ‘സിഖ് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയുടെ നേതാവാണ്. 2014ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാരയില്‍ കേജ്രിവാളും ഖാലിസ്ഥാന്‍ അനുകൂല സിഖുകാരും കൂടിക്കാഴ്ച നടത്തിയെന്നാണ് അയാള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവരുന്നത്. ഖാലിസ്ഥാനികള്‍ നല്കുന്ന പണത്തിനു പകരമായി 1993-ലെ ദല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രൊഫസ്സര്‍ ദേവീന്ദര്‍ പാല് സിംഗ് ഭുള്ളറിനെ മോചിപ്പിക്കാമെന്നതുള്‍പ്പടെ പല വാഗ്ദാനങ്ങളും കേജ്രിവാള് പക്ഷം നല്കിയിയിട്ടുണ്ടായിരുന്നുപോലും! ആ സ്ഫോടനത്തില്‍ ഒമ്പത് പേരായിരുന്നു കൊല്ലപ്പെട്ടത്; പരിക്കേറ്റവര്‍ 31 പേരും! അതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭുള്ളറിന് സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് ശിക്ഷ ജീപര്യന്തം തടവായി കുറച്ചുകിട്ടിയത്.
ഈ വര്‍ഷം ജനുവരിയിലും, കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാന്‍ അനുകൂലികളില്‍ നിന്ന് 6 മില്യണ്‍ ഡോളര്‍ സംഭാവനയായി സ്വീകരിച്ചതായി ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ വിളിച്ചു പറഞ്ഞിരുന്നു. നേരത്തെ നല്‍കിയിരുന്ന വാക്കുകള്‍ പാലിക്കാതിരുന്നതും രാജ്പുര നിവാസികളായ ജഗദീഷ് സിംഗ്, മഞ്ജീത് സിംഗ്, ദേവീന്ദര്‍ സിംഗ് എന്നിവരെ പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്‍ അറസ്റ്റ് ചെയ്തതുമാണ് അയാളെ കേജ്രിവാളിനെതിരെ, ശബ്ദമുയര്‍ത്തി, പ്രസ്താവനയിറക്കാന്‍ പ്രകോപിപ്പിച്ചത്. തൊട്ടടുത്ത മാസം ഫെബ്രുവരിക്കുള്ളില്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച ഖാലിസ്ഥാനികളെ വിട്ടയച്ചില്ലെങ്കില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത്സിംഗ് മാനിനും, ഖാലിസ്ഥാന്‍ ഭീകരവാദി നേതാവ് അന്ന്, നല്‍കിയിരുന്നു.
ഇവിടെയൊരു ചോദ്യം ഉയരാം; പന്നൂന്‍ നല്കിയ വീഡിയോ സന്ദേശം മാത്രം ഉയര്‍ത്തിക്കാട്ടി കേജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും ഖാലിസ്ഥാന്‍ വിഘടനവാദികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യണമോയെന്നതാണത്. സംശയങ്ങളും ആരോപണങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നതിന് ആ സന്ദേശങ്ങള്‍ ആവശ്യത്തിലധികമാണെന്നതാണ് അതിനുള്ള ഉത്തരം. പക്ഷേ, ഇക്കാര്യത്തില്‍, ജയിലിലായ ഖാലിസ്ഥാന്‍ വാദികളെ വിമോചിപ്പിക്കുന്നതുള്പ്പടെയുള്ള ആവശ്യങ്ങളുമായി നിരാഹാരസമരം നടത്തിയ ഭായ് ഇഖ്ബാല്‍ സിംഗിന് മുഖ്യമന്ത്രി കേജ്രിവാള് അയച്ച ഒരു കത്ത് കൃത്യമായ തെളിവുകള്‍ക്കുള്ള കൂടുതല്‍ സൂചനകള്‍ നല്കൂന്നു. അതോടെ അദ്ദേഹത്തിന്റെ ഖാലിസ്ഥാന്‍ വാദികളുമായുള്ള ബന്ധം മറനീക്കി പുറത്തുവരുന്നു. ദില്ലി മൂഖ്യമന്ത്രി ഒപ്പിട്ടയച്ച കത്തിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം:
പ്രിയപ്പെട്ട ഇഖ്ബാല്‍ സിംഗ്ജീ,
വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വിവിധ വിഷയങ്ങളില്‍ സിഖ് സമുദായത്തിന് ന്യായം ആവശ്യപ്പെട്ടുകൊണ്ട് അങ്ങ് നിരാഹാരസമരത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ (നിങ്ങളോട്) അനുഭാവമുള്ളതാണ്; പൂര്‍ണ്ണമായ നീതി ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. പക്ഷേ, ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ ബഹുതല സ്പര്ശിയായതുകൊണ്ട് പലതലങ്ങളില്‍ കൂടെ കടന്നു പോകേണ്ടതുണ്ട്. അതിവേഗം പരിഹാരം കണ്ടെത്തുവാന്‍ ഞങ്ങള്‍ പരിശ്രമിക്കും.
പ്രോഫസ്സര്‍ ഭുള്ളറുടെ വിമോചനം സംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതിക്ക് നല്കി കഴിഞ്ഞിരിക്കുന്നു. പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കുന്നതുള്‍പ്പടെയുള്ള മറ്റു വിഷയങ്ങളില്‍ അനുഭാവപൂര്വ്വവും സമയബന്ധിതവുമായ പരിഹാരം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
വിശ്വസ്തയോടെ,
(ഒപ്പ്)
അരവിന്ദ് കേജ്രിവാള്
ദില്ലി മുഖ്യമന്ത്രി
ഖാലിസ്ഥാന്‍ ഭീകരവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അയാളുടെ വീഡിയോ സന്ദേശത്തോടൊപ്പം ഇഖ്ബാല്‍ സിംഗിന് കേജ്രിവാള് മുഖ്യമന്ത്രിയെന്ന നിലയിലയച്ച മൂകളില്‍ പ്തിപാദിച്ച കത്തും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ പൊതുജനത്തിന്റെ മുമ്പില്‍ ആം ആദ്മി പാര്‍ട്ടിയും ഖാലിസ്ഥാന്‍ ഭീകരവാദികളുമായുള്ള ബന്ധം പ്രകടമാകുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ദേവീന്ദര്‍ പാല് സിംഗ് ഭുള്ളറെ മോചിപ്പിക്കാമെന്നതുള്‍പ്പടെ കേജ്രിവാള് നല്കിയ വാഗ്ദാനങ്ങള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയായിട്ടും പാലിക്കാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല, ഭീകരവാദി അമൃത് പാല് സിംഗ് അറസ്റ്റു ചെയ്യപ്പെട്ട്, പഞ്ചാബില്‍ നിന്ന് ദൂരെ ആസ്സാമിലെ ദിബ്രുഗഡ്ഢില് ജയിലിലടക്കപ്പെടുകയും ഉണ്ടായി. ഖാലിസ്ഥാനികള്‍ക്കെതിരെ പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ തന്നെ ചില നടപടികള്‍ സ്വീകരിക്കുന്ന സംഭവങ്ങളുമുണ്ടായി. അതൊക്കെ രണ്ടുകൂട്ടരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുള്പ്പടെയുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി. ആ പശ്ചാത്തലത്തിലാണ് പന്നൂന്‍ പരസ്യ പ്രസ്താവനയുമായി പുറത്തുവന്നത്. അതിനൊക്കെ സമാന്തരമായി അഴിമതിയുടെയും അനധികൃത പണമിടപാടുകളുടെയും പേരില്‍ മുഖ്യമന്ത്രി കേജ്രിവാള് ഭാരതീയ കുറ്റാന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്ക് വിധേയനാകൂകയും ചെയ്തു. കൂട്ടു പ്രതികളായ ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയും മറ്റും കസ്റ്റഡിയിലായശേഷം കേജ്രിവാളിന്റേതാണ് അടുത്ത ഊഴം എന്നത് വ്യക്തമായപ്പോളാണ് ഖാലിസ്ഥാന്‍ വാദിനേതാവ് പന്നൂന്‍ കൊടുത്ത കാശിന്റെ കണക്കു ചോദിക്കാന്‍ തുടങ്ങിയത്.
ഒരുപക്ഷേ, അത്തരം ഒരു സാഹചര്യത്തില്‍, ഖാലിസ്ഥാന്‍ പക്ഷത്തെ തണൂപ്പിക്കാന്‍ വേണ്ടിയായിരുന്നിരിക്കാം പാര്‍ട്ടിയുടെ രാജ്യസഭാ അംഗം രാഘവ് ഛദ്ദയെ ലണ്ടനിലേക്ക് പറഞ്ഞുവിട്ടത്. രാഘവ്, അവിടെ ചെന്ന് ഖാലിസ്ഥാന്‍ പക്ഷപാതിയായ ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ പ്രീത് കൗര്‍ ഗില്ലിനെ സന്ദര്‍ശിച്ചത് പൊതുസമൃഹത്തിന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. ലണ്ടനിലെയും ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും ഖാലിസ്ഥാനി കൂട്ടായ്മകളുടെ ഒരു വക്താവായിരുന്നു പ്രീത് കൗര്‍ ഗില്‍. കേജ്രിവാള് അറസ്റ്റിലാകുന്ന അനിവാര്യ സാഹചര്യത്തില്‍, ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് ആംആദ്മിയോടുണ്ടായ പരാതി, കൂടുതല്‍ ആളിക്കത്തിക്കാതെ തണുപ്പിച്ചെടുക്കുകയായിരുന്നോ കൂടിക്കാഴ്ചയുടെ അജണ്ട എന്നത് അന്വേഷിക്കേണ്ടതുണ്ട്. അതിലുപരിയായി ഇതുവരെ വാക്കു പറഞ്ഞതു പോലെ ഭീകരവാദികളെ സഹായിക്കാനാകാഞ്ഞതിനു കാരണം നരേന്ദ്ര മോദി കേന്ദ്രഭരണത്തിലായതുകൊണ്ട് അനങ്ങാന്‍ വയ്യാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണെന്ന ന്യായം ഖാലിസ്ഥാനികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനുള്ള ദൗത്യവും രാഘവ് ഛദ്ദയെ, കേജ്രിവാള് ഏല്‍പ്പിച്ചിട്ടുണ്ടാകണം.
ഏതായാലും അരവിന്ദ് കേജ്രിവാള് അന്വേഷണത്തിന് വിധേയമാകേണ്ടത് കേവലം ലിക്വര്ഗേറ്റ്, ജല്‍ ബോര്‍ഡ്, ശീശ്മഹള് അഴിമതികളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റങ്ങള്‍ക്ക് മാത്രല്ലെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജ്യതാത്പര്യങ്ങള്‍ ബലികഴിച്ച് ശത്രു പക്ഷത്തിന് സഹായം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം എത്രമാത്രം തരംതാഴ്ന്ന നിലവാരത്തിലേക്ക് വീണുപോയിട്ടുണ്ടെന്നതും ഗൗരവപൂര്‍വ്വമുള്ള അന്വേഷണത്തിന് വിധേയമാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: