ചെന്നൈ: കര്‍ണ്ണാടക സംഗീതത്തിന്റെ വേരുകള്‍ നില്‍ക്കുന്ന മണ്ണ് സനാതനധര്‍മ്മമാണ്. ആ സനാതനധര്‍മ്മത്തെ നിരന്തരം അപഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ടി.എം.കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം നല്‍കിയതിന് പിന്നില്‍ മോദി-വിരുദ്ധ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയരുന്നു. കാരണം ഹിന്ദു ദിനപത്രത്തിന്റെ ഡയറക്ടറായ എന്‍. മുരളിയാണ് ഇപ്പോള്‍ മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷന്‍. അതുകൊണ്ട് തന്നെ ടി.എം. കൃഷ്ണയ്‌ക്ക് സംഗീതകലാനിധി പുരസ്കാരം നല്‍കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ പങ്കും സംശയിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പ് കാലത്ത്, ഹിന്ദു മേല്‍ജാതിയ്‌ക്കെതിരെ പ്രചാരണം അഴിച്ചുവിടാനും തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് വേരോട്ടമില്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായുള്ള ഈ ദിനപത്രത്തിന്റെ ശ്രമമാണ് സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കിയതെന്ന് കരുതപ്പെടുന്നു. ഇത് സംബന്ധിച്ച് വിവാദമുണ്ടായ ഉടന്‍ ഡിഎംകെ എംപി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടി.എം. കൃഷ്ണയുടെ പിന്നില്‍ അണിനിരന്നതിലും ഇതിന് പിന്നിലെ രാഷ്‌ട്രീയ അജണ്ട വ്യക്തമാക്കുന്നു.
കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരാണ് രഞ്ജി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ അവാര്‍ഡ് നല്‍കുന്ന ഡിസംബര്‍ 25ന് മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതപരിപാടിയില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രവീണ വിദഗ്ധന്‍ രവികിരണ്‍ തനിക്ക് മുന്‍പ് മദ്രാസ് മ്യൂസിക് അക്കാദമി സമ്മാനിച്ചിരുന്ന പുരസ്കാരം തിരിച്ചുനല്‍കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇവര്‍ക്ക് വേണ്ടി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഇവരെല്ലാം ചോദിക്കുന്നത് സനാതനമൂല്യങ്ങളുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും നിഷേധിക്കുന്ന കൃഷ്ണയ്‌ക്ക് എങ്ങിനെയാണ് സനാതനധര്‍മ്മത്തില്‍ വേരുകളുള്ള കര്‍ണ്ണാടകശാസ്ത്രീയസംഗീതത്തിന്റെ സമുന്നതമായ പുരസ്കാരം നല്‍കാന്‍ കഴിയുക എന്നാണ്.
കാരണം ടി.എം. കൃഷ്ണ അയോധ്യക്ഷേത്രത്തെയും രാമന്‍ എന്ന സങ്കല്‍പത്തെയും എപ്പോഴും പുച്ഛിച്ചു സംസാരിക്കുന്ന ആളാണ്. ബ്രാഹ്മണരെ മുഴുവന്‍ കൊന്നുതള്ളണം എന്ന് പ്രഖ്യാപിച്ച പെരിയാറെ പുകഴ്‌ത്തിപ്പറയുന്ന ഒരാളാണ് ടി.എം. കൃഷ്ണ. വംശഹത്യ പ്രസംഗിക്കുന്ന പെരിയാറിനെ പിന്തുണയ്‌ക്കുന്ന കലാകാരന് എങ്ങിനെ സംഗീതകലാനിധി പുരസ്കാരം നല്‍കാന്‍ സാധിക്കും? അത് ഈ അവാര്‍ഡ് ആരുടെ പേരില്‍ സ്ഥാപിച്ചോ ആ വലിയ കലാകാരിയായ എം.എസ്. സുബ്ബലക്ഷ്മിയോടുള്ള അനാദരവായിരിക്കുമെന്നും ഇവര്‍ പറയുന്നു. മോദിയെയും ബിജെപിയെയും തമിഴകത്തു നിന്നും കെട്ടുകെട്ടിക്കാനുള്ള ഹിന്ദു ദിനപത്രത്തിന്റെ ഉടമകളില്‍ ചിലരുടെ ശ്രമം കൂടി ഈ വിവാദത്തിന് പിന്നിലുണ്ടെന്ന വിമര്‍ശനം ഈ വിവാദത്തോടൊപ്പം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക